മുഖ്യമന്ത്രിയുടെ അനാവശ്യപിന്തുണ; മന്ത്രി ശിവൻകുട്ടിയെ ട്രോളി സോഷ്യൽ മീഡിയ

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് പറ്റിയ നാക്ക് പിഴ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മുഖ്യമന്ത്രി അനാവശ്യ പിന്തുണ നൽകിയെന്നാണ് മന്ത്രി പറഞ്ഞത്.

“പ്രത്യേകിച്ച് ഒരു നന്ദി പറയേണ്ടത്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരീക്ഷ നടത്തുന്നത് മുതൽ അദ്ദേഹം ഡൽഹിക്ക് പോവുന്നതിന് മുമ്പ് റിസൾട്ടിന്റെ കാര്യം വരെ ഉള്ളക്കാര്യങ്ങളിൽ ഇടപ്പെടുകയും അനാവശ്യപിന്തണയും സഹായവും നൽകിയിട്ടുണ്ടായിരുന്നു എന്ന കാര്യം കൂടി ഞാൻ ഇവിടെ സൂചിപ്പിക്കുകയാണ്”- എന്നാണ് മന്ത്രി ഫലപ്രഖ്യാപത്തിനിടെ പറഞ്ഞത്.

ഈ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയുടെ ട്രോളുകളും ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. വിജയ ശതമാനത്തിൽ ചരിത്രം കുറിച്ചപ്പോഴും ചില ട്രോളുകളും ഉയർന്നു.

എന്നാൽ ഗോപാലേട്ടൻ്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല, റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.

യു.ഡി.എഫിൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക, ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയെന്നും അദ്ദേഹം കുറിച്ചു.

Read more