'ചിലപ്പോള്‍ ഹാര്‍ദിക്,  അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദര്‍': വലിയ വെളിപ്പെടുത്തലുമായി സൂര്യകുമാര്‍, പുതിയ അടവ്!

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഇന്ത്യയുടെ യുവ മധ്യനിരയുടെ ഓള്‍റൗണ്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിതീഷ് റെഡ്ഡി ബാറ്റിലും പന്തിലും തിളങ്ങി, റിങ്കു സിംഗ് ഇന്ത്യയെ സമ്മര്‍ദത്തില്‍ നിന്ന് കരകയറ്റി, കൂടാതെ റിയാന്‍ പരാഗും ബാറ്റുകൊണ്ടും പന്ത് കൊണ്ടും തന്റെ വേഷം ഭംഗിയാക്കി. ഈ മൂവരുടെയും പ്രകടനങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഒരു ഓവര്‍ പോലും എറിയേണ്ട സാഹചര്യം സൃഷ്ടിച്ചില്ല. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇതില്‍ യുവനിരയെ പ്രശംസിച്ചു.

എന്റെ മധ്യനിര സമ്മര്‍ദത്തിന്‍ കീഴില്‍ ബാറ്റ് ചെയ്യാനും മികച്ച പ്രകടനം പുറത്തെടുക്കാനും ഞാന്‍ ആഗ്രഹിച്ചു. റിങ്കുവും നിതീഷും കളിച്ച രീതിയില്‍ ഞാന്‍ ശരിക്കും സന്തുഷ്ടനാണ്. ഞാന്‍ ആഗ്രഹിച്ചതുപോലെ അവര്‍ ബാറ്റ് ചെയ്തു- സൂര്യകുമാര്‍ പറഞ്ഞു.

41/3 എന്ന നിലയില്‍ ടീം സമ്മര്‍ദത്തിലായതോടെ നിതീഷ് റെഡ്ഡിയും റിങ്കു സിംഗും പ്രത്യാക്രമണം തുടങ്ങി. ഇരുവരും ചേര്‍ന്ന് 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റെഡ്ഡി 34 പന്തില്‍ 74 റണ്‍സും റിങ്കു 29 പന്തില്‍ 53 റണ്‍സും നേടി.

പിന്നീട്, റെഡ്ഡി ബോളിംഗ് ആക്രമം തുറന്ന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു ടി20യില്‍ 70 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും രണ്ട് വിക്കറ്റ് നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ താരം. റെഡ്ഡിയ്ക്കൊപ്പം അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാതിരുന്നിട്ടും ഇന്ത്യ ഏഴ് ബോളര്‍മാരെ ഉപയോഗിച്ചു. ശ്രദ്ധേയമായി, ഏഴ് ബോളര്‍മാരും ഒരു വിക്കറ്റെങ്കിലും വീഴ്ത്തി.

വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്ത ബോളര്‍മാര്‍ക്ക് എന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ ഹാര്‍ദിക് ബോള്‍ ചെയ്യില്ല, ചിലപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ബോള്‍ ചെയ്യില്ല. ബോളര്‍മാര്‍ മുന്നേറിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read more