ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കളനാശിനിയാണ് റൗണ്ടപ്പ്. ബഹുരാഷ്ട്ര കുത്തകയായ ബെയറിന്റെ സബ്‌സിയഡറിയായ മൊണ്‍സാന്റോ കമ്പനിയ്ക്ക് പേറ്റന്റ് അവകാശമുള്ള റൗണ്ടപ്പിന്റെ മാരകഫലങ്ങളെ കുറിച്ച് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങള്‍ തെല്ലും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന രക്താര്‍ബുദത്തിന് കാരണമാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി റൗണ്ടപ്പ് തളിച്ചതിനെ തുടര്‍ന്ന് ഈ അര്‍ബുദം ബാധിച്ച അരിസോണയിലെ സ്‌കൂള്‍ മൈതാനം കാവല്‍ക്കാരന്‍ ഡെയ്ന്‍ ലീ ജോണ്‍സണ്‍ എന്നയാള്‍ക്ക് ബെയര്‍ കമ്പനി 289 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. കാലിഫോര്‍ണിയ കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു പിഴ വിധിച്ചത്. ഗ്ലൈഫോസേറ്റ് മനുഷ്യര്‍ക്ക് ഹാനികരമാണെന്ന വസ്തുത കമ്പനി പൊതുജനങ്ങളില്‍ നിന്നും ബോധപൂര്‍വ്വം മറച്ചു വെച്ചുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. നിയമപരമായ കാരണങ്ങളാല്‍ കോടതി ഈ നഷ്ടപരിഹാരം പിന്നീട് 78 ദശലക്ഷം ഡോളറായി കുറച്ചു.
2019 ജനുവരി ആദ്യം രണ്ടാമതൊരു കേസില്‍ 80 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം വിധിച്ചു. മെയ് മാസം മൂന്നാമത്തെ വിധിയില്‍ ദമ്പതികള്‍ക്ക് 200 കോടി ഡോളറാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മൊണ്‍സാന്റോയെ ഏറ്റെടുത്ത യൂറോപ്യന്‍ ബഹുരാഷ്ട്ര കുത്തകയായ ബെയറിന്റെ സാമ്പത്തിക അടിത്തറയെ പോലും തകര്‍ക്കും വിധമാണ് കോടതികളില്‍ റൗണ്ടപ്പിനെതിരെയുള്ള കേസുകള്‍ പെരുകുന്നത്. 2016- ല്‍ മൊണ്‍സാന്റോയെ ഏറ്റെടുക്കാന്‍ ബെയര്‍ തീരുമാനിക്കുമ്പോള്‍ റൗണ്ടപ്പ് കേസുകളുടെ എണ്ണം 120 ആയിരുന്നു. ഈ വര്‍ഷം ആദ്യം അത് 11200 ആയി ഉയര്‍ന്നു. ഇപ്പാള്‍ അമേരിക്കന്‍ കോടതികളില്‍ മാത്രം റൗണ്ടപ്പിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് 13400 കേസുകള്‍ നിലവിലുണ്ട്.
ഫ്രഞ്ച് പത്രപ്രവര്‍ത്തകയായ മേരി മോണിക് റോബിന്‍ എഴുതിയ ദ വേള്‍ഡ് അക്കോര്‍ഡിംഗ് ടു മൊണ്‍സാന്റോ എന്ന വിഖ്യാതഗ്രന്ഥം ഗ്ലൈഫോസേറ്റിന്റെ അപായ സാധ്യതകളെ മൂടി വെയ്ക്കാന്‍ മൊണ്‍സാന്റോ നടത്തിയ ഹീനശ്രമങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് (ഐഎ സി ആര്‍ ) 2015ല്‍ 1000-ത്തോളം സ്വതന്ത്ര പഠനങ്ങള്‍ പരിശോധിച്ച ശേഷം ഗ്ലൈഫോസേറ്റ് മനുഷ്യരില്‍ അര്‍ബുദത്തിനു കാരണമായേക്കുമെന്ന് വിലയിരുത്തി.ഇതിനെ തുടര്‍ന്ന് 17 രാജ്യങ്ങള്‍ ഗ്ലൈഫോസേറ്റ് നിരോധിക്കുകയോ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍ റൗണ്ടപ്പ് കൂടുതലായി തളിച്ച മേഖലകളില്‍ അജ്ഞാതമായ വൃക്കരോഗത്തെ തുടര്‍ന്ന് 25000-ത്തോളം പേര്‍ മരിച്ചു. റൗണ്ടപ്പാണ് ഈ രോഗത്തിന് കാരണമെന്ന് ശരത് ജയതിലകെ, ചന്ന ജയസുമാന എന്നീ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അര്‍ജന്റീനയില്‍ റൗണ്ടപ്പ് വ്യാപകമായി തളിച്ച പ്രദേശങ്ങളില്‍ പുരുഷന്മാരില്‍ വന്ധ്യത, സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം, കുട്ടികളില്‍ ജന്മ വൈകല്യങ്ങള്‍ എന്നിവ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഹോര്‍മോണ്‍ സംവിധാനം തകരാറിലാക്കും. കോശങ്ങളിലെ ഡിഎന്‍എയ്ക്കു കേടുപാടുണ്ടാക്കും.
റൗണ്ടപ്പ് കേസുകള്‍ കാരണം ബെയറിന്റെ ഓഹരിയില്‍ അടുത്ത കാലത്ത് വന്‍ ഇടിവുണ്ടായിട്ടുണ്ട്. വിദേശങ്ങളിലുണ്ടായ ഈ നഷ്ടം ഇന്ത്യന്‍ വിപണിയില്‍ നിന്നും നികത്തിയെടുക്കാനുള്ള തന്ത്രമാണ് കര്‍ഷകരെ മുന്നില്‍ നിറുത്തി സത്യഗ്രഹം എന്ന പേരില്‍ നടത്തുന്ന സമരാഭാസം. ഇന്ത്യയില്‍ കളനാശിനികളോട് പ്രതിരോധ ശേഷിയുള്ള ജി എം വിത്തിനങ്ങളുടെ കൃഷി അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പല വിദഗ്ധ സമിതികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2013- ല്‍ സുപ്രീം കോടതി നിയോഗിച്ച ഒരു സാങ്കേതിക വിദഗ്ധ സമിതിയും ഈ വിളകളുടെ കൃഷി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ വിളകള്‍ പരിസ്ഥിതി തകര്‍ക്കും. മണ്ണും ജലവും വിഷലിപ്തമാക്കും. മനുഷ്യന്റെ ആരോഗ്യം തകര്‍ക്കും. ഒരു രീതിയിലും നിയന്ത്രിക്കാനാവാത്ത “സൂപ്പര്‍ കളകള്‍ ” ഉരുത്തിരിഞ്ഞു വരും. ഇവയൊക്കെയായിരുന്നു കണ്ടെത്തല്‍.
ഇന്ത്യയില്‍ ജനിതക പരിവര്‍ത്തനം വരുത്തിയ വിളകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നത് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റിയാണ്.ഇന്ത്യയില്‍ ജി എം വിളകള്‍ പുറത്തിറക്കുന്നതു സംബന്ധിച്ച നിയമങ്ങള്‍ കടലാസില്‍ ശക്തമാണെങ്കിലും ലോകത്തിലെ ഏറ്റവും കുത്തഴിഞ്ഞ സംവിധാനമാണ് ഇവിടെയുള്ളത്. ജി ഇ എ സി യുടെ അനുമതിയില്ലാത്ത വ്യാജ ജി എം വിത്തുകളുടെ കൃഷി, രാജ്യത്ത് അതിവേഗം വ്യാപിക്കുന്നത് നിലവിലുള്ള നിയന്ത്രണ സംവിധാനം എത്രമാത്രം കാര്യക്ഷമതയില്ലാത്തതാണെന്ന് സൂചിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് മിക്ക ജി എം വിളപരീക്ഷണങ്ങളും നടക്കുന്നത്. ഏതെങ്കിലും ഒന്നോ രണ്ടോ വിളകളില്‍ അനുമതി വാങ്ങിയ ശേഷം മറ്റു വിളകളിലും പരീക്ഷണം നടത്തുന്നു. പരീക്ഷണം പൂര്‍ത്തിയാകാത്തതും കള്ളക്കടത്തിലൂടെ വിദേശത്തു നിന്നെത്തിയതുമായ ജി എം വിത്തുകള്‍ കര്‍ഷകരുടെ വയലുകളില്‍ വ്യാപകമാകുന്നു. ഇത്തരം വിത്തുകള്‍ കൃഷി ചെലവ് കുറച്ച് ലാഭം നല്‍കുമെന്നതാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
അതുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ ഇതിന് വേണ്ടി മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വന്തം നിലയ്ക്ക് ഇത്തരം വിത്തുകള്‍ പരീക്ഷിക്കുന്നതും ഇതിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതും. ഉദാഹരണത്തിന് അഹര്‍ബിസൈഡിനെ പ്രതിരോധിക്കുന്ന കോട്ടണ്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. റൗണ്ടപ്പ് പോലുള്ള കളനാശിനികളുടെ സഹായത്തോടെ ഒരു ഏക്കറിന് 500 രൂപ ചെലവില്‍ കള നശിപ്പിക്കാമെന്നാണ് ഇതിന്റെ മേന്മയായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അല്ലെങ്കില്‍ കള നശീകരണത്തിന് 10000 രൂപ ചെലവ് വരുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ കളകള്‍ തന്നെ ഇത്തരം മാരകവിഷത്തോട് പ്രതിരോധ ശേഷി നേടും എന്നതിനാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇതുകൊണ്ട് ലാഭമുണ്ടാകില്ലെന്നും കൃഷിഭൂമി നശിക്കുന്നതോടൊപ്പം മനുഷ്യര്‍ക്ക് മാരക രോഗമായിരിക്കും ആത്യന്തിക ഫലമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഇതിന് നിരോധനമുണ്ട്. പിന്നീട് ജൈവ കൃഷി സാധ്യമല്ലാത്തതിനാലാണ് ഇത് ഇപ്പോള്‍ കേരളത്തില്‍ നിരോധിച്ചിരിക്കുന്നത്.
ഏതെല്ലാം കമ്പനികളാണ് അനുമതിയില്ലാത്ത ജി എം വിത്തുകള്‍ വില്‍ക്കുന്നതെന്നും ആരുടെ പിന്തുണയാണിതിനു പിന്നിലെന്നും എല്ലാവര്‍ക്കുമറിയാം. ഇതു തടയാനാവാതെ എന്തു നിയന്ത്രണ സംവിധാനമെന്നാണ് സന്നദ്ധ സംഘടനകള്‍ ചോദിക്കുന്നത്.
ജി ഇ എ സി യുടെ പ്രവര്‍ത്തനം തെല്ലും സുതാര്യമല്ലെന്ന് പണ്ടെ ആരോപണമുണ്ട്. ജി എം വിളകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികളാണ് ഇതിലെ പല അംഗങ്ങളും. ഇവര്‍ക്ക് ഒരിക്കലും നിഷ്പക്ഷ തീരുമാനങ്ങള്‍ എടുക്കാനാവില്ല. ഇവര്‍ക്ക് ഗവണ്മെന്റ് സമിതികളുടെ തീരുമാനങ്ങളെ കമ്പനികള്‍ക്ക് അനുകൂലമാക്കാനാവും. എല്ലാ പരീക്ഷണങ്ങളും കമ്പനികള്‍ തന്നെ നടത്തി അവര്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുക മാത്രമാണ് ജി ഇ എ സി ചെയ്യുന്നത്. സ്വതന്ത്രമായ ഒരു തീരുമാനവും സമിതി എടുക്കുന്നില്ല.
കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് രാജ്യത്ത് ജി എം വിളകള്‍ക്കു വേണ്ടി നടക്കുന്ന ഈ സമരം. ഇതിനു പിന്തുണയുമായെത്തിയിരിക്കുന്നത് ജി എം വിളകളെ പിന്തുണക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരും ബഹുരാഷ്ട്ര കുത്തക വിത്തുകമ്പനികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരുമാണ്.
Read more
നിയന്ത്രണ സംവിധാനങ്ങളെയും പരിസ്ഥിതി നിയമങ്ങളെയും നിഷ്പ്രഭമാക്കി കൊണ്ടു നടത്തുന്ന ഈ കര്‍ഷകസമരത്തിന് പിന്നില്‍ ഒരു ലക്ഷ്യമെ ഉള്ളൂ. അനധികൃത ജി എം കൃഷി സര്‍വ്വവ്യാപിയാക്കിയതിനു ശേഷം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അതിന് നിയമപരമായ അനുമതി വാങ്ങിയെടുക്കുക. പുതിയ സാങ്കേതിക വിദ്യകള്‍ വേണമെന്ന കര്‍ഷകരുടെ ആവശ്യം ന്യായമാണ്. പക്ഷെ അത് കള്ളക്കടത്തിലൂടെയും നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയും ആയിരിക്കരുത്. ഇപ്പോള്‍ സത്യഗ്രഹം എന്നു പേരിട്ട് ഒരു വിഭാഗം നടത്തുന്ന സമരം രാജ്യത്തെ കാര്‍ഷിക മേഖലയെ അരാജകത്വത്തിലേക്ക് തള്ളി വിടുകയെ ഉള്ളൂ.