കളി ആവേശകരമാക്കാന്‍ ഐ.സി.സി കുട്ടിക്രിക്കറ്റില്‍ മാറ്റം വരുത്തുന്നു; ട്വന്റി20 യിലെ പുതിയ നിയമങ്ങള്‍ ഇങ്ങനെ

ക്രിക്കറ്റിലെ ഏറ്റവും പുതിയ അദ്ധ്യായമായ ട്വന്റി20 മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ കളിനിയമങ്ങള്‍ അന്താരാഷട്ര ക്രിക്കറ്റ് സമിതി കൊണ്ടുവരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ബിഗ്ബാഷ് ലീഗും പോലെ ട്വന്റി20 മത്സരങ്ങളില്‍ പണക്കിലുക്കം ഏറിയതോടെ മത്സരം കൂടുതല്‍ ആവേശകരമാക്കുകയാണ് ലക്ഷ്യമിടുന്നത്. സ്‌ളോ ഓവര്‍ റേറ്റും ഡ്രിംഗ്‌സ് ബ്രേക്കും അടക്കമുള്ള പുതിയ സംവിധാനങ്ങളാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

സളോഓവര്‍ റേറ്റ് വന്നാല്‍ ബോള്‍ ചെയ്യുന്ന ടീമിന്റെ ബാക്കി അവശേഷിക്കുന്ന ഓവറുകളില്‍ 30 വാര സര്‍ക്കിളിന് പുറത്ത് ഒരു കളിക്കാരനെ കൂടി നഷ്ടമാകുമെന്നതാണ് പരിഷ്‌കരിച്ച ആദ്യ തീരുമാനം. രണ്ടാമത്തേത് ഡ്രിംഗ്‌സ് ഇന്റര്‍വെല്‍ എടുക്കണോ വേണ്ടയോ എന്ന് ടീമിന് തീരുമാനിക്കാമെന്നതാണ്. ഈ മാസം ആദ്യം മുതല്‍ പുതിയ നിയമം നടപ്പാകും. നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ആദ്യത്തെ പന്ത് എറിയുകയും അവസാനത്തെ പന്ത് കഴിയുകയും വേണമെന്നാണ് ഐസിസിയുടെ 2.22 ാം നിയമത്തില്‍ പറയുന്നത്. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ഇക്കാര്യം പാലിക്കണമെന്നും ഇതില്‍ പറഞ്ഞിട്ടുണ്ട്.

Read more

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളുടെയും സജീവത നിലനിര്‍ത്തുക ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നത്. സാധാരണഗതിയില്‍ രണ്ടു മിനിറ്റും 30 സെക്കന്റുകളുമാണ് ഡ്രിംഗ്‌സ് ബ്രേക്കായി നല്‍കുന്നത്. ഇത് ടീമുകള്‍ക്ക് തീരുമാനിക്കാനാകും. ജനുവരി 16 ന് ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ്- അയര്‍ലന്‍ഡ് മത്സരത്തിലാകും പുതിയ നിയമങ്ങള്‍ ആദ്യം പരീക്ഷിക്കുക.. ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ ജനുവരി 18 ന് നടക്കുന്ന ട്വന്റി20 മത്സരത്തിലാകും സ്ത്രീകളുടെ മത്സരത്തില്‍ പരീക്ഷിക്കുക.