ക്ലബ്ബിന് വേണ്ടി പുപ്പുലി; രാജ്യത്തിന് വേണ്ടി എലി; ആഞ്ഞടിച്ച് മെസി

അര്‍ജന്റീന ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ ആത്മാര്‍ത്ഥത നഷ്ടപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ലയണല്‍ മെസി. റേഡിയോ 94.7നോടു സംസാരിക്കുമ്പോഴാണ് മെസി തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ പറ്റി സംസാരിച്ചത്. ഒന്‍പതു മാസത്തെ ഇടവേളക്കു ശേഷം അര്‍ജന്റീന ടീമിലേക്കു തിരിച്ചെത്തിയ മെസി വെനസ്വലക്കെതിരായ സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നു. അതിനു ശേഷം പരിക്കിനെ തുടര്‍ന്ന് മൊറോക്കോക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറിയ താരം ബാഴ്‌സയിലേക്കു മടങ്ങിയതിനു തുടര്‍ന്നാണ് താരത്തിനെതിരെ ആരാധക രോഷമുയര്‍ന്നത്.

“”അവര്‍ എനിക്കെതിരെ സംസാരിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. എനിക്കെതിരെ വിമര്‍ശനങ്ങള്‍ എക്കാലവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രമാണ് എനിക്ക് അമര്‍ഷമുള്ളത്. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണുള്ളത്. ആളുകള്‍ അതു വിശ്വസിക്കുകയും അവര്‍ക്കു മുമ്പില്‍ ഞാന്‍ മോശക്കാരനാവുകയും ചെയ്യുന്നു.””

“ഡിസംബര്‍ മാസം മുതല്‍ എന്നെ അലട്ടുന്ന വേദന വെച്ചാണ് ഞാന്‍ സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോയത്. ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഞാന്‍ മടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പരിക്കിന്റെ അവസ്ഥ സങ്കീര്‍ണമാണെങ്കിലും ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം അതിനു മാറ്റമുണ്ടായി. എങ്കിലും ഈ സീസണ്‍ കഴിയുന്നതു വരെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ വേണ്ടി വരുമെന്നതുറപ്പാണ്.””

Read more

“”അര്‍ജന്റീനക്കു വേണ്ടി കിരീടങ്ങള്‍ നേടുകയെന്നത് എന്റെ സ്വപ്നമാണ്. അതു കൊണ്ടാണ് എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും കളിക്കാനിറങ്ങുന്നത്. എന്നാല്‍ ഞാന്‍ ടീമിലേക്കു തിരിച്ചു വരരുതെന്നാണ് പലരും പറയുന്നത്. ആറു വയസുകാരനായ എന്റെ മകന്‍ പോലും ചോദിച്ചു അര്‍ജന്റീനയില്‍ ഞാനെന്തു കൊണ്ടാണ് ഇത്രയധികം ക്രൂശിക്കപ്പെടുന്നതെന്ന്”