ടി20 ലോകകപ്പ് 2024: ഫൈനല്‍ ജേതാക്കളെ പ്രവചിച്ച് ഇംഗ്ലണ്ട് താരം

2024 ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനല്‍ പോരില്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമെന്ന് പറഞ്ഞതാരം നിലവില്‍ ഫോമിലല്ലാത്ത വിരാട് കോഹ്ലി 100 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും പറഞ്ഞു.

ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട വിരാട് കോഹ്‌ലി തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനല്‍ മത്സരത്തിലേക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് രോഹിത് ശര്‍മ്മയും പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തില്‍ 9 പന്തില്‍ 9 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോഹ്ലിയുടെ ഫോം ആശങ്കാജനകമല്ല. അവന്‍ ഒരു ചാമ്പ്യന്‍ ക്രിക്കറ്റ് താരമാണ്. ഏറ്റവും മികച്ച പ്രകടനം അവന്‍ ഫൈനലിലേക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു- രോഹിത് ശര്‍മ്മ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതുവരെ 7 മത്സരങ്ങളില്‍ നിന്ന്, 11-ല്‍ താഴെ ശരാശരിയിലും 100 സ്‌ട്രൈക്ക് റേറ്റിലും 75 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയിട്ടുള്ളത്. രണ്ട് ഡക്കുകളും താരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടിയുള്ള താരത്തിന്റെ ഏറ്റവും മോശം പ്രകടനമായി ഇത് ഓര്‍മിക്കപ്പെട്ടും.

ഗ്ലോബല്‍ ടൂര്‍ണമെന്റില്‍ ഓപ്പണറായി കളിക്കാനുള്ള പുതിയ ഉത്തരവാദിത്തം 35-കാരന് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഗംഭീരമായൊന്നും ചെയ്തില്ല. എന്നിരുന്നാലും താരത്തെ മാറ്റി യശ്വസി ജയ്സ്വാളിനെ ഇന്ത്യ പരീക്ഷിച്ചതുമില്ല. ഫൈനലിലെങ്കിലും താരത്തിന്റെ മാസ് പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും.