ലോക്‌സഭാ കക്ഷിനേതാവിനെ മാറ്റാന്‍ കോണ്‍ഗ്രസ്‌; സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയ ‘ജി 23’ നേതാക്കളും പരിഗണനയിൽ

ലോക്‌സഭാ കക്ഷിനേതാവിനെ മാറ്റാന്‍ കോണ്‍ഗ്രസ്‌; സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയ ‘ജി 23’ നേതാക്കളുടെ പേരും പരിഗണനയിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് പുതിയ നേതാവ് എത്തുമെന്ന് സൂചന. അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു മാറ്റാന്‍ കോണ്‍ഗ്രസിൽ ചരടുവലി നടക്കുന്നതായാണ് വിവരം. പാർട്ടിയുടെ പ്രവർത്തനത്തെ വിമർശിച്ച് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ ‘ജി 23’ നേതാക്കളിൽ ആരെങ്കിലുമൊരാളാകും പകരമെത്തുകയെന്നാണു സൂചനയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 19-നാണ്‌ തുടങ്ങുന്നത്‌. രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തിൽ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി നേതാക്കൾ യോഗം ചേരും. മറ്റന്നാളാണ് പാർട്ടി ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗം ചേരുക. എം പിമാരായ ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർട്ടിക്കു വിമർശന കത്തയച്ച് ആഭ്യന്തര കലാപത്തിനു നേതൃത്വം നൽകിയ 23 നേതാക്കളിൽ (ജി23) പെട്ടവരാണു തരൂരും തിവാരിയും.

Read more

മമത ബാനര്‍ജിയുമായി അടുക്കുന്നതിന്‍റെ ഭാഗമായാണ് അധീറിനെ മാറ്റാനുള്ള നീക്കമെന്ന് അറിയുന്നു. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ തൃണമൂലുമായി കൂടുതല്‍ സഹകരിക്കാനാണു സോണിയയുടെ നീക്കം. ‘ഒരാൾക്ക് ഒരു പദവി’ നയം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണു നീക്കമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാൾ കോൺഗ്രസ് മേധാവിയാണു ചൗധരി. ഈ സമ്മേളനത്തിൽ, റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണു കോൺഗ്രസ് ഒരുങ്ങുന്നത്.