ലിവര്‍പൂളിന്റെ സന്തതികളുടെ ഏറ്റുമുട്ടല്‍ ; സലായേ കരയിപ്പിച്ച് സദിയോ മാനേ ചിരിച്ചു

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് മുന്‍ ചാംപ്യന്മാര്‍ ലിവര്‍പൂളിന്റെ സന്തതികള്‍ ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തില്‍ അന്തിമചിരി ഉണ്ടായത് സദിയോ മാനേയുടെ മുഖത്ത്. ലിവര്‍പൂളിന്റെ മുന്നേറ്റ നിരയിലെ സ്‌ട്രൈക്കിംഗ ജോഡികളായ സദിയോ മാനേയുടെ സെനഗലും മൊഹമ്മദ് സലയുടെ ഈജിപ്തും ഏറ്റുമുട്ടിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സലായുടെ ഈജിപ്തിനെ കീഴടക്കി മാനേയുടെ സെനഗല്‍ ചാംപ്യന്മാരായി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കളി തീരുമാനമായത്.

ആവേശം ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്. അഞ്ചില്‍ നാല് കിക്ക് സെനഗല്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഈജിത്പ്തിന് ലക്ഷ്യത്തിലെത്തിക്കാനായത്. സെനഗലിന്റെ ആദ്യ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീട നേട്ടമാണിത്. മാനേയും സലായും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന രീതിയിലായിരുന്നു മത്സരത്തിന് മുമ്പേ തുടങ്ങിയ പ്രചരണം.

കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ സെനഗലിനെ നിര്‍ഭാഗ്യം പിടികൂടുന്നത് കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്. ചെല്‍സിയില്‍ കളിക്കുന്ന സെനഗലിന്റെ എഡ്വാര്‍ഡ് മെന്‍ഡിയെ മൊഹാനാദ ലഷീന്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി എടുക്കാന്‍ വന്നത് മാനേയായിരുന്നു. എന്നാല്‍ ഈ ഈജിപ്ഷ്യന്‍ ഗോളി ഗബാസ്‌ക്കി രക്ഷപ്പെടുത്തി.

അതേ മാനേ തന്നെ പെനാല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്കെടുത്ത് സെനഗലിനെ ചാംപ്യന്‍ഷിപ്പിലേക്ക് നയിക്കുകയും ചെയ്തു. കളിയില്‍ സെനഗലിന്റെ ഗോള്‍ എന്ന് ഉറപ്പിച്ച മൂന്ന് ഷോട്ടുകളാണ് ഉജ്വല സേവിലൂടെ ഗബാസ്‌ക്കി രക്ഷപ്പെടുത്തിയത്. 60 വര്‍ഷത്തെ കാത്തിരിപ്പാണ് സെനഗല്‍ അവസാനിപ്പിച്ചത്. 2002 ലും 2019 ലും ഫൈനലില്‍ തോറ്റിരുന്നു..