തുർക്കി താരം വേറെ ലെവൽ, അവിശ്വനീയ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വെയ്ൻ റൂണിക്കുമൊപ്പം; യൂറോയിൽ ഞെട്ടിച്ച് പത്തൊമ്പതുകാരൻ

യൂറോ കപ്പിൽ ഓസ്ട്രിയക്കെതിരായ വിജയത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വെയ്ൻ റൂണിയുടെയും എലൈറ്റ് കമ്പനിയിൽ ചേർന്ന് അർദ ഗൂളർ. ക്രിസ്റ്റ്യാനോക്കും റൂണിക്കും ശേഷം ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുകയും അസ്സിസ്റ് നേടുകയും ചെയ്യുന്ന ചരിത്രത്തിലെ മൂന്നാമത്തെ കൗമാരക്കാരനായി പത്തൊമ്പതുകാരൻ മാറി. യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്ന തുർക്കിക്ക് വേണ്ടി മികച്ച പ്രകടനമാണ് അർദ ഗൂളർ ഇതുവരെ നടത്തിയത്. ജൂലൈ 2 ചൊവ്വാഴ്ച നടന്ന റൗണ്ട് ഓഫ് 16ൽ ഓസ്ട്രിയയെ 2-1 ന് തുർക്കി തോൽപ്പിച്ചു.

തുർക്കിക്ക് വേണ്ടി അൽ-അഹ്‌ലി ഡിഫൻഡർ മെറിഹ് ഡെമിറൽ രണ്ട് ഗോളുകൾ നേടിയതിൽ ഗൂളർ രണ്ടാം ഗോളിന് അസ്സിസ്റ് നൽകി സഹായിച്ചു. ജോർജിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിൽ തുർക്കി 3-1 ന് വിജയിച്ച മത്സരത്തിൽ റയൽ മാഡ്രിഡ് യുവതാരം ടൂർണമെൻ്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയ്ൻ റൂണിയും ഒരേ യൂറോ കാമ്പെയ്‌നിൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന ആദ്യ രണ്ട് കൗമാരക്കാരായി ചരിത്രം സൃഷ്ടിച്ചിരുന്നു.. 2004 യൂറോയിൽ, റൊണാൾഡോ രണ്ടുതവണ സ്കോർ ചെയ്യുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തപ്പോൾ റൂണി നാല് ഗോളുകളും ഒരു അസിസ്റ്റും നൽകി. അർദ ഗൂളർ ലോക ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന പ്രതീക്ഷകളിൽ ഒരാളായി കണക്കാക്കപ്പെടുന്നു, കഴിഞ്ഞ വേനൽക്കാലത്ത് ഫെനർബാഷിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്ന ഗൂളർ എല്ലാ മത്സരങ്ങളിൽ നിന്നുമായി 12 കളികളിലായി 447 മിനിറ്റ് ഫസ്റ്റ്-ടീം ഫുട്ബോൾ കളിച്ചു ആറ് ഗോളുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.

Read more

ജൂലൈ 6 ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ തുർക്കി നെതർലൻഡ്‌സിനെ നേരിടും. റൗണ്ട് ഓഫ് 16 ൽ ഡച്ച് 3-0 ന് റൊമാനിയയെ പരാജയപ്പെടുത്തിയിരുന്നു. ജർമ്മനി,ഫ്രാൻസ്,സ്പെയിൻ,പോർച്ചുഗൽ,ഇംഗ്ലണ്ട്,സ്വിറ്റസർലൻഡ് എന്നിവരാണ് ക്വാർട്ടർ ഫൈനലിലേക്ക് കടന്ന മറ്റു രാജ്യങ്ങൾ. ഇതിൽ ജർമ്മനി സ്പെയിനിനെയും പോർച്ചുഗൽ ഫ്രാൻസിനെയും ഇംഗ്ലണ്ട് സ്വിറ്റസർലണ്ടിനെയും നേരിടും.