വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ തന്റെ ആദ്യ അരങ്ങേറ്റ മത്സരം നടത്തിയിരിക്കുകയാണ് യുവ താരം നിതീഷ് കുമാർ റെഡ്‌ഡി. ആദ്യ മത്സരത്തിൽ തന്നെ ടീമിന്റെ ടോപ് സ്കോററായതും താരം തന്നെയാണ്. 59 പന്തിൽ 6 ഫോറുകളും, ഒരു സിക്സുമടക്കം 41 റൺസ് ആണ് നിതീഷ് നേടിയത്.

വിരാട് കോഹ്‌ലിയുടെ കൈയിൽ നിന്നാണ് നിതീഷിന് ക്യാപ് ലഭിച്ചത്. ആ ഒരു നിമിഷത്തെ കുറിച്ച് ഒന്നാം ദിനം അവസാനിച്ചപ്പോൾ അദ്ദേഹം സംസാരിച്ചു.

നിതീഷ് കുമാർ റെഡ്‌ഡി പറയുന്നത് ഇങ്ങനെ:

“ഇന്ത്യൻ ടീമിൽ അരങ്ങേറുകയെന്നത് ഏറ്റവും മികച്ച അനുഭവമാണ്. ഏറെക്കാലമായി ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുന്നതിനായി ആ​ഗ്രഹിച്ചു. വിരാട് കോഹ്‍ലിയിൽ നിന്ന് ഇന്ത്യൻ ക്യാപ് ലഭിച്ചതിൽ അതിലേറെ സന്തോഷമുണ്ട്. ഞാൻ ക്രിക്കറ്റ് കളിച്ച് തുടങ്ങിയപ്പോൾ മുതൽ ഇഷ്ടതാരം വിരാട് കോഹ്‍ലിയാണ്. അദ്ദേഹം കാരണമാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്”

മത്സരത്തിന് മുമ്പ്​ ​ഗംഭീർ നൽകിയ ഉപദേശത്തെക്കുറിച്ചും ​നിതീഷ് പറഞ്ഞു.

“പെർത്തിനെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അവസാന പരിശീലന സെഷനിൽ ഞാൻ ​ഗംഭീറുമായി പിച്ചിനെക്കുറിച്ച് സംസാരിച്ചു. ബൗൺസറുകളും കൃത്യതയാർന്ന പന്തുകളും വന്നാൽ അത് നേരിടണം. രാജ്യത്തിന് വേണ്ടി ഒരു ബുള്ളറ്റ് നേരിടുകയാണെന്ന് കരുതണം. ​ഗംഭീറിന്റെ ആ ഉപദേശം ​എനിക്ക് ​ഗുണം ചെയ്തു. കളത്തിൽ ഞാൻ രാജ്യത്തിന് വേണ്ടി ബുള്ളറ്റുകൾ നേരിടുകയാണെന്ന് കരുതിയാണ് കളിച്ചത്” നിതീഷ് കുമാർ റെഡ്‌ഡി പറഞ്ഞു.