IND VS AUS: എന്താ മൂഡ് പൊളി മൂഡ്, മെൽബണിൽ തീതുപ്പി ഇന്ത്യൻ ബോളർമാർ; ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത പണി

മെൽബണിൽ ഇന്ന് രാവിലെ വരെ തങ്ങൾക്ക് അനുകൂലമായിട്ടാണ് കാര്യങ്ങൾ പോകുന്നത് എന്ന ധാരണയിൽ ആയിരുന്നു ഓസ്‌ട്രേലിയൻ ക്യാമ്പ്. 105 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലെഡുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങുമ്പോൾ അവരുടെ മനസ്സിൽ കൂറ്റൻ ലീഡ് സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒടുവിൽ വിവരം കിട്ടുമ്പോൾ 91 – 6 എന്ന നിലയിൽ നിൽക്കുന്ന അവരുടെ കാര്യങ്ങൾ പതുക്കെ കൈവിട്ട് പോയി തുടങ്ങിയിരിക്കുന്നു.

ഇന്ന് തുടക്കത്തിൽ നിതീഷ് കുമാർ റെഡ്ഢി( 114 ) വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുക ആയിരുന്നു. അതോടെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ പ്രഹരം ഏറ്റു. കഴിഞ്ഞ ഇന്നിങ്സിലെ ഹീറോ കോൺസ്റ്റാസ് (6 ) റൺ മാത്രമെടുത്ത് ബുംറയുടെ മുന്നിൽ വീണു. ശേഷം ലാബുഷാഗ്നെക്കൊപ്പം ഖവാജ ക്രീസിൽ ഉറച്ചു. എങ്കിലും കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ ഇരുവരും റൺ നേടാൻ പാടുപെട്ടു. കൂട്ടത്തിൽ ലാബുഷാഗ്നെ ആണ് കുറച്ചുകൂടി റൺ സ്കോർ ചെയ്യാൻ ശ്രമിച്ചത്.

ഈ പരമ്പരയിൽ ഇതുവരെ നിരാശപ്പെടുത്തിയ സിറാജിന്റെ ഊഴം ആയിരുന്നു അടുത്തത്. നന്നായി ബുദ്ധിമുട്ടിയ ഖവാജ (21 ) മടക്കി സിറാജ് ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. കഴിഞ്ഞ ഇന്നിങ്സിലെ ഹീയ സ്മിത്തും ലാബുഷാഗ്നെയും കൂടി സ്ക്രിരേ ഉയർത്തുമെന്ന് കരുതിയപ്പോൾ സ്മിത്തിനെ(13 ) മടക്കി സിറാജ് രക്ഷകനായി. ഈ പരമ്പരയിൽ ഉടനീളം ഇന്ത്യയെ ബുദ്ധിമുട്ടിച്ച ഹെഡ് ക്രീസിൽ എത്തിയതോടെ ബുംറയെ മറ്റൊരു സ്പെല്ലിന് രോഹിത് മടക്കി വിളിച്ചു. ആദ്യ ഇന്നിങ്സിൽ തനിക്ക് മുന്നിൽ പൂജ്യനായി മടങ്ങിയ ഹെഡിനെ രണ്ടാം ഇന്നിങ്സിൽ 1 റൺസിന് മടക്കി ബുംറ വീണ്ടും ഹീറോ ആയി. ശേഷം കണ്ടത് കൂട്ടപാലനയം ആയിരുന്നു. സ്മിത്തിന് തൊട്ടുപിന്നാലെ മാർഷ് (0 ) അലക്സ് കാരി( 2 ) എന്നിവരും ബുംറക്ക് മുന്നിൽ വീണു.

നിലവിൽ 198 റൺ മാത്രം ലീഡുള്ള ഓസ്ട്രേലിയ എങ്ങനെ എങ്കിലും സ്കോർ ഉയർത്തി ലീഡ് 300 കടത്താനാണ് ശ്രമിക്കാൻ പോകുന്നത്.