രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിനെ തകർക്കാൻ യുവ ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ എങ്ങനെ സഹായിച്ചുവെന്ന് ന്യൂസിലൻഡ് ഓൾറൗണ്ടർ മിച്ചൽ സാൻ്റ്നർ വെളിപ്പെടുത്തി. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നിർണായക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. കളിയുടെ ആദ്യ രണ്ട് ദിവസങ്ങളിലും കിവീസ് ആണ് ആധിപത്യം പുലർത്തിയത്.
പൂനെ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ സാൻ്റ്നർ ഇന്ത്യൻ ടീമിന് പേടിസ്വപ്നമായി മാറി. അസാധാരണമായ ലൈനിലും ലെങ്ങ്തിലും അദ്ദേഹം പന്തെറിഞ്ഞു, മാത്രമല്ല ബാറ്റർമാരെ സെറ്റിൽ ചെയ്യാൻ താരം അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ 45.3 ഓവറിൽ 156 റൺസിന് പുറത്താക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്.
ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ എന്നിവരെ പുറത്താക്കിയ മിച്ചൽ സാൻ്റ്‌നർ 53 റൺ വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി തിളങ്ങി. മിച്ചൽ സാൻ്റ്നറുടെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ബൗളിംഗിനെക്കുറിച്ച് സംസാരിക്കുമ്പോൾ തങ്ങളുടെ ഇന്നിംഗ്‌സിൽ 7 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറിനെ പോലെ പന്തെറിഞ്ഞത് സഹായിച്ചു എന്ന് പറഞ്ഞു.
“വാഷിംഗ്‌ടൺ പണത്തറിഞ്ഞ രീതിയിലാണ് ഞാനും പന്തെറിഞ്ഞത്. അത് എന്നെ സഹായിച്ചു. പിച്ച് നിലവിൽ സ്പിന്നിനെ പിന്തുണക്കുന്നുണ്ട്. അത് തുടരും എന്ന് ഉറപ്പാണ്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. അവരും മികച്ച ടീം ആണ്.” സാന്റ്നർ പറഞ്ഞു.
12 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിച്ച് ഒരു പരമ്പര വിജയം സ്വന്തമാക്കുന്ന ടീം ആയി മാറുന്ന ലക്ഷ്യത്തിന്റെ വക്കിലാണ് കിവീസ് ഇപ്പോൾ.
View this post on Instagram