കോടികളുടെ പിഴയും യുട്യൂബിലെ ഇടിവും; മനംമാറ്റവുമായി ഗൂഗിള്‍; വാരിക്കോരി ആനുകൂല്യങ്ങള്‍; പണം വേണ്ട, ഇനി ധാരാളം ഇടം

ഗൂഗിളില്‍ സമഗ്രമായ അഴിച്ചുപണികള്‍ വരുന്നു. ഗൂഗിളിന്റെ അറ്റാദായത്തില്‍ കനത്ത ഇടിവ് വന്നതോടെയാണ് അതിവേഗങ്ങള്‍ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയാറായത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കമ്പനി നഷ്ടത്തിലേക്ക് പോകുകയാണെന്ന് വ്യക്തമായിരുന്നു.

രണ്ടാം പാദത്തില്‍ 13.9 ബില്യണ്‍ അറ്റാദായമാണ് കമ്പനി നേടിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യണ്‍ ഡോളറായി. ഇതോടെ തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ ഇളവുകള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഉപയോക്താക്കളുടെ വ്യക്തിഗത സ്റ്റോറേജ് സ്പേസ് കുത്തനെ ഉയര്‍ത്താനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ ഗൂഗിള്‍ അവതരിപ്പിക്കും. ബ്ലോഗ്സ്പോട്ട് വഴി ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ഇ മെയിലിനെ കൂടുതലായി ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നീക്കം.

നിലവില്‍ 15 ജി.ബി(ജിഗാബൈറ്റ്) വരേയാണ് ഗൂഗിള്‍ ഉപയോക്താവിന് നല്‍കുന്ന വ്യക്തിഗത സ്റ്റോറേജ് സ്പേസ്. ഇത് ഒരു ടെറാബൈറ്റ് ആയാണ് ഉയര്‍ത്തുക 1024 ജി.ബിക്ക് തുല്യമാണ് ഒരു ടെറാബൈറ്റ്. ഒരു വ്യക്തിയുടെ ഇ മെയില്‍ ശേഖരത്തിന്റെ അളവ് 15 ജി.ബി പിന്നിട്ടാല്‍ നിലവില്‍ മെമ്മറി സ്പേസ് പൂര്‍ണമാകും.

ഇതോടെ ആദ്യം വന്നത് ആദ്യം എന്ന ക്രമത്തില്‍ ഇ മെയിലുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ഇത് ഒഴിവാക്കാന്‍ അനാവശ്യമായ ഇ മെയിലുകള്‍ വ്യക്തിപരമായി സെര്‍ച്ച് ചെയ്ത് ഡിലീറ്റ് ചെയ്യുക മാത്രമാണ് നിലവില്‍ മാര്‍ഗം. അടിയന്തര സ്വഭാവമുള്ള മെയിലുകള്‍ പോലും ഇന്‍ബോക്സില്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയാത്ത സാഹചര്യം ഇത് പലപ്പോഴും സൃഷ്ടിക്കുന്നുണ്ട്. ഈ വെല്ലുവിളി മറികടക്കുന്നതിനാണ് സ്റ്റോറേജ് സ്പേസ് ഉയര്‍ത്തുന്നത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഉപയോക്താക്കളുടെ ഇ മെയില്‍ സ്വാഭാവികമായി അപ്ഡേറ്റ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.ഇതിനു പുറമെ വൈറസ് ഭീഷണിയും ഹാക്കര്‍മാരുടെ വെല്ലുവിളിയും മറികടക്കുന്നതിന് ജി മെയിലിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചറുകളും ഇതോടൊപ്പം അപ്ഡേറ്റ് ചെയ്യപ്പെടുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ലോകത്തിലെ ടെക് കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി തന്നെയാണ് ഗൂഗിളും അഭിമുഖീകരിക്കുന്നത്. ഗൂഗിളിന്റെ പരസ്യ വില്പന 4 ശതമാനം വര്‍ദ്ധിച്ച് 39.5 ബില്യണ്‍ ഡോളറിലെത്തി. 41 ബില്യണ്‍ ഡോളര്‍ വരുമാനമാണ് വിദഗ്ദര്‍ പ്രതീക്ഷിച്ചിരുന്നത്. ആല്‍ഫബെറ്റിന് യുട്യൂബില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു. ഗെയിമിംഗില്‍ നിന്നുള്ള വരുമാനവും ഇത്തവണ കുറഞ്ഞിട്ടുണ്ട്.

കമ്പനിക്കെതിരെ ഇന്ത്യയുടെ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. അടുത്തിടെ ഗൂഗിളിന് 1337.76 കോടി രൂപ പിഴ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചുമത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കരുതെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സമയബന്ധിതമായി മാറ്റം വരുത്താന്‍ ഗൂഗിളിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെതാണ്.

2019ല്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ തങ്ങളുടെ സെര്‍ച്ച് എഞ്ചിന്‍ ഡീഫോള്‍ട്ടോക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി.

അന്വേഷണം നടത്തിയി സിസിഐ വെബ് ലോകത്തെ തെരച്ചിലിലെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഗൂഗിള്‍ അസന്മാര്‍ഗിക രീതികള്‍ പ്രയോഗിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പിഴ ചുമത്തിയത് എന്ന് സിസിഐ വ്യക്തമാക്കിയിരുന്നു.