'ഹലോ ജോയല്‍'... കൂപ്പറുടെ ആ വിളിക്ക് അമ്പതാണ്ട് !

മനുഷ്യന്റെ സന്തത സഹചാരിയായി മാറിയ മൊബൈൽ ഫോണിന് 50 വയസ് പിന്നിട്ടു . 1973 ഏപ്രിൽ 3, ന്യൂയോർക്കിലെ സിക്സ്ത് അവന്യുവിൽ നിൽക്കുകയായിരുന്ന ഒരാൾ വഴിയാത്രക്കാർ നോക്കി നിൽക്കെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ബുക്ക് എടുക്കുകയും ‘ബ്രിക്’ എന്ന് പേരിട്ടിരിക്കുന്ന ക്രീം നിറത്തിലുള്ള വലിയ ഭാരമേറിയ ഉപകരണത്തിൽ നമ്പറുകൾ അടിച്ച് ചെവിയിൽ വെക്കുകയും ചെയ്തു. ‘ കൈയിൽ ഒതുങ്ങുന്ന, കൊണ്ടുനടക്കാവുന്ന, സ്വന്തം ഫോണിൽ നിന്നാണ് ഞാൻ വിളിക്കുന്നത് എന്ന് അയാൾ മറുതലയ്ക്കൽ ഉണ്ടായിരുന്ന ആളോട് പറഞ്ഞു. മറുഭാഗത്ത് നിശബ്ദത മാത്രമായിരുന്നു മറുപടി. തന്റെ എതിരാളിയായ എടി ആൻഡ് ടി കമ്പനി മേധാവി ഡോക്ടർ ജോയൽ എൻഗലിനെ അന്ന് വളരെയധികം ആകാംഷയോടെ വിളിച്ചത് യു.എസ്. കമ്പനിയായ മോട്ടറോളയിലെ എഞ്ചിനീയറായ, ഇന്ന് മൊബൈൽ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്ന മാര്‍ട്ടിന്‍ കൂപ്പർ ആയിരുന്നു. ഇതായിരുന്നു ചരിത്രത്തിലെ ആദ്യത്തെ മൊബൈൽ സംഭാഷണം. മോട്ടറോള ‘ഡൈനടാക് 8000 എക്സ്’ ഫോൺ ആണ് ലോകത്തിലെ ആദ്യത്തെ സെല്ലുലാർ ഫോൺ.

1928ൽ ചിക്കാഗോയിലാണ് മാർട്ടിൻ കൂപ്പർ ജനിച്ചത്. ഇലിനോയ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ കൂപ്പർ കുറച്ചുകാലം യുഎസ് നേവിയിൽ നാവികനായും ജോലി ചെയ്തു. 1954ൽ മോട്ടോറോളയിൽ ചേർന്ന കൂപ്പർ ആശയവിനിമയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കമ്പനിയുടെ ഗവേഷണ മേഖലയിലാണ് പ്രവർത്തിച്ചുപോന്നത്. മൊബൈൽ ഫോൺ വികസിപ്പിക്കാനുള്ള നിയോഗം എത്തിയതോടെ കൂപ്പർ തന്റെ പ്രയത്നത്തിലൂടെ ഡൈനാമിക് അഡാപ്റ്റീവ് ടോട്ടൽ ഏരിയ കവറേജ് (DynaTAC) എന്ന പേരിൽ ആദ്യ മൊബൈൽ ഫോൺ യാഥാർഥ്യമാക്കി. 23 സെന്റിമീറ്റർ നീളവും ഒരു കിലോയോളം ഭാരവും ഒരു ഇഷ്ടികയുടെ വലുപ്പവും ഉണ്ടായിരുന്ന ഫോണിന്റെ ബാറ്ററി ചാർജ് വെറും 25 മിനിറ്റ് മാത്രമായിരുന്നു. വീണ്ടും ചില പരിഷ്കരണങ്ങളും ഗവേഷണങ്ങളും നടത്തി പത്ത് വർഷത്തിന് ശേഷം 1983ൽ മോട്ടറോള ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള ആദ്യ മൊബൈൽ ഫോൺ വിപണിയിൽ ഇറക്കി. ഡൈനടാക്ക് 8000 എക്സ് എന്നു പേരിട്ട ഫോണിന് ഏകദേശം ഇന്നത്തെ 3 ലക്ഷം രൂപയായിരുന്നു വില.

പിന്നീട് ഓരോ വർഷവും അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരുന്നത്. 1992ല്‍ മൊബൈല്‍ ഫോണ്‍ വഴി ആദ്യ സന്ദശവും 1997ൽ ഗെയിമുകളും 1999ൽ വീഡിയോ കോൾ സംവിധാനവും ആരംഭിച്ചു. 2001ല്‍ ജപ്പാനില്‍ ത്രീ-ജി ഇന്‍ര്‍നെറ്റ് സാങ്കേതിക വിദ്യ ആദ്യമായി തുടങ്ങി. 2003ല്‍ പുറത്തിറക്കിയ നോക്കിയ 1100 ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഫോണായി മാറി. 2007ല്‍ ആപ്പിള്‍ ആദ്യ ഐഫോണ്‍ പുറത്തിറക്കി. 2009ൽ ഇന്ന് ഏറ്റവും പ്രചാരമുള്ള വാട്സാപ്പും ഫോണുകളിലെത്തി. അങ്ങനെ നിരവധി മെസ്സേജ് ആപ്ലിക്കേഷനുകളും ആളുകൾക്ക് വേണ്ടത് എന്താണോ അവയെല്ലാം കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ഫോണുകളിലൂടെ എത്തിക്കൊണ്ടിരുന്നു. ഇന്നിപ്പോൾ 4ജിയും 5ജിയും കടന്ന് 6ജിയിലെത്തി നിൽക്കുകയാണ്. കണക്കുകൾ പ്രകാരം ലോകത്താകമാനം 733 കോടി മൊബൈല്‍ ഉപയോക്താക്കളാണുള്ളത്. 2025ല്‍ ഇത് 749കോടിയിലെത്തുമെന്നാണ് റിപ്പോർട്ട്.

Read more

എന്നാൽ ഇന്നത്തെ ആളുകൾ മൊബൈലുമായി നടക്കുമ്പോൾ തനിക്ക് വിഷമമാണ് തോന്നുന്നത് എന്നാണ് മാർട്ടിൻ കൂപ്പർ ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മൊബൈൽ ഫോണിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് പ്രശ്നം. ഫോണിൽ നോക്കി ഒരാൾ റോഡ് മുറിച്ചു കടക്കുന്നത് കാണുമ്പോൾ വിഷമം വരും. അവരുടെ മനസ് അവരുടെ കയ്യിലല്ല എന്നും മാർട്ടിൻ കൂപ്പർ പറഞ്ഞു. തന്റെ കൊച്ചുമക്കളും അവരുടെ മക്കളും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വേഗത്തിൽ തനിക്കൊരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു. അനന്ത സാധ്യതകളുള്ള മൊബൈൽ ഫോൺ ഒരിക്കലും നമ്മെ കീഴ്പ്പെടുത്താന്‍ ഇടയാകരുത് എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.