മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ഒരു മത്സരത്തിലെ വിലക്കിന് ശേഷം മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ വിലക്ക് കിട്ടിയതിന് ശേഷം 31 കാരനായ പാണ്ഡ്യ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ തിരിച്ചുവരവ് മാസ് ആകാൻ ഹാർദിക്കിനും തോൽവി ഒഴിവാക്കാൻ മുംബൈക്കും സാധിച്ചില്ല. ഇന്നലെ ഗുജറാത്ത് ഉയർത്തിയ 197 എന്ന വിജയലക്ഷ്യം പിന്തുടർന്ന് 36 റൺസിന് മുംബൈ പരാജയപ്പെട്ടു.
പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ച വരുത്തിയതു മാത്രമല്ല, പവർപ്ലേയിലെ മോശം ബൗളിംഗും മുംബൈയുടെ തോൽവിയുടെ കാരണമായി. സായ് സുദർശൻ, ശുഭ്മാൻ ഗിൽ എന്നിവരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ബൗളർമാർ പരാജയപ്പെട്ടു. 2025 ലെ ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം തവണയും സായ് സുദർശൻ അർദ്ധശതകം നേടി. ചുരുക്കത്തിൽ, ഗുജറാത്തിന് മുംബൈ ആയിട്ട് തന്നെ കുറെ സഹായങ്ങൾ ചെയ്തു.
എന്തായാലും മുംബൈയുടെ പ്രശ്നങ്ങളെക്കുറിച്ച് ഹാർദിക് പാണ്ഡ്യയും സംസാരിച്ചു “ബാറ്റിംഗിലും ബൗളിംഗിലും എല്ലാം ഞങ്ങൾക്ക് പിഴച്ചു. അവരെ ചെറിയ സ്‌കോറിൽ ഒതുക്കാമായിരുന്നു. ഞങ്ങൾ അടിസ്ഥാന പിഴവുകൾ വരുത്തി, അത് ഞങ്ങൾക്ക് 20-25 റൺസ് നഷ്ടപ്പെടുത്തി, ഒരു ടി20 മത്സരത്തിൽ അത് വളരെ വലുതാണ്,” മത്സരശേഷം നിരാശനായ ഒരു നായകൻ പറഞ്ഞു.
ആരെയും പ്രത്യേകിച്ച് കുറ്റപ്പെടുത്താതെ, കളിക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഹാർദിക് വ്യക്തമായി പറഞ്ഞു. “അവർ (ജിടി ഓപ്പണർമാർ) മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അവർ വളരെ കൂളായി കളിച്ചു, അവർ അധികം അവസരങ്ങൾ തന്നില്ല. അവർ ശരിയായ കാര്യങ്ങൾ ചെയ്തു, അപകടകരമായ നിരവധി ഷോട്ടുകൾ കളിക്കാതെ തന്നെ അവർക്ക് റൺസ് നേടാൻ കഴിഞ്ഞു.”
“ഏതായാലും ഇപ്പോൾ നാമെല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. സീസൺ തുടങ്ങിയതേ ഉള്ളു. കൂടുതൽ ഉത്തരവാദിത്വം കാണിക്കാൻ ബാറ്റർമാർ തയാറാകണം. അപ്പോൾ മത്സരം എളുപ്പത്തിൽ ജയിക്കാൻ സാധിക്കും.” അദ്ദേഹം പറഞ്ഞു.