'ഞങ്ങള്‍ സെമിയില്‍ കടന്നത് മത്സരിക്കാനല്ല...'; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ നെഞ്ചില്‍ തീപകര്‍ന്ന് പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്

ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിന്റെ അവസാന നാലിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍ ചരിത്രം സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ ശക്തന്മാരായ ന്യൂസിലന്‍ഡിനെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയ അഫ്ഗാന്‍ ടീം നോക്കൗട്ട് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. നാളെ സെമിഫൈനലിന് ഇറങ്ങുമ്പോള്‍ ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാന്‍ ടീം പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്.

ബംഗ്ലാദേശിനെതിരെ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. എനിക്കറിയാം അതൊരു നല്ല വിക്കറ്റ് ആയിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് സിംഗിള്‍സ് എടുത്ത് വിടവുകളിലേക്ക് പന്ത് തട്ടാമായിരുന്നു. ബാറ്റര്‍മാര്‍ അല്‍പ്പം പരിഭ്രാന്തരായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സെമി ഫൈനലിലാണ്.

കളിക്കാര്‍ പോസിറ്റീവാണ്. ഞങ്ങള്‍ സെമിയില്‍ പോകുന്നത് മത്സരിക്കാനല്ല, ജയിക്കാനാണ്. ടൂര്‍ണമെന്റില്‍ ഞങ്ങള്‍ക്ക് എളുപ്പവും കടുപ്പമേറിയതുമായ ഗെയിമുകള്‍ ഉണ്ടായിരുന്നു. ഇത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങളെ സഹായിക്കും. എന്നിരുന്നാലും, ഞങ്ങള്‍ക്ക് ചില മേഖലകള്‍ അല്‍പ്പം ശക്തമാക്കേണ്ടതുണ്ട്.

സുപ്രധാനമായ ഏറ്റുമുട്ടലില്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഇത് ഞങ്ങള്‍ക്ക് ഒരു പുതിയ വെല്ലുവിളിയാണ്. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് ഞാന്‍ കരുതുന്നു. അത് ഞങ്ങളെ കൂടുതല്‍ അപകടകാരികളാക്കുന്നു. ഇത്എതിരാളികളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തും- ജൊനാഥന്‍ ട്രോട്ട് പറഞ്ഞു. ജൂണ്‍ 27ന് ട്രിനിഡാഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

Read more