പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്ന് കൊണ്ടുവരുന്ന ഇനം, ക്രിക്കറ്റിലെ ബാലരാമന്‍!

ദുബായിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ പതിനാറാമത്തെ ഓവറാണ്. നീലപ്പടയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍ പായിച്ച ഒരു ഷോട്ട് പാക്കിസ്ഥാന്‍ താരമായ അബ്‌റാര്‍ അഹമ്മദിന്റെ കരങ്ങളില്‍ എത്തിച്ചേര്‍ന്നു. ആ ലെഗ്‌സ്പിന്നര്‍ പെട്ടന്ന് അഗ്രസീവ് ആയി!

അഹമ്മദ് അല്‍പ്പം ഈര്‍ഷ്യയോടെ പന്ത് വിക്കറ്റ് കീപ്പര്‍ക്കു നേരെ എറിഞ്ഞു. ഇന്ത്യന്‍ ബാറ്ററുടെ തലയ്ക്കുമുകളിലൂടെയാണ് ആ ത്രോ സഞ്ചരിച്ചത്! അയാളോട് അഹമ്മദ് ചിലതെല്ലാം പറയുകയും ചെയ്തു! പക്ഷേ തികഞ്ഞ നിശബ്ദതയായിരുന്നു മറുപടി. കുറച്ച് മിനിറ്റുകള്‍ കൂടി കടന്നുപോയി. ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്ന ശുഭ്മാന്‍ ഗില്‍ സ്‌ട്രൈക്കിലെത്തി. പക്ഷേ അഹമ്മദിന്റെ ഡെലിവെറി ‘മിഡില്‍ & ലെഗ് ‘ ലൈനില്‍ പിച്ച് ചെയ്ത് ഗില്ലിന്റെ ഓഫ്സ്റ്റംമ്പിന്റെ സ്ഥാനം തെറ്റിച്ചു!

വിശ്വസിക്കാനാവാതെ ഗില്‍ കുറച്ചുനേരത്തേയ്ക്ക് തരിച്ചുനിന്നു. അഹമ്മദ് ഗില്ലിനുനേരെ കണ്ണുകള്‍ കൊണ്ട് ആംഖ്യം കാണിച്ചു- ”വേഗം തന്നെ മൈതാനം വിട്ട് പോകൂ…” മറ്റേയറ്റത്ത് നിന്നിരുന്ന ഇന്ത്യന്‍ ബാറ്ററിലേയ്ക്ക് കാണികള്‍ ഉറ്റുനോക്കി. അയാളില്‍നിന്ന് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല. പലരും അത്ഭുതപ്പെട്ടു! കാരണം അയാളുടെ പേര് വിരാട് കോഹ്ലി എന്നായിരുന്നു.

അഗ്രഷന്‍ ഇല്ലാത്ത വിരാടോ!? നമുക്ക് അത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ‘ഗോഡ്ഫാദര്‍’ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മുകേഷ് അവതരിപ്പിച്ച രാമഭദ്രന്‍ എന്ന കഥാപാത്രത്തെ അപായപ്പെടുത്താന്‍ ആനപ്പാറയില്‍ നിന്ന് ആരെങ്കിലും വന്നാല്‍ എന്തുചെയ്യണം എന്ന് ചേട്ടനായ ബാലരാമന്‍(തിലകന്‍) വിശദീകരിക്കുകയാണ്- ”അവന്‍മാര്‍ ആരെങ്കിലും ചോദിക്കാന്‍ വന്നാല്‍ ഒന്നും നോക്കണ്ട. കുത്തി കൊടല് പുറത്തിട്ടേര്…! ബാക്കി നമുക്ക് നോക്കാടാ…”

പ്രതാപകാലത്തെ വിരാട് ബാലരാമനെപ്പോലെയായിരുന്നു. പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്ന് കൊണ്ടുവരുന്ന ഇനം! ആ വിരാടിനെയാണ് ദുബായില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. മൊഹമ്മദ് റിസ്വാനും സംഘവും ഗില്ലിന്റെ വിക്കറ്റിനെ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ പിച്ചില്‍ 241 എന്നത് മോശമല്ലാത്ത ടോട്ടലായിരുന്നു. അങ്ങോട്ട് എത്താന്‍ ഇന്ത്യയ്ക്ക് 141 റണ്ണുകള്‍ കൂടി ആവശ്യമുണ്ടായിരുന്നു.

ഒരു ബൗണ്ടറി പോലും ഇല്ലാതെ 45 പന്തുകള്‍ ഇന്ത്യ നേരിട്ടുകഴിഞ്ഞ ഘട്ടം. ഹാരിസ് റൗഫ് പന്തുമായി ഓടിവന്നു. 143 KPH വേഗത! വിരാട് പുള്‍ ചെയ്യുന്നു ഡീപ് ഫൈന്‍ലെഗ്ഗിന് തൊടാനാവാതെ പന്ത് ബൗണ്ടറിയില്‍! ഷോട്ട് കളിച്ചതിനുശേഷം വിരാട് ബോളറെ തുറിച്ചുനോക്കി! അതോടെ ഒരു കാര്യം ഉറപ്പായി. വിരാടിന്റെ ആക്രമണോത്സുകത ഇന്നും അയാളെ കൈവെടിഞ്ഞിട്ടില്ല അയാള്‍ പോരിന് സര്‍വ്വസജ്ജനാണ്!

പിന്നീട് കണ്ടത് ആ പഴയ വിരാടിനെയായിരുന്നു! നസീം ഷായെ കവറിനുമുകളിലൂടെ പറത്തി അര്‍ദ്ധസെഞ്ച്വറി കടന്നു. പുതിയൊരു സ്‌പെല്ലിനെത്തിയ ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ബോളറെ അണ്‍സെറ്റില്‍ ചെയ്തു വിന്റേജ് വിരാട് ശൈലികള്‍.

പാക്കിസ്ഥാനി കമന്റേറ്ററായ ബാസിദ് ഖാന്‍ അഭിപ്രായപ്പെട്ടു- ”ഇന്ത്യയ്ക്ക് ഈ മത്സരം തോല്‍ക്കാനാവില്ല. അവര്‍ പരാജയപ്പെട്ടാല്‍ അത് പാക്കിസ്ഥാന്റെ കഴിവായിരിക്കില്ല ; ഇന്ത്യയുടെ കഴിവുകേടായിരിക്കും…”
ബാസിദ് ഈ വാക്കുകള്‍ ഉരുവിടുമ്പോള്‍ ഇന്ത്യ 84 റണ്ണുകള്‍ക്ക് പിന്നിലായിരുന്നു. പക്ഷേ കളി കൈവിട്ടുപോയി എന്ന് പാക്കിസ്ഥാനികള്‍ക്ക് തീര്‍ച്ചയായിരുന്നു! അതായിരുന്നു വിരാടിന്റെ സമഗ്രാധിപത്യം.

സുന്ദരമായ കുറേ ബൗണ്ടറികള്‍ വിരാട് നേടി. 14000 ഏകദിന റണ്‍സ് എന്ന മോഹിപ്പിക്കുന്ന നാഴികക്കല്ലിലേയ്ക്ക് കൈപിടിച്ചു നടത്തിയ കവര്‍ഡ്രൈവ് ഉള്‍പ്പടെ. പക്ഷേ എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് ഒരു സിംഗിളാണ്. വിരാട് പോയന്റിലേയ്ക്ക് ഒരു ഷോട്ട് കളിച്ചു. ഇമാം ഉല്‍ ഹഖ് പന്ത് പെട്ടന്ന് കൈപ്പിടിയില്‍ ഒതുക്കി. വിരാട് റണ്‍-ഔട്ട് ആകുമോ എന്ന് ഭയന്നുപോയ നിമിഷം! റണ്‍ പൂര്‍ത്തിയാക്കാന്‍ വിരാടിന് ഡൈവ് ചെയ്യേണ്ടിവന്നു.

ചെളി പുരണ്ട ജഴ്‌സിയുമായി വിരാട് എണീറ്റപ്പോഴേയ്ക്കും റീപ്ലേ ദൃശ്യമായി. വിരാട് പരിപൂര്‍ണ്ണമായും സേഫ് ആയിരുന്നു! റണ്‍ ഔട്ട് എന്ന സാദ്ധ്യതയേ ഉണ്ടായിരുന്നില്ല. ഈ പ്രായത്തിലും ഇങ്ങനെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്ന വിരാട് എങ്ങനെ തോറ്റുപോകാനാണ്? 140 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള പന്തുകള്‍ക്കെതിരെ വിരാടിന് 87 റണ്‍സിന്റെ ബാറ്റിങ്ങ് ശരാശരിയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. അയാളെ പേസ് കൊണ്ട് വിറപ്പിക്കാന്‍ പാക്കിസ്ഥാനികള്‍ക്ക് സാധിക്കുമോ!?

പാക്കിസ്ഥാന്റെ ആദ്യത്തെ മഹാനായ ലെഗ്‌സ്പിന്നര്‍ അബ്ദുല്‍ ഖാദിര്‍ ആണെന്ന് തോന്നുന്നു. ഖാദിറിനുശേഷം പാക്കിസ്ഥാനില്‍ ഉദയം ചെയ്ത എല്ലാ ലെഗ്‌സ്പിന്നര്‍മാരിലും ഖാദിറിന്റെ സ്വാധീനം കാണാമായിരുന്നു. അങ്ങനെയുള്ള ഖാദിറിനെ തുടര്‍ച്ചയായ സിക്‌സറുകള്‍ക്ക് പറത്തിക്കൊണ്ട് ഹരിശ്രീ കുറിച്ച ഒരു താരം നമുക്കുണ്ടായിരുന്നു. പേര് സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍! സച്ചിന്റെ പിന്‍ഗാമി എന്ന നിലയിലാണ് നാം വിരാടിനെ സ്‌നേഹിക്കുന്നത്. ആ വിരാടിനെ തടഞ്ഞുനിര്‍ത്താന്‍ ഒരു അബ്‌റാര്‍ അഹമ്മദ് മതിയാവില്ല! ഒരു വടക്കന്‍ വീരഗാഥയിലെ ഡയലോഗ് കടമെടുത്ത് പറയാം- ”വിരാടിനെ തോല്‍പ്പിക്കാന്‍ അഹമ്മദിനാവില്ല. അങ്കബലം കൊണ്ടും ആയുധബലം കൊണ്ടും വിരാടിനെ ജയിക്കാന്‍ ഈ ഭൂമിയില്‍ ആരുംതന്നെയില്ല…”