ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.
ഇന്നലെ ഇൻ്റർനാഷണൽ ഡി ലീമെറിക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും സ്വന്തമാക്കി കളിയിലെ താരമായത് നെയ്മർ ജൂനിയറാണ്. നാളുകൾക്ക് ശേഷം താരം മികച്ച പ്രകടനം കാഴ്ച്ച വെച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകർ.
മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് സാന്റോസ് തന്നെയായിരുന്നു. 64 ശതമാനവും പൊസഷൻ അവരുടെ ഭാഗത്തായിരുന്നു. മത്സരത്തിനിടയിൽ എതിർ ടീമിന്റെ ആരാധകർ വളരെ മോശമായ രീതിയിലാണ് നെയ്മറിനോട് പെരുമാറിയത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
” ആദ്യം ഞാൻ കോർണർ കിക്ക് എടുക്കാൻ പോയപ്പോൾ കാണികൾ എന്നെ പ്രവോക്ക് ചെയ്തു. ഞാൻ അവരോട് പറഞ്ഞു നിങ്ങൾ ഉച്ചത്തിൽ പ്രവോക്ക് ചെയ്യാൻ. ആ കിക്കിലാണ് ഞാൻ ആദ്യ അസിസ്റ്റ് സ്വന്തമാക്കിയത്. ഞാൻ രണ്ടാമതും കോർണർ കിക്ക് എടുക്കാൻ പോയപ്പോഴും അവർ ഇത് ആവർത്തിച്ചു. അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇത് ഞാൻ ഗോൾ നേടുമെന്ന്. ആ മൈൻഡിൽ ഞാൻ കിക്ക് അടിച്ചു ആദ്യ ഒളിമ്പിക് ഗോൾ നേടി” നെയ്മർ ജൂനിയർ പറഞ്ഞു.