ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

കോഴിക്കോട് നടന്ന കുട്ടികളുടെ ഒരു പരിപാടിയിൽ ലയണൽ മെസിയും അർജന്റീന ടീമും ഒക്ടോബർ 25 മുതൽ നവംബർ 2 വരെ കേരളത്തിൽ ഉണ്ടാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. അർജന്റീനയുടെ കേരള സന്ദർശനത്തിന്റെ വാർത്തക്ക് പിന്നാലെ എന്നാണ് മെസിയും കൂട്ടരും കേരളത്തിലേക്ക് വരുന്നതെന്ന അറിയിപ്പിന് വേണ്ടി കാത്തിരുന്ന കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇതൊരു ആവേശകരമായ വാർത്തയാണ്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരങ്ങൾക്ക് പുറമെ മെസി പൊതുവേദിയിൽ കൂടി കുറച്ചു സമയം ഉണ്ടാവുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് സ്ഥിരീകരിച്ചതോടെ ആവേശം ഇരട്ടിയായി.

രണ്ട് മത്സരങ്ങൾക്കാണ് അർജന്റീന ടീം കേരളത്തിൽ എത്തുക എന്നാണ് മന്ത്രി വേദിയിൽ വെച്ച് പറഞ്ഞത്. അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ എന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. ഫിഫ റാങ്കിങിൽ മുന്നിലുള്ള ഏഷ്യൻ ടീമുകളെയാണ് അർജന്റീന എതിരാളികളായി പരിഗണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട് പരിപാടിക്ക് ശേഷം മാധ്യമങ്ങൾ അർജന്റീന സന്ദർശനത്തെ കുറിച്ച് കൂടുതൽ ചോദിച്ച സന്ദർഭത്തിൽ വേദിയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെയെല്ലാം മന്ത്രി തള്ളുകയും കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാനാണ് അങ്ങനെ പറഞ്ഞതെന്നും പറഞ്ഞു. അർജന്റീനയുടെ കേരള സന്ദർശനത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങളെ സംബന്ധിച്ച് പിന്നീട് പറയാം എന്ന് പറഞ്ഞ മന്ത്രി വേദിയിൽ വെച്ച് സൂചപ്പിച്ച കാര്യങ്ങളെ പിന്നീട് സാധുകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.