ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം ചേർന്ന് മുൻ താരം ആൻഡ്രൂ ഫ്ലിന്റോഫ്. 45 കാരനായ മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കഴിഞ്ഞ വർഷം നടന്ന ഒരു അപകടത്തിന് ശേഷം ആശുപത്രിയിലായിരുന്നു. മത്സരത്തിൽ ടീമിന്റെ ഭാഗമായി കൂടെയിരിക്കാനും, നിർദ്ദേശങ്ങൾ നൽകാനും, കളി നിരീക്ഷിക്കാനുമാണ് ഫ്ലിന്റോഫിനെ ടീമിനൊപ്പം ചേർത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം സറേയിലെ ഡൺസ്ഫോൾഡ് എയ്റോഡ്രോമിൽ ടി. വി പ്രോഗ്രാമായ ‘ടോപ്പ് ഗിയറി’ന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ അപകടത്തിൽ മുഖത്തിന് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ തൊട്ട് ആശുപത്രിയിലായിരുന്നു താരം. 2019 മുതൽ ‘ടോപ്പ് ഗിയർ’ പ്രോഗ്രാമിന്റെ അവതാരകനായിരുന്നു താരം.
ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് വരുന്ന താരത്തിന് ടീമിനൊപ്പം ചേരുന്നതോട് കൂടി അപകടത്തിന്റെ ആഘാതം കുറയ്ക്കാനും, കാര്യങ്ങൾ പഴയ രീതിയിലേക്ക് ആക്കാനും കഴിയുമെന്നാണ് സ്കൈ സ്പോർട്സിന് നല്കിയ പ്രസ് മീറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ പറഞ്ഞത്.
ശസ്ത്രക്രിയക്ക് ശേഷം താരത്തിന്റെ മുഖത്തിന്റെ രൂപം തന്നെ മാറി പോയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 79 ടെസ്റ്റ് മത്സരങ്ങളും 141 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.