ടി20 ലോകകപ്പ് 2024: 'കടുവ ആക്രമണം', ശ്രീലങ്ക ടൂര്‍ണമെന്റിന് പുറത്തേയ്ക്ക്

ശ്രീലങ്ക ടി20 ലോകകപ്പില്‍നിന്ന് പുറത്താകലിന്റെ വക്കില്‍. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോടും തോല്‍വി ഏറ്റുവാങ്ങി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് ആറ് പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് തുടക്കത്തില്‍ പതറിയെങ്കിലും ലിറ്റണ്‍ ദാസും തൗഹീദ് ഹൃദോയിയും കൂടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തൗഹീദ് ഹൃദോയി 20 ബോളില്‍ 40 റണ്‍സും ലിറ്റണ്‍ ദാസ് 38 ബോളില്‍ 36 റണ്‍സും നേടി.

ഇരുവരും പുറത്തായതിന് പിന്നാലെ മത്സരം പിന്നെയും ടൈറ്റായി. 18ആം ഓവറില്‍ തുഷാര റിഷാദ് ഹൊസൈനെയും ടസ്‌കിന്‍ അഹമ്മദിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ ശ്രീലങ്ക ജയം മണത്തു.

അവസാന 12 പന്തില്‍ 11 റണ്‍സായിരുന്നു അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ആം ഓവറിന്റെ ആദ്യ പന്തില്‍ മഹ്‌മൂദുള്ള ശനകയെ സിക്‌സ് പറത്തി. ഈ ഓവറില്‍ തന്നെ അവര്‍ കളിയും പൂര്‍ത്തിയാക്കി. മഹ്‌മൂദുള്ള 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി നുവാന്‍ തുഷാര നാല് വിക്കറ്റ് വീഴ്ത്തി. ഹസരങ്ക രണ്ടും മതീഷ പതിരാന, ധനന്‍ജയ സില്‍വ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ശ്രീലങ്കന്‍ നിരയില്‍ 47 റണ്‍സ് എടുത്ത പതും നിസങ്ക മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ധനന്‍ജയ സില്‍വ 21 റണ്‍സെടുത്തു. മുസ്തഫിസുറും റിഷാദ് ഹൊസൈനും ബംഗ്ലാദേശിനായി 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം പരാജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്ക ഏറ്റവും പിന്നിലാണ്.