ഡല്‍ഹിയില്‍ വെളിവാകുന്നത് കോണ്‍ഗ്രസ്- ബിജെപി ‘ജുഗല്‍ബന്ദി’. രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു വാക്ക് പറഞ്ഞാല്‍ പ്രതികരിക്കുന്നത് ബിജെപി. ഡല്‍ഹിയില്‍ എങ്ങനേയും ഭരണം പിടിച്ചു നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ആപ് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ ഓടിനടന്ന് നടത്തുന്ന പ്രചാരണങ്ങളിലെ സ്ഥിരം ആക്ഷേപമാണിത്. ഡല്‍ഹിയിലെ ത്രികോണ പോര് അരവിന്ദ് കെജ്രിവാളിന് അംഗീകരിക്കാനായിട്ടില്ല. കോണ്‍ഗ്രസ്- ബിജെപി- ആംആദ്മി പാര്‍ട്ടി എന്ന നിലയില്‍ ഒരു മല്‍സരം പാടില്ലെന്നും ബിജെപി ആംആദ്മി പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് നീങ്ങണമെന്നും കോണ്‍ഗ്രസ് പടിക്ക് പുറത്ത് നില്‍ക്കണമെന്നുമാണ് കെജ്രിവാളും കൂട്ടരും ആഗ്രഹിക്കുന്നത്. ആപ്പിന് വേണ്ടി ഒരു ഉപേക്ഷയും വിചാരിക്കാതെ കോണ്‍ഗ്രസ് പിന്മാറണമെന്ന ഡിമാന്‍ഡ് ഇന്ത്യ ബ്ലോക്കില്‍ നിന്ന് കൊണ്ട് സമ്മര്‍ദ്ദ തന്ത്രമായി പ്രയോഗിച്ച് നോക്കിയതാണ് കെജ്രിവാള്‍. പക്ഷേ ദേശീയ നേതൃത്വത്തിനപ്പുറം ഡല്‍ഹിയിലേയും മറ്റ് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഈ വിട്ടുവീഴ്ച അംഗീകരിക്കാനാവില്ലായിരുന്നു. വിട്ടുകൊടുത്തും പിന്‍വാങ്ങിയും സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് ഞെരുങ്ങി ഒതുങ്ങുന്നുവെന്ന് അണികള്‍ അലമുറയിട്ടു. അതോടെ കോണ്‍ഗ്രസ് ഡല്‍ഹി തിരിച്ചു പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി.