ഫോണുകളിലേക്ക് വരുന്ന പരിചയമില്ലാത്ത നമ്പറുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഇനി ട്രൂകോളറിന്റെ ആവശ്യം വേണ്ടിവരില്ല. ട്രൂകോളര്‍ ഇല്ലാതെ തന്നെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഫോണ്‍ കോള്‍ ലഭിക്കുന്നയാളുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് ട്രായ് അവതരിപ്പിക്കുന്നത്.
സ്പാം, ഫ്രോഡ് കോളുകള്‍ മൊബൈല്‍ ഫോണിലേക്ക് വരുമ്പോള്‍ ഈ പുതിയ സംവിധാനമുപയോഗിച്ച്, സേവ് ചെയ്തിട്ടില്ലാത്ത നമ്പരിന്റെ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും.
വിളിക്കുന്നയാളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് തെളിയുക. ട്രൂകോളര്‍ പോലുള്ള ആപ്ലിക്കേഷനുകളെക്കാള്‍ സുതാര്യത പുതിയ സംവിധാനത്തിനുണ്ടെന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. ഉപഭോക്താക്കള്‍ ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെയും സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും പ്രശ്നം തടയാന്‍ ടെലികോം റെഗുലേറ്റര്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും നടപ്പിലാക്കിയിട്ടുണ്ട്.
Read more
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കത്തെ ട്രൂകോളറിന്റെ വക്താവ് സ്വാഗതം ചെയ്തു. സ്പാം, സ്‌കാം കോളുകള്‍ തടയാന്‍ നമ്പര്‍ തിരിച്ചറിയേണ്ടത് നിര്‍ണായകമാണ്. 13 വര്‍ഷമായി ഇതിന് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ട്രായിയുടെ ശ്രമത്തെ അഭിനന്ദിക്കുന്നു എന്നുമാണ് ട്രൂ കോളറിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.