നിരക്കുകള്‍ വീണ്ടും ഉയര്‍ത്താൻ ഒരുങ്ങി വോഡാഫോണ്‍ ഐഡിയ

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കര്‍ ഇതു സംബന്ധിച്ച് സൂചന നല്‍കി.

കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ നവംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനോട് ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചശേഷം മാത്രമേ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തു.

2021 നവംബര്‍ മാസത്തിലാണ് സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി എന്നിവര്‍ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. നിരക്കില്‍ 20 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്. നിരക്കുയര്‍ന്നതോടെ ഉപയോക്താക്കള്‍ കൂട്ടത്തോടെ മറ്റ് സേവനത്തിലേക്ക് മാറുകയായിരുന്നു.

4 ജി സേവനങ്ങള്‍ക്ക് പ്രതിമാസ നിരക്കായ 49 രൂപയില്‍ നിന്നും 79 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇത് 99 രൂപയാക്കുന്നതും ന്യായമായ നിരക്കാണെന്നാണ് കമ്പനിയുടെ അവകാശവാദം.