IPL 2025: പന്ത് പറഞ്ഞതിനോട് യോജിപ്പില്ല, ലക്നൗ നായകനെ എതിർത്ത് സഹപരിശീലകൻ; പറഞ്ഞ വാക്കുകൾ ഇങ്ങനെ

ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ ലക്നൗ നായകൻ പറഞ്ഞ വാക്കുകൾക്ക് എതിരെ ആഞ്ഞടിച്ച് ടീമിന്റെ സഹപരിശീലകൻ ലാൻസ് ക്ലൂസ്‌നർ. സീസണിലെ ആദ്യ മത്സരത്തിൽ എൽഎസ്ജി, ഡിസിയോട് ഒരു വിക്കറ്റിന് പരാജയപ്പെടുക ആയിരുന്നു. അശുതോഷ് ശർമ്മ 31 പന്തിൽ 66 റൺസ് നേടിയപ്പോൾ അവസാന ഓവറിലെ വമ്പനടികൾക്ക് ഒടുവിൽ ടീമിന് സ്വന്തമാക്കുക ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ 209 റൺസ് നേടിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. പക്ഷേ കളിയുടെ ഒരു ഘട്ടത്തിൽ ടീം റെക്കോഡ് സ്കോർ നേടുമെന്നാണ് ആരാധകർ കരുതിയത്. മിച്ചൽ മാർഷിന്റെയും നിക്കോളാസ് പൂരന്റെയും അവിശ്വസനീയമായ കൂട്ടുകെട്ടിനുശേഷം എൽ‌എസ്‌ജി 11.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തതായിരുന്നു. പക്ഷേ ഇന്നിംഗ്‌സിന്റെ അവസാന ഭാഗത്ത് അവർ ദയനീയമായി തകരുക ആയിരുന്നു. ഋഷഭ് പന്തിന്റെ അടക്കമുള്ളവരുടെ ദയനീയ ബാറ്റിംഗ് ആണ് ടീമിന് തിരിച്ചടിയായത്.

മത്സരശേഷം ഋഷഭ് പന്ത് പറഞ്ഞത് ഇങ്ങനെയാണ് :

“ഞങ്ങളുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാർ വളരെ നന്നായി കളിച്ചു, ഈ വിക്കറ്റിൽ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാൻ കരുതുന്നു,” പന്ത് പറഞ്ഞു.

എന്തായാലും ക്ലൂസ്നർ, പന്ത് പറഞ്ഞതിന് നേരെ വിപരീത അഭിപ്രായമാണ് പറഞ്ഞത്. ബാറ്റിംഗിൽ എൽഎസ്ജിക്ക് 20 അല്ലെങ്കിൽ 30 റൺസ് കുറവായിരുന്നുവെന്നും ഇത് അവരുടെ ബൗളിംഗിൽ സമ്മർദ്ദം വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് ഒരു വിരൽ ചൂണ്ടേണ്ടിവന്നാൽ, ഞങ്ങൾ 20 അല്ലെങ്കിൽ 30 റൺസ് കൂടി നേടണമായിരുന്നു എന്ന് ഞാൻ പറയുന്നു. റൺസ് കുറവായതിനാൽ തന്നെയാണ് പന്തെറിയാൻ വന്നപ്പോൾ ഞങ്ങൾക്ക് സമ്മർദ്ദം നേരിടേണ്ടി വന്നത്,” ക്ലൂസ്നർ പറഞ്ഞു.

“ബാറ്റിംഗിൽ അവർ [ഡിസി] മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ഞങ്ങൾ ആ സ്ഥാനത്ത് എത്താൻ കാരണം ഞങ്ങൾക്ക് വേണ്ടത്ര റൺസ് നേടാനാകാത്തതുകൊണ്ടാണ്. അത് ഞങ്ങൾക്ക് ലഭിക്കേണ്ടതായിരുന്നു. ബൗളർമാർക്ക് കുഴപ്പമില്ലാതെ കാര്യങ്ങൾ ചെയ്യാൻ പറ്റിയ പിച്ചായിരുന്നു. അതിനാൽ തന്നെ സ്പിന്നര്മാര് മികവ് കാണിച്ചു”

” ബോളിംഗുമായി താരതമ്യം ചെയ്താൽ ബാറ്റിംഗ് ആണ് ഞങ്ങളുടെ മികച്ചത്. അതിനാൽ അവിടെ ഇനിയും ഞങ്ങൾ മെച്ചപ്പെടണം. എന്തായാലും അടുത്ത മത്സരം ഉടൻ വരാനിരിക്കെ എല്ലാം ശരിയാകുമെന്ന് കരുതുന്നു ”

മാർച്ച് 27 വ്യാഴാഴ്ച ലഖ്‌നൗ തങ്ങളുടെ അടുത്ത മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുക.

Read more