കെ.സഹദേവന്‍
‘Tycoon profited after India relaxed border security rules for energy park’ എന്ന തലക്കെട്ടോടെ ഇന്നലെ (ഫെബ്രുവരി 12) ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഫ്രഞ്ച് ലിബര്‍ട്ടേറിയന്‍ കമ്യൂണിസ്റ്റായ ഡാനിയല്‍ ഗുറെന്റെ (Daniel Guerin) ‘Fascism & Big Business’ എന്ന പുസ്തകത്തെ ഓര്‍മ്മയിലേക്ക് എത്തിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൗരോര്‍ജ്ജ പാര്‍ക്ക് ആരംഭിക്കുന്നതിനായി അതിര്‍ത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും പിന്നീട് ഇതേ പദ്ധതി അദാനിക്കായി നല്‍കുകയും ചെയ്തുവെന്ന വാര്‍ത്തയാണ് ദ ഗാര്‍ഡിയന്‍ പുറത്തുകൊണ്ടുവന്നത്.
രാജ്യസുരക്ഷ, അഴിമതി, സാമ്പത്തിക തകര്‍ച്ച, ഭൂരിപക്ഷം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അധികാരത്തിലേറുന്ന ഫാസിസ്റ്റ് ശക്തികള്‍ തങ്ങളുടെ രക്ഷാധികാരികളായ വന്‍കിട കോര്‍പ്പറേറ്റ് ബിസിനസ് ഗ്രൂപ്പുകള്‍ക്കായി രാജ്യത്തിന്റെ പൊതു വിഭവങ്ങള്‍ പകുത്തുനല്‍കുന്നതെങ്ങിനെയെന്നും ദേശീയ സുരക്ഷ അടക്കം അപകടപ്പെടുത്താന്‍ പോകുന്ന തീരുമാനങ്ങളിലേക്ക് എങ്ങിനെ ചെന്നെത്തുന്നുവെന്നും ഗുറെന്‍ 1939-ല്‍ എഴുതിയ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
‘ഇന്ത്യാ എഗേന്‍സ്റ്റ് കറപ്ഷന്‍’ ആസൂത്രിക ക്യാമ്പെയ്‌നിലൂടെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ നടത്തിവന്ന അഴിമതിക്കെതിരായ മുന്നേറ്റത്തിന്റെ ഫലം കൊയ്ത ബിജെപി അക്കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും അതേരീതിയില്‍ ഈ ഗ്രന്ഥത്തില്‍ കണ്ടെടുക്കാവുന്നതാണ്. രാജ്യത്തെ അഴിമതി മുക്തമാക്കുക, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റുക, ചെറുകിട കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും നികുതി ഇളവുകള്‍, യുവജനങ്ങള്‍ക്ക് തൊഴില്‍, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ… അങ്ങിനെ പോകുന്നു നരേന്ദ്ര മോദിയെന്ന നേതാവിനെ മുന്‍നിര്‍ത്തി സംഘപരിവാരങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍.
വാഗ്ദാനങ്ങളുടെ ഒരു ദശകത്തിന് ശേഷം, മോദി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക ജീവിത സാഹചര്യങ്ങളെന്താണെന്ന് വിശദീകരിക്കേണ്ട കാര്യമില്ല. മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്ത് ഒരു ഡോളറിന് 64 രൂപയായിരുന്നത് ഇന്ന് 87 രൂപയായി മാറി. രൂപയുടെ മൂല്യം പ്രവചനാതീതമായി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. തൊഴില്‍-കാര്‍ഷിക മേഖലകളില്‍ തൊഴിലാളി-കര്‍ഷക വിരുദ്ധ പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ തൊട്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പൊതുവിഭവങ്ങള്‍ വീതംവെക്കാനുമുള്ള ഇടപെടലുകള്‍ ഈ ചെറിയ കാലയളവില്‍ത്തന്നെ വലിയ തോതില്‍ നടന്നു. ഓരോ പരിഷ്‌കരണങ്ങളും കടന്നുവന്നത് വിവിധങ്ങളായ സാമൂഹിക സംഘര്‍ഷങ്ങളെ മൂര്‍ച്ഛിപ്പിച്ചുകൊണ്ടായിരുന്നു. സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ നിന്ന് മറച്ചുവെക്കുന്നതിനായി മത-വംശീയ വിഷയങ്ങള്‍ അതത് സമയങ്ങളില്‍ സമൂഹമധ്യത്തിലേക്ക് എടുത്ത് വീശാന്‍ സംഘപരിവാര്‍ ഫ്രിഞ്ജ് എലമെന്റ്‌സ് എക്കാലവും ശ്രദ്ധിച്ചുപോരുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ അദാനി എന്ന സ്വന്തക്കാരന് വേണ്ടി രാജ്യ സുരക്ഷപോലും പണയപ്പെടുത്താന്‍ മോദി സര്‍ക്കാരിന് ഒട്ടും മടിയില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഫേല്‍ വിമാന അഴിമതിയും ഇതേ ഗണത്തില്‍പ്പെടുന്നതാണ്.
മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും അതിനെ രക്ഷിക്കാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഫാസിസം എക്കാലവും കടന്നുവന്നിട്ടുള്ളത് എന്ന് വസ്തുനിഷ്ഠ വിലയിരുത്തലിലൂടെ ഗുറെന്‍ തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഫാസിസത്തെ വംശീയവാദം, കോണ്‍സെന്‍ട്രേഷന്‍ കാമ്പുകള്‍, ഹോളോകോസ്റ്റുകള്‍ എന്നിവയില്‍ മാത്രം തിരയുന്നവര്‍ക്കായി അത് മുതലാളിത്ത പ്രതിസന്ധിയില്‍ നിന്നുള്ള രക്ഷകരായി എങ്ങിനെ അവതരിക്കുന്നുവെന്ന് വളരെ വിശദമായിത്തന്നെ ഈ പുസ്തകം വിവരിക്കുന്നു. മുതലാളിത്തത്തെ സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഫാസിസം മധ്യവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വലിയൊരു ജനഞ്ചയത്തിന്റെ പിന്തുണ നേടുന്നതെങ്ങിനെയെന്നും ഗുറെന്‍ വ്യക്തമാക്കുന്നു.
ഫാസിസ്റ്റ് ഭരണകൂടങ്ങളെ അതിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മനസ്സിലാക്കാനുള്ള ഒരു ആമുഖ ഗ്രന്ഥമെന്ന നിലയില്‍ ഡാനിയല്‍ ഗുറെന്റെ പുസ്തകത്തെ സമീപിക്കാം. 1920-കളില്‍ത്തന്നെ വീശിയടിക്കാന്‍ തുടങ്ങിയ യൂറോപ്യന്‍ ഫാസിസത്തിന്റെ പൊതുവില്‍ വിശദീകരിക്കപ്പെടാത്ത വിവിധ വശങ്ങളെ ഗുറെന്‍ ഈ പുസ്തകത്തിലൂടെ ആഴത്തില്‍ വിശകലനം ചെയ്യുന്നു.
ഫാസിസത്തിന് എക്കാലവും ഒരേ രൂപവും ഭാവവുമാണെന്ന് കരുതുന്നത് തീര്‍ച്ചയായും തെറ്റായ അനുമാനമായിരിക്കമെന്നും അത് സ്ഥല-കാല ഭേദങ്ങള്‍ക്കനുസരിച്ച് പുതുരൂപങ്ങള്‍ കൈക്കൊള്ളുകയും വര്‍ഗ്ഗ-വംശീയ സമൂഹങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിനാവശ്യമായ തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഗുറെന്‍ വിശദീകരിക്കുന്നു.
എന്നാല്‍ കാല-ദേശ വ്യത്യാസമില്ലാതെ അതിന് അനുഷ്ഠിക്കാനുള്ള സേവനം മുതലാളിത്ത പാദപൂജ തന്നെയാണ്. ഫാസിസത്തിന്റെ ആദ്യ പ്രകടിത രൂപം തന്നെ യുദ്ധാനന്തര ലോകത്തിന്റെ പ്രതിസന്ധികളില്‍ നിന്ന് മുതലാളിത്തത്തെ കരകയറ്റാനായിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെട്ട സംഗതിയാണല്ലോ.
ഗെറന്‍ നിരീക്ഷിക്കുന്നു:
‘സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, ലാഭത്തിന്റെ തോത് പൂജ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, ബൂര്‍ഷ്വാസിക്ക് അതിന്റെ ലാഭം പുനഃസ്ഥാപിക്കാന്‍ ഒരേയൊരു വഴി മാത്രമേ കാണാനാകൂ: അത് അവസാന ഇഞ്ചുവരെ വരെ ജനങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു. ഒരിക്കല്‍ ഫ്രാന്‍സിലെ ധനകാര്യ മന്ത്രിയായിരുന്ന എം. കെയ്‌ലാക്‌സ് ‘മഹാ പ്രായശ്ചിത്തം’ (great penance) എന്ന് പ്രത്യക്ഷമായി വിശേഷിപ്പിച്ചത് ഇതിനെയാണ്. വേതനവും സാമൂഹിക ചെലവുകളും ക്രൂരമായി വെട്ടിക്കുറയ്ക്കല്‍, ഉപഭോക്താവിന്റെ ചെലവില്‍ താരിഫ് തീരുവ വര്‍ധിപ്പിക്കല്‍ മുതലായവ. സംസ്ഥാനം, കൂടാതെ, ബിസിനസിനെ രക്ഷിക്കുന്നു. പാപ്പരത്തത്തിന്റെ വക്കിലെത്തിലെത്തി നില്‍ക്കുന്ന ജനങ്ങളെ കടുത്ത നികുതി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്നു. സബ്‌സിഡികള്‍, നികുതി ഇളവുകള്‍, പൊതുമരാമത്തിനായുള്ള ഓര്‍ഡറുകള്‍, ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് വന്‍കിട ബിസിനസ് സംരംഭങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നു.’ (പേജ് 27-28)
(തീര്‍ച്ചയായും ഗെറന്റെ കാലത്തില്‍ നിന്നും വ്യത്യസ്തമായി, ”ലാഭത്തിന്റെ തോത് പൂജ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍” മാത്രമല്ല, ലാഭപ്പെരുക്കങ്ങളുടെ തോത് വര്‍ധിപ്പിക്കാനും ഫാസിസം മുതലാളിത്തത്തെ സഹായിക്കുന്നതായി കാണാം.)
ഫാസിസം മുതലാളിത്ത ഭരണകൂടത്തിന്റെ പുനര്‍നിര്‍മ്മാണവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മൂലധന ഭരണകൂടത്തിന്റെ അഖണ്ഡതയ്ക്ക് എന്തെങ്കിലും ഗുരുതരമായ ഭീഷണി നേരിടുന്ന അവസരത്തിലൊക്കെ അവ അവതരിക്കുമെന്നതിനും ചരിത്രപരമായ തെളിവുകള്‍ നിരവധിയാണ്.
ഇന്ത്യന്‍ ഫാസിസം നടത്തുന്ന മുതലാളിത്ത പാദപൂജയുടെ സമാനാനുഭവങ്ങള്‍ ഡാനിയല്‍ ഗെറന്റെ ഗ്രന്ഥത്തില്‍ കണ്ടെത്താം. വ്യാവസായിക മേഖലയില്‍, കാര്‍ഷിക മേഖലയില്‍, നികുതി പരിഷ്‌കരണങ്ങളില്‍ ഫാസിസ്റ്റ് ഇറ്റലിയും ജര്‍മ്മനിയും അക്കാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ വര്‍ത്തമാന ഇന്ത്യയില്‍ നടക്കുന്ന പരിഷ്‌കരണങ്ങളുമായി ചെറുതല്ലാത്ത സമാനതകളുണ്ടെന്ന് കാണാം.
Read more
ജനാധിപത്യത്തെ ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്നത് അത് ജനങ്ങള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ അവകാശങ്ങളെ ഒരുതരം സുരക്ഷാ വാല്‍വായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. മുതലാളിത്ത വിപണി വിശാലമാകുമ്പോള്‍ തെറിച്ചുവീഴുന്ന അപ്പക്കഷണങ്ങള്‍ പെറുക്കുന്ന കൂട്ടങ്ങളായി മധ്യവര്‍ഗ്ഗങ്ങള്‍ നിലയുറപ്പിക്കുന്നു. ഇറ്റലിയിലെയും ജര്‍മ്മനിയിലെയും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഈ മധ്യവര്‍ഗ്ഗ ജനവിഭാഗത്തെ തങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പിക്കാന്‍ എങ്ങിനെ ഉപയോഗപ്പെടുത്തി എന്നും ഗുറെന്‍ തന്റെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു.