'96ല്‍ നില്‍ക്കുമ്പോള്‍ നീ എന്തിനാ റിസ്‌ക് എടുത്തു?'; ചോദ്യവുമായി സൂര്യ, നായകന്റെ മനസ് നിറച്ച് സഞ്ജുവിന്റെ മറുപടി

ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ ടി20പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് സ്റ്റാറായത്. സാംസണ്‍ തന്റെ കന്നി ടി20 സെഞ്ച്വറി ഉയര്‍ത്തി, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ മൂന്നക്ക സ്‌കോറിലെത്തി. ഈ വലിയ നാഴികക്കല്ല് അപകടത്തിലാക്കി വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍നിന്നും താരം കളിയുടെ ഒരു സമയത്തും പിന്നോട്ടുപോയില്ല എന്നത് ശ്രദ്ധേയമാണ്.

സെഞ്ച്വറിയോട് അടുത്തപ്പോഴും താരം ബാറ്റംഗിന്റെ വേഗത കുറയ്ക്കുന്നതില്‍ വിശ്വസിച്ചില്ല. 90-കളില്‍ ബാറ്റ് ചെയ്യുമ്പോഴും താരം വലിയ ഷോട്ടുകള്‍ അഴിച്ചുവിട്ടു.
90ല്‍ നില്‍ക്കുമ്പോള്‍ പോലും കൂറ്റന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്നതിന് പിന്നില്‍ എന്താണെന്നാണ് മത്സര ശേഷം സഞ്ജുവിനോട് നായകന്‍ സൂര്യകുമാര്‍ യാദവിന് ചോദിക്കാനുണ്ടായിരുന്നത്.

ആക്രമിച്ച് കളിക്കുക എന്നതായിരുന്നു ടീം മാനേജ്‌മെന്റിന്റെ സന്ദേശം. ക്യാപ്റ്റനും കോച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത് അതാണ്. എന്റെ ശൈലിക്ക് ചേര്‍ന്ന നയമാണ് ഇത്. എന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. അതുകൊണ്ടാണ് ഞാന്‍ സ്‌കോറിംഗിന്റെ വേഗം കുറയ്ക്കാതെ മുന്‍പോട്ട് പോയത്.

96ല്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സൂര്യയോട് പറഞ്ഞത് ബിഗ് ഹിറ്റിന് ശ്രമിക്കും എന്നാണ്. എന്നാല്‍ ഈ സമയം പതിയെ പോവാനാണ് സൂര്യ എന്നോട് പറഞ്ഞത്. കാരണം ഈ സെഞ്ചറി ഞാന്‍ അര്‍ഹിച്ചിരുന്നതായാണ് ക്രീസില്‍ വെച്ച് ക്യാപ്റ്റന്‍ പറഞ്ഞത്. ക്യാപ്റ്റനില്‍ നിന്നും കോച്ചില്‍ നിന്നും കാര്യങ്ങളുടെ വ്യക്തത ലഭിച്ചത് എന്നെ ഏറെ സന്തോഷിപ്പിച്ചു- സഞ്ജു പറഞ്ഞു.