ഉജ്വല സെഞ്ച്വറിയടിച്ച് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജ. ആഷസ് പരമ്പരയിലെ നാലാമത്തെ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ഖ്വാജയുടെ ശതകത്തിന്റെ പിന്തുണയില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡിന്റെ പകരക്കാരനായി ടീമിലെത്തിയ ഖ്വാജ പുറത്താകാതെ 122 റണ്‍സാണ് എടുത്തത്.
ഖ്വാജയുടെ ബാറ്റിംഗ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 എന്ന നിലയിലാണ് ഓസ്‌ട്രേലിയ 231 പന്തുകള്‍ നേരിട്ട ഖ്വാജയുടെ ബാറ്റില്‍ നിന്നും 11 ബൗണ്ടറികളും പറന്നു. മുന്‍നിര ബാറ്റർമാർക്ക് കാര്യമായി പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഓസ്‌ട്രേലിയ പരുങ്ങുമ്പോഴായിരുന്നു ഖ്വാജയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് വന്നത്. മൂന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ ഒപ്പം നിര്‍ത്തി തളരാതെ പൊരുതിയ ഖ്വാജ ഓസീസിനെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിച്ചു. 67 റണ്‍സെടുത്ത് സ്മിത്ത് ഒപ്പം നിന്നു.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖ്വാജ ഓസീസ് ടീമില്‍ തിരിച്ചെത്തുന്നത്. തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. ട്രാവിസ് ഹെഡ് കോവിഡ് മൂലം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് ഖ്വാജ ടീമിലെത്തിയത്. കരിയറില്‍ ഖ്വാജയുടെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ഇംഗ്‌ളണ്ടിനെതിരേ രണ്ടാമത്തേതും. 2019 ലെ ആഷസിന് ശേഷം ഖ്വാജയെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
Read more
സ്‌കോര്‍ 28 ല്‍ നില്‍ക്കുമ്പോള്‍ ഖ്വാജയെ പുറത്താക്കാന്‍ കിട്ടിയ അവസരം ഇംഗ്‌ളീഷ് നായകന്‍ ജോ റൂട്ട് നഷ്ടപ്പെടുത്തി. സ്പിന്നര്‍ ജാക്ക ലീക്കിനെ നേരിടുമ്പോള്‍ ഖ്വാജ പതറിപ്പോയെങ്കിലും ഒന്നാം സ്‌ളിപ്പില്‍ റൂട്ട് കൈവിട്ടു. ഇത് ഇംഗ്‌ളണ്ടിന് വലിയ നഷ്ടമായി. പിന്നീട് തിരിഞ്ഞു നോക്കാതെ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു ഖ്വാജ.