കെ സഹദേവന്‍
‘ആദ്യം ഈ ബംഗാളികളെ ഇവിടുന്ന് ആട്ടിയോടിക്കണം’ പറയുന്നത് മറ്റാരുമല്ല ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലിരിക്കുന്ന ഒരു കേന്ദ്ര മന്ത്രിയാണ്. പേര് സുരേഷ് ഗോപി.
തൊഴിലാളികള്‍ 1300 രൂപ കൂലി ചോദിക്കുന്നത് പരാമര്‍ശിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഏത് സുരേഷ് ഗോപി? ഓരോ സിനിമയ്ക്കും കോടികള്‍ പ്രതിഫലം വാങ്ങുന്ന അതേ ഗോപി!!
ഭരണഘടനാ ബോധം പോയിട്ട് സാമാന്യ ബോധം പോലുമില്ലാത്ത കേവലമൊരു മാംസപിണ്ഡം മാത്രമാണ് ഈ മഹാന്‍ എന്നതിനാല്‍ അയാളുടെ ജല്പനങ്ങള്‍ക്ക് സാമാന്യഗതിയില്‍ എന്തെങ്കിലും വിലകല്‍പ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
എന്നാല്‍ ഔദ്യോഗിക പദവിയിലിരിക്കുകയും രാജ്യത്തിന്റെ പൊതുവായ അഖണ്ഡതയ്ക്കും ഐക്യത്തിനും വിള്ളലുകളേല്‍പ്പിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കേന്ദ്ര മന്ത്രി സ്ഥാനം ഉപയോഗപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് യാതൊരു അധികാരവുമില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
സുരേഷ് ഗോപി ബംഗാളി തൊഴിലാളികള്‍ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തുന്നത് യാദൃശ്ചിമോ, അബോധപൂര്‍വ്വമോ ആയ കാര്യമല്ല. തീവ്ര വലതുപക്ഷ രാഷ്ട്രീയം എവിടെയും എക്കാലത്തും എടുത്തുപയോഗിക്കുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വിദ്വേഷ രാഷ്ട്രീയം തന്നെയാണ് സുരേഷ് ഗോപിയുടെ വിഷംതീണ്ടിയ പ്രസ്താവനയിലും കാണാന്‍ കഴിയുക.
കേരളത്തില്‍ സംഘപരിവാരങ്ങള്‍ എടുത്തു പ്രയോഗിക്കാന്‍ പോകുന്ന രാഷ്ട്രീയ അജണ്ടയുടെ പുളിച്ചുതികട്ടല്‍ മാത്രമാണ് സുരേഷ് ഗോപിയുടെ കുടിയേറ്റ തൊഴിലാളി വിരുദ്ധ പ്രസ്താവന.
മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 10ശതമാനത്തോളം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന, ഏതാണ്ട് അത്രയും തന്നെ ആളുകള്‍ ആഭ്യന്തരം കുടിയേറ്റം നടത്തിയിട്ടുള്ള, റെമിറ്റന്‍സ് ഇക്കണോമിയില്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പൊക്കിയിട്ടുള്ള ഒരു സംസ്ഥാനത്ത് നിന്നുകൊണ്ടാണ് ഒരു എംപി ഇത്തരമൊരു വൃത്തികെട്ട പ്രസ്താവന നടത്തിയിരിക്കുന്നത് എന്നത് അത്യന്തം അപലപനീയമായ സംഗതിയാണ്.
വംശം, തൊലിനിറം, മതം, ദേശീയത, ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, വൈകല്യം എന്നിവയൊക്കെയും വിവേചനം, ഭീഷണികള്‍, അധിക്ഷേപങ്ങള്‍, ആക്രമണങ്ങള്‍, ഒഴിവാക്കല്‍ എന്നിവയ്ക്കുള്ള ഉപാധികളാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന, അവയൊക്കെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ആയുധങ്ങളാക്കി മാറ്റാമെന്ന് കരുതുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയിലൂടെ പുറത്തുചാടുന്നത്.
ഓര്‍ക്കുക. ഈ അധമ രാഷ്ട്രീയത്തെ മുളയിലേ നുള്ളിക്കളയാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ ഈ കൊച്ചുകേരളം മറ്റൊരു മണിപ്പൂരാകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
(സുരേഷ് ഗോപിയുടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനയ്ക്ക് വീഡിയോ കാണുക)