ലോക കപ്പിലെ നിര്‍ണായക മത്സരം ; അതിസാരം ബാധിച്ച സച്ചിന്‍ അടിവസ്ത്രത്തില്‍ ടിഷ്യൂവെച്ചു കളി ക്കാനെത്തി ; 97 റണ്‍സും അടിച്ചു

ക്രിക്കറ്റിലെ മഹാനായ താരമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ക്രിക്കറ്റിനെക്കുറിച്ച് ഇതിനകം അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അതിലുപരി ക്രിക്കറ്റിലെ അസാധാരണ അനുഭവങ്ങള്‍ താരത്തിന്റെ ആത്മകഥയിലൂടെ അനേകം ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ചിലതെല്ലാം അദ്ദേഹത്തിന് ലജ്ജിപ്പിക്കുന്നതാണെങ്കിലും ആരാധകര്‍ക്ക് അവ വിസ്മയാവഹവും മാന്ത്രികവുമാണ്. എന്തുകൊണ്ടാണ് സച്ചിന്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം തുടര്‍ന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവ.

2003 ഐസിസി ലോകപ്പില്‍ ജോഹന്നാസ് ബര്‍ഗില്‍ സച്ചിന്‍ ശ്രീലങ്കയ്ക്ക് എതിരേ കളിച്ചത് വയറിന് അസുഖം ബാധിച്ച നിലയില്‍. എന്നാല്‍ പ്രശ്‌നം സ്വന്തം നിലയ്ക്ക് നേരിട്ട താരം പരിഹാരത്തിനുള്ള വഴിയും സ്വയം കണ്ടെത്തി. വയറിളക്കത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ തന്നെ താരം തീരുമാനിക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ ടിഷ്യൂ വെച്ചായിരുന്നു താരം മത്സരത്തിനിറങ്ങിയതെന്നാണ് അദ്ദേഹം ആത്മകഥയില്‍ കുറിച്ചത്്. ഇടയ്ക്ക് വയറിന് അസ്വസ്ഥത തോന്നിയതിനാല്‍ ഡ്രിംഗ് ബ്രേക്കിന് താരം ഡ്രസ്സിംഗ് റൂമില്‍ പോകുകയും ചെയ്തു.

Read more

ഈ മത്സരത്തില്‍ 97 റണ്‍സാണ് താരം അടിച്ചത്. ഇൗ സ്‌കോറിന്റെ പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ ഇന്ത്യ നിര്‍ണ്ണായക മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടുകയും കളി ജയിക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റില്‍ താരം പിന്നീട് ഏറ്റവും കൂടിയ റണ്‍വേട്ടക്കാരനുമായി മാറി. ഏറ്റവും മികച്ചത് നല്‍കാനുള്ള താരത്തിന്റെ സമര്‍പ്പണ മനോഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസമായി മാറിയ താരം 2011 ല്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പ് ജേതാക്കളായി മാറുകയും ചെയ്തു.