വിശക്കുമ്പോൾ ഭക്ഷണത്തിന്റെ ചിത്രങ്ങൾ 30 തവണയെങ്കിലും നോക്കിയാൽ വിശപ്പ് കുറയുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ !

വിശപ്പടക്കാൻ ഭക്ഷണം കഴിക്കണമെന്നില്ല, ഭക്ഷണത്തിന്റെ ചിത്രങ്ങളിൽ നോക്കിയാൽ മതിയെന്ന് ഗവേഷകരുടെ കണ്ടെത്തൽ. പൊതുവെ വിശപ്പുണ്ടാകുമ്പോൾ ഭക്ഷണം കഴിക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാൽ ഭക്ഷണത്തിന്റെ ചിത്രങ്ങളിൽ നോക്കിയാൽ വിശപ്പടക്കാൻ കഴിയും എന്നാണ് ഗവേഷകർ പറയുന്നത്. ഒന്നോ രണ്ടോ തവണയല്ല, മുപ്പത് തവണ നോക്കണം എന്നാണ് ഇവർ പറയുന്നത്. ഏതെങ്കിലും സമയത്ത് വിശപ്പ് തോന്നിയാൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ ചിത്രം കുറഞ്ഞത് മുപ്പത് തവണയെങ്കിലും നോക്കിയാൽ വിശപ്പ് മാറിയ പ്രതീതി ലഭിക്കുമെന്ന് ചുരുക്കം.

ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ ചിത്രങ്ങൾ എങ്ങനെയാണ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുക എന്നതിനെ കുറിച്ചുള്ള ചില പഠനങ്ങളാണ് ഗവേഷണത്തിൽ നടത്തിയിരിക്കുന്നത്. ഒരു തവണയോ രണ്ടു തവണയോ ഭക്ഷണത്തിന്റെ ചിത്രത്തിലേക്ക് നോക്കിയാൽ പ്രത്യേകിച്ച് ഒന്നും തോന്നില്ല, മറിച്ച് ആവർത്തിച്ച് ആ ചിത്രം കാണുമ്പോൾ ആളുകൾക്ക് സംതൃപ്തി തോന്നും എന്നാണ് ഗവേഷകർ പറയുന്നത്.

ആയിരത്തിലധികം ആളുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് വ്യത്യസ്ത ഭക്ഷണ പദാർത്ഥങ്ങളുടെ ചിത്രങ്ങൾ നോക്കാൻ നൽകിയാണ് പഠനം നടത്തിയത്. ഈ ചിത്രങ്ങളിൽ ആവർത്തിച്ച് നോക്കിയ ആളുകൾക്കെല്ലാം വിശപ്പടങ്ങുന്ന തരത്തിൽ സംതൃപ്തി തോന്നി എന്നാണ് പഠനത്തിൽ പറയുന്നത്. പിസ, ബർഗർ മുതലായ ഭക്ഷണപദാർത്ഥങ്ങൾ തൊട്ട് തുടങ്ങി ചെറിയ മിഠായികളുടെയും ചോക്ലേറ്റുകളുടെയും കൂൾ ഡ്രിങ്ക്സിന്റെ കാര്യത്തിൽ പോലും കാര്യത്തിൽ പുതിയ കണ്ടെത്തൽ സത്യമാണ് എന്നാണ് പഠനം റിപ്പോർട്ട് ചെയ്‍തത്. ഈ ചിത്രങ്ങൾ പല ആവർത്തി കണ്ട ശേഷം പഠനത്തിൽ പങ്കെടുത്തവർക്ക് വിശപ്പ് കുറഞ്ഞതായും ശേഷം കുറച്ചു മാത്രം ആഹാരം കഴിക്കുകയും ചെയ്തു.

ഈ രീതിയിൽ സംതൃപ്തി ലഭിക്കുന്നതിന് കാരണം തലച്ചോറിന്റെ പ്രവർത്തനമാണ് എന്നാണ് ഗവേഷണത്തിൽ പങ്കാളിയായ ആർഹസ് സർവകലാശാലയിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ ജാർക്ക് ആൻഡേഴ്സൺ പറയുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഉത്തേജിക്കപ്പെടുന്ന തലച്ചോറിന്റെ ചില ഭാഗങ്ങൾ ഭക്ഷണത്തിന്റെ ചിത്രങ്ങളിലേക്ക് ആവർത്തിച്ചു നോക്കുമ്പോഴും ഉത്തേജിപ്പിക്കപ്പെടും എന്നാണ് ജാർക്ക് ആൻഡേഴ്സ് അവകാശപ്പെടുന്നത്.

ഭക്ഷണത്തിന്റെ ചിത്രങ്ങൾ കാണുന്നത് ഒന്നുകിൽ വിശപ്പ് തോന്നിപ്പിക്കുകയോ ഭക്ഷണത്തിന്റെ ആസക്തിയെ തൃപ്തിപ്പെടുത്തുകയോ ചെയ്യുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ ചിത്രങ്ങൾ കാണുന്നത് സംതൃപ്തിയുടെ ഒരു രൂപമായി കാണാമെന്നും അല്ലെങ്കിൽ ഭക്ഷണത്തോടുള്ള ആരുടെയെങ്കിലും ആഗ്രഹം താൽക്കാലികമായി തൃപ്തിപ്പെടുത്താൻ ഇതിന് സാധിക്കുമെന്നും ഗവേഷകർ പറയുന്നു. ഇത് കൂടാതെ ഭക്ഷണത്തിന്റെ ചിത്രങ്ങൾ കാണുന്നത് സംതൃപ്തി തോന്നിപ്പിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഉപകരിക്കും എന്നും ഗവേഷകർ പറയുന്നുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അവരുടെ വിശപ്പ് ഇല്ലാതാക്കാൻ ഭക്ഷണത്തിന്റെ ഫോട്ടോകൾ ആവർത്തിച്ച് കാണിക്കാമെന്ന് നിർദേശിച്ചിരിക്കുകയാണ് ഗവേഷകർ. കൂടാതെ ആസക്തിയെ അടിച്ചമർത്താൻ സഹായിക്കുന്ന ഒരു ആപ്പ് വികസിപ്പിക്കാൻ സാധിക്കുമെന്നും ആൻഡേഴ്സൺ പറഞ്ഞു.

ഒരു ഗൂഗിൾ സെർച്ചിനെ അടിസ്ഥാനമാക്കി നിങ്ങൾ ഒരു ആപ്പ് വികസിപ്പിച്ചെടുത്തു എന്ന് വിചാരിക്കുക. നിങ്ങൾക്ക് പിസ വേണമെന്ന് തോന്നുമ്പോൾ ആ ആപ്ലിക്കേഷൻ തുറക്കുകയും പിസ എന്ന് തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അപ്പോൾ പിസയുടെ നിരവധി ചിത്രങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ രീതിയിൽ, നിങ്ങൾക്ക് ഒരു സംതൃപ്തി ലഭിക്കുകയും പിസ കഴിക്കണമെന്ന ആഗ്രഹം ഇല്ലാതാവുകയും ചെയ്തേക്കാം എന്നാണ് ആൻഡേഴ്സൺ പറയുന്നത്.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഓരോ 12 മണിക്കൂറിലും ശരാശരി ഒരാൾ ഭക്ഷണവുമായി ബന്ധപ്പെട്ട 6.1 പോസ്റ്റുകളാണ് കാണുന്നത് എന്നാണ് 2016 ലെ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ഇനി അർദ്ധരാത്രിയിൽ പോലും വിശപ്പ് തോന്നിയാലോ ഇഷ്ടഭക്ഷണം കഴിക്കാൻ തോന്നിയാലോ ആ ആഗ്രഹങ്ങൾ നിയന്ത്രിക്കാനും സംതൃപ്തി അനുഭവിക്കാനും നിങ്ങളുടെ മൊബൈൽഫോണിൽ രുചികരമായ, നിങ്ങൾക്ക് ഇഷ്ടപെട്ട ഭക്ഷണങ്ങൾ സേവ് ചെയ്തു വച്ചു ആവശ്യമുള്ള സമയങ്ങളിൽ 30 തവണ ആവർത്തിച്ച് നോക്കിയാൽ മാത്രം മതിയാകും.