'ഭാഗ്യം' എന്ന വിശേഷണത്തില്‍ ഒതുക്കിനിര്‍ത്താവുന്ന സംഗതിയല്ല ഇത്, സല്‍മാന്റെ ധീരതയാണ് കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേയ്ക്ക് കൈപിടിച്ചുകയറ്റിയത്

”സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റ് കേരളത്തിന് ഭാഗ്യം കൊണ്ടുവന്നു” എന്ന തലക്കെട്ട് പലയിടത്തും കണ്ടു. സത്യത്തില്‍ ‘ഭാഗ്യം’ എന്ന വിശേഷണത്തില്‍ ഒതുക്കിനിര്‍ത്താവുന്ന സംഗതിയല്ല അത്. സല്‍മാന്റെ ധീരത കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേയ്ക്ക് കൈപിടിച്ചുകയറ്റി എന്ന് തന്നെ പറയണം.

ഗുജറാത്ത് ടീമിന്റെ അവസാന ബാറ്റര്‍ സര്‍വ്വശക്തിയും ഉപയോഗിച്ചിട്ടാണ് ക്രിക്കറ്റ് പന്തിനെ പ്രഹരിച്ചത്. ഷോര്‍ട്ട് ലെഗ് പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്റെ ഹെല്‍മറ്റില്‍ കൊണ്ട് ബോള്‍ ബൗണ്‍സ് ചെയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അനായാസമായ ഒരു ക്യാച്ച് പൂര്‍ത്തിയാക്കുകയും കേരളം 2 റണ്‍സിന്റെ വിലപ്പെട്ട ലീഡ് കരസ്ഥമാക്കുകയും ചെയ്തു. അതിന്റെ ബലത്തിലാണ് കേരളം കലാശപ്പോരിലേയ്ക്ക് മാര്‍ച്ച് ചെയ്തത്.

മുന്‍ ഇന്ത്യന്‍ താരമായ ഹേമങ്ങ് ബദാനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്- ”ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് മാത്യു ഹെയ്ഡനെപ്പോലുള്ള എതിരാളികള്‍ എന്നെ ഭയപ്പെടുത്തുമായിരുന്നു. എന്റെ ദേഹത്ത് പന്തടിച്ച് കൊള്ളിക്കുമെന്ന് ഹെയ്ഡന്‍ പലപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു. അതുകൊണ്ട് ആ പൊസിഷനിലെ ഫീല്‍ഡിങ്ങ് ഞാന്‍ ഒട്ടും ആസ്വദിച്ചിരുന്നില്ല…”

സീനിയര്‍ താരങ്ങള്‍ സാധാരണ ഗതിയില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യാറില്ല. അപകടം പിടിച്ച ആ പൊസിഷനിലേയ്ക്ക് ജൂനിയര്‍ കളിക്കാരെ നിയോഗിക്കുന്ന കാഴ്ച്ചയാണ് മിക്കപ്പോഴും കണ്ടിട്ടുള്ളത്.
പരിക്ക് സംഭവിക്കാതെ നോക്കുക എന്ന കാര്യത്തിന് ക്ലോസ്-ഇന്‍-ഫീല്‍ഡര്‍മാര്‍ എപ്പോഴും മുന്‍ഗണന നല്‍കാറുണ്ട്. എതിരാളി ബാറ്റ് ഉയര്‍ത്തുമ്പോഴേയ്ക്കും ജീവനും കൊണ്ട് ഒഴിഞ്ഞുമാറുന്ന എത്രയെത്ര ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍മാരെ കണ്ടിരിക്കുന്നു! അതില്‍ അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല.
സല്‍മാന്‍ നിസാറിന്റെ വിഡിയോ ഞാന്‍ പലതവണ കണ്ടുനോക്കി. ഒഴിഞ്ഞുമാറുക എന്നതിന്റെ സൂചന പോലും അയാള്‍ പ്രകടിപ്പിക്കുന്നില്ല! പന്ത് ശക്തിയായി ഹെല്‍മറ്റില്‍ ഇടിച്ചപ്പോള്‍ മാത്രമാണ് അയാള്‍ വീണുപോയത്.

ആവര്‍ത്തിക്കട്ടെ,സല്‍മാന്റെ ധീരതയാണ് കേരളത്തെ തുണച്ചത്. കെ.എല്‍ രാഹുല്‍ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി- ”ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍ ഒരു സൈനികനെപ്പോലെയാണ്. നമ്മള്‍ ഒരു യുദ്ധമുഖത്ത് നില്‍ക്കുന്നു. നമ്മുടെ വശങ്ങളിലൂടെ ബുളളറ്റുകള്‍ ചീറിപ്പായുന്നു…” സല്‍മാന്‍ നിസാര്‍ കേരളത്തിനുവേണ്ടി ഷോര്‍ട്ട് ലെഗ്ഗില്‍ നിലകൊണ്ടു. ഒരു ബുള്ളറ്റ് ഹെല്‍മറ്റ് കൊണ്ട് തടുത്തു. തലകറക്കം അനുഭവപ്പെട്ട സല്‍മാനെ വിദഗ്ധ പരിശോധനയ്ക്കുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു സംസ്ഥാനത്തിന്റെ 74 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട സേവ് ! ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഒരുപാട് ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം നല്‍കിയ ബ്ലോക്ക് അതാണ് സല്‍മാന്റെ മഹത്വം! ഫൈനല്‍ പ്രവേശനത്തിന്റെ ക്രെഡിറ്റ് സല്‍മാന് മാത്രം അവകാശപ്പെട്ടതല്ല. ഗംഭീരമായി പന്തെറിഞ്ഞ സക്‌സേന-സര്‍വാതെ ത്രയം,കിടിലന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസറുദ്ദീന്‍… അങ്ങനെ നിരവധി പേര്‍ക്ക് നാം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ സമ്മാനിക്കണം.

Read more

1983-ലെ ലോകകപ്പ് എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മവരുന്നത് ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ പ്രുഡെന്‍ഷ്യല്‍ ട്രോഫിയുമായി നില്‍ക്കുന്ന കപില്‍ ദേവിന്റെ ചിത്രമാണ്. കേരള-ഗുജറാത്ത് സെമിഫൈനലിനെ ചരിത്രം സ്മരിക്കുന്നത് സല്‍മാന്റെ സേവിന്റെ പേരിലായിരിക്കും. കേരള ക്രിക്കറ്റിന്റെ മ്യൂസിയത്തില്‍ സല്‍മാന്‍ ധരിച്ച ഹെല്‍മറ്റ് സ്ഥാനം പിടിക്കട്ടെ. അത് കോഹിനൂര്‍ പോലെ പ്രകാശിക്കട്ടെ….!