യൂട്യൂബില്‍ ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിയ്ക്ക് പരിഹാരവുമായി യൂട്യൂബ്. പശ്ചാത്തല സംഗീതം ആണ് പലപ്പോഴും കണ്ടന്റിനേക്കാള്‍ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുന്നത്. കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. ഇതിന് പരിഹാരമായാണ് യൂട്യൂബ് പുതിയ എഐ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.

സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടെയും ഗായകരുടെയും സൃഷ്ടികളായ ജനപ്രിയ സംഗീതവുമൊന്നും പലപ്പോഴും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാന്‍ സാധിക്കാറില്ല. പകര്‍പ്പവകാശമുള്ള സംഗീതം ഉപയോഗിച്ചാല്‍ അത് വീഡിയോയേയും ചാനലിനേയും ബാധിക്കുകയും ചെയ്യും.

ഇതിന് പരിഹാരമായി നേരത്തെ ഉപയോഗിച്ചിരുന്നത് യൂട്യൂബിലെ മ്യൂസിക് ലൈബ്രറിയില്‍ നിന്നുള്ള സംഗീതം ആയിരുന്നു. എന്നാല്‍ പുതിയ എഐ ഫീച്ചര്‍ ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്.

യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോകളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്ടിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. കണ്ടന്റുകള്‍ക്ക് അനുയോജ്യമായതും മറ്റാരും ഉപയോഗിക്കാത്തതുമായ പശ്ചാത്തല സംഗീതം നിര്‍മിച്ചെടുക്കാന്‍ ഈ ടൂള്‍ ക്രിയേറ്റര്‍മാരെ സഹായിക്കും.

Read more

ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പ്രത്യേകം ജെമിനൈ ഐക്കണ്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ഡിസ്‌ക്രിപ്ഷന്‍ ബോക്സില്‍ നിങ്ങള്‍ക്ക് ഏത് തരം സംഗീതമാണ് വേണ്ടത് എന്ന വിശദമാക്കുക മാത്രമാണ് ചെയ്യേണ്ടത്.