ഇതിഹാസ താരം യോഹാൻ ക്രൈഫിന്റെ റെക്കോഡ് തകർത്ത് റോബർട്ട് ലെവൻഡോസ്‌കി

ബാഴ്‌സലോണയ്‌ക്കായി ഇതിഹാസ താരം യോഹാൻ ക്രൈഫ് നേടിയ ഗോൾ നേട്ടം റോബർട്ട് ലെവൻഡോസ്‌കി മറികടന്നു. ആഗസ്റ്റ് 17 ശനിയാഴ്ച വലൻസിയയ്‌ക്കെതിരെ മത്സരത്തിൽ ലെവൻഡോസ്‌കി രണ്ട് ഗോളുകൾ നേടി. 44-ാം മിനിറ്റിൽ മെസ്റ്റല്ലയിൽ ഹ്യൂഗോ ഡ്യൂറോ വലൻസിയക്ക് ലീഡ് നൽകിയ മത്സരത്തിൽ ലെവൻഡോവ്‌സ്‌കി രണ്ട് തവണ തുടർച്ചയായി ഗോൾ നേടി കളിയെ ബാഴ്‌സക്ക് അനുകൂലമാക്കി മാറ്റുകയും 2-1 വിജയത്തെ തുടർന്ന് ഹാൻസി ഫ്ലിക്കിൻ്റെ ടീം മൂന്ന് നിർണായക പോയിൻ്റുകൾ നേടുകയും ചെയ്തു.

നിലവിൽ കറ്റാലൻ ക്ലബിൽ മൂന്നാം സീസണിൽ കളിക്കുന്ന മുൻ ബയേൺ താരം ലെവൻഡോസ്‌കി, ബാഴ്‌സക്ക് വേണ്ടി 96 മത്സരങ്ങളിൽ നിന്ന് 61 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 17 അസിസ്റ്റുകളും അദ്ദേഹത്തിൻ്റെ പേരിലുണ്ട്. ഇതിഹാസതാരം ജോഹാൻ ക്രൈഫ് 180 മത്സരങ്ങളിൽ നിന്ന് 60 ഗോളുകളും 24 അസിസ്റ്റുകളും ബാഴ്‌സലോണ കുപ്പായത്തിൽ നേടിയിട്ടുണ്ട്. ക്രൈഫ് ഒരു അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും ലെവൻഡോവ്‌സ്‌കി ഔട്ട് ആൻ്റ് ഔട്ട് സ്‌ട്രൈക്കറായുമാണ് കളിച്ചത്.

ബാഴ്‌സലോണയിലെ തൻ്റെ ആദ്യ സീസണായ 2022-23ൽ ലെവൻഡോവ്‌സ്‌കി 46 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയിരുന്നു. 35-കാരൻ തൻ്റെ 2024-25 കാമ്പെയ്‌നിൽ ഒരു ഗെയിമിൽ രണ്ട് തവണ സ്‌കോർ ചെയ്‌ത് മികച്ച ഫോമിൽ തുടരുന്നു. ഫ്ലിക്കിൻ്റെ ശിക്ഷണത്തിൽ ലെവൻഡോസ്‌കിയുടെ ക്ലബ് പുതിയ അധ്യായം ആരംഭിച്ചു. 2023-24 സീസണിൻ്റെ അവസാനത്തിൽ ചാവിയെ പുറത്താക്കിയതിന് ശേഷം ജർമ്മൻ മാനേജർ ചുമതലയേറ്റു. ലാ ലിഗ പോരാട്ടത്തിൽ അത്‌ലറ്റിക് ബിൽബാവോയ്ക്ക് ആതിഥേയത്വം വഹിക്കാൻ ബാഴ്‌സ ഓഗസ്റ്റ് 24-ന് വീണ്ടും കളിക്കും.