പാര്‍ട്ടി എന്ന നിലയില്‍ കെട്ടുറപ്പില്ലായ്മയില്‍ ഒരിക്കല്‍ കൂടി കാലിടറി വീഴുന്ന കോണ്‍ഗ്രസിനെയാണ് ഹിമാചലില്‍ ഇപ്പോള്‍ കാണുന്നത്. ആകെ ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നു കൂടി കൈപ്പിടിയില്‍ നിന്ന് വഴുതി പോകുമോയെന്ന ഭീതിയിലാണ് ഇന്ത്യയുടെ മുത്തശ്ശി പാര്‍ട്ടി. ബിജെപിയുടെ ചരടുവലിയില്‍ ഹിമാചലില്‍ ഒരു അട്ടിമറിക്ക് കളമൊരുങ്ങുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് എന്ന കോണ്‍ഗ്രസ് അതികായന്റെ മകന്‍ വിക്രമാദിത്യ സിങ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 2021ല്‍ അന്തരിച്ച വീരഭദ്ര സിങ് 6 തവണ ഹിമാചലിന്റെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ കുടുംബവാഴ്ച തുടര്‍ന്നില്ലെന്നതാണ് ഇപ്പോള്‍ ഹിമാചലിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ആധാരം.
ബിജെപിയും കോണ്‍ഗ്രസും മാറി മാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് കുറച്ചധികം കാലങ്ങളായി ഹിമാചലിന്റെ രാഷ്ട്രീയ ചരിത്രം. ബിജെപിയുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂറായിരുന്നു 2017-2022 കാലത്തെ ഹിമാചല്‍ മുഖ്യമന്ത്രി. വീരഭദ്ര സിങിന്റെ മരണ ശേഷമുണ്ടായ 2022ലെ തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗവും കോണ്‍ഗ്രസിനെ തുണച്ചിരുന്നു. എന്നാലും സംസ്ഥാന സാഹചര്യങ്ങളിലും ഭരണ ചരിത്രത്തിലും തുടര്‍ഭരണം ഒരു കാലഘട്ടത്തിന് ശേഷം ഹിമാചലില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ വീരഭദ്ര സിങിന്റെ മകന്‍ പറയുന്നത് പോലെ അച്ഛന്റെ പേര് ഉപയോഗിച്ച് മാത്രം പാര്‍ട്ടി അധികാരത്തില്‍ വന്നുവെന്ന അവകാശവാദം നിലനില്‍ക്കില്ല.
പക്ഷേ സംസ്ഥാന കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ നയിച്ചത് പിസിസി അധ്യക്ഷയായ വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗ് ആയിരുന്നു. പാര്‍ട്ടിയുടെ പ്രചാരണ സമിതിയെ നയിച്ചത് താഴെത്തട്ടിലുള്ള നേതാവായിരുന്നു സുഖ്വീന്ദര്‍ സിംഗ് സുഖുവായിരുന്നു. വീരഭദ്ര സിങ് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വിമര്‍ശകന്‍ കൂടിയായ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. എന്നാല്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിച്ച മുന്‍മുഖ്യമന്ത്രുയുടെ ഭാര്യയും മകനും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വിമത നീക്കത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറി. ബിജെപിയുടെ ചരടുവലിയ്ക്ക് അനുസരിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ പടയുണ്ടാക്കി ഉറപ്പായും കിട്ടേണ്ട ഒരു രാജ്യസഭാ സീറ്റ് ഹിമാചലില്‍ ബിജെപിയ്ക്ക് അടിയറവെച്ചു കോണ്‍ഗ്രസ്.
ആറ് കോണ്‍ഗ്രസ് എംഎല്‍മാരാണ് അധികാരത്തിലുള്ള സര്‍ക്കാരിനെതിരെ നിന്ന് ബിജെപിയ്ക്കായി ക്രോസ് വോട്ട് ചെയ്തത്. ആകെയുള്ള 68 സീറ്റില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും ബിജെപിയ്ക്ക് 25 എംഎല്‍എമാരും മാത്രമാണ് ഉണ്ടായിരുന്നത്. എളുപ്പത്തില്‍ ജയിക്കാനാകുമായിരുന്ന രാജ്യസഭാ സീറ്റാണ് ബിജെപി അട്ടിമറിയിലൂടെ സ്വന്തമാക്കിയത്. ബിജെപിയുടെ ചാക്കിട്ടു പിടുത്തത്തില്‍ കോണ്‍ഗ്രസിലെ വിമത നീക്കം ശക്തിപ്പെട്ടതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്വി തോറ്റു. കോണ്‍ഗ്രസ് പ്രശഅന പരിഹാരത്തിന് ഇറങ്ങും മുമ്പ് വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം മറനീക്കി പുറത്തുവന്നു. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായി വിക്രമാദിത്യ പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി. പതിനാല് മാസങ്ങള്‍ക്ക് മുമ്പ് സുഖുവിന്റെ മുഖ്യമന്ത്രി സ്ഥാനം മനസ്സില്ലാമനസ്സോടെ അംഗീകരിച്ച വിക്രമാദിത്യ സിംഗ് അവസരം കിട്ടിയപ്പോള്‍ പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രതിസന്ധിയിലാക്കുകയായിരുന്നു. തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ സുഖ്വീന്ദര്‍ സുഖു പോരാടുമ്പോള്‍ വിക്രമാദിത്യ സിംഗ് മന്ത്രിസ്ഥാനം രാജിവെക്കുകയും തന്റെ അച്ഛന്റെ പേരില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടും തന്റെ പിതാവിനോട് സുഖുവിന്റെ സര്‍ക്കാര്‍ അനാദരവ് കാണിച്ചുവെന്ന് പറഞ്ഞു രംഗം കൊഴുപ്പിക്കുകയും ചെയ്തു.
രാജ്യസഭയില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കി വിശ്വാസവോട്ടെടുപ്പ് തേടണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തുവന്നതോടെ ഹിമാചലില്‍ കോണ്‍ഗ്രസിന് അടി പതറി. ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ നീക്കുമ്പോള്‍ നിയമസഭയില്‍ ബിജെപിയുണ്ടാക്കുന്ന പ്രശ്‌നങ്ങളെ സ്പീക്കറെ കൊണ്ട് നേരിട്ട് തിരിച്ചടിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ക്രോസ് വോട്ടിംഗിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ വിജയിച്ചതിന് ശേഷം പ്രതിപക്ഷമായ ബിജെപി സഭയില്‍ കോണ്‍ഗ്രസ് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. ഇതേ തുടര്‍ന്ന് മുദ്രാവാക്യം വിളിച്ചതിനും മോശമായി പെരുമാറിയതിനും 15 ബിജെപി എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിങ് പഥാനിയ ഇന്ന് പുറത്താക്കി. ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് സ്പൂക്കറുടെ നടപടി.
ഹിമാചലില്‍ പാര്‍ട്ടിക്കുള്ളിലെ വിമത നീക്കവും വിക്രമാദിത്യ സിങിന്റെ രാജിയും സമ്മര്‍ദ്ദത്തിലാക്കിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ വിഷയം നിയന്ത്രിക്കാന്‍ സംസ്ഥാനത്തേക്ക് അയച്ചു. ഒപ്പം മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡയെയും മലയോര സംസ്ഥാനത്തേക്ക് എത്തി. സുഖ്വീന്ദര്‍ സിംഗ് സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്തി എംഎല്‍എമാരുടെ അതൃപ്തി ഇല്ലാതാക്കി സമവായം ഉണ്ടാക്കുകയാണ് മുതിര്‍ന്ന നേതാക്കളെ ഇറക്കി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപിയാവട്ടെ ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ കണ്ടു അവിശ്വാസ പ്രമേയത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്.
ബിജെപിയ്ക്ക് കോണ്‍ഗ്രസിനേക്കാള്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും കഴിയുന്നുവെന്നതാണ് ഹിമാചലില്‍ നിന്നും വ്യക്തമാകുന്നത്. കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെ പ്രതിസന്ധി തിരിച്ചറിയാതെ നിന്നപ്പോള്‍ കോണ്‍ഗ്രസുകാരനായിരുന്ന 2022ല്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ ഹര്‍ഷ മഹാജനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയാണ് എളുപ്പത്തില്‍ കോണ്‍ഗ്രസ് ജയിക്കേണ്ട സീറ്റ് ബിജെപി പിടിച്ചത്. അഭിഷേക് മനു സിങ് വിയെ നിര്‍ത്തുന്നതില്‍ ഹിമാചല്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ എതിര്‍പ്പ് അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ ഈ നീക്കത്തിലൂടെ ബിജെപി തകര്‍ക്കുകയായിരുന്നു. ഇനി എങ്ങനെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം അവസാനിപ്പിച്ച് സര്‍ക്കാര്‍ വീഴാതെ കോണ്‍ഗ്രസ് കാക്കുമെന്നതാണ് ഹിമാചലില്‍ നിന്ന് അറിയാനുള്ളത്. സുഖുവിനെ മാറ്റി പ്രതിഭ സിങ്ങിനെയോ വിക്രമാദിത്യ സിങ്ങിനെയോ മുഖ്യമന്ത്രിയാക്കി സമവായ ഫോര്‍മുല ഉണ്ടാകുമോ എന്ന ചോദ്യവും ബാക്കിയാണ്. ഇതിനിടയിലാണ് സുഖ് വീന്ദര്‍ സിങ് സുഖു രാജിവെച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ താന്‍ പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും പറഞ്ഞ സുഖും കോണ്‍ഗ്രസ് ഒരുമിച്ച് തന്നെ നില്‍ക്കുമെന്നും വ്യക്തമാക്കി. താന്‍ രാജിവെയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജപ്രചാരണമാണെന്നും സുഖു വ്യക്തമാക്കി.
ആകെ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ കയ്യിലുള്ളത്. അതിലൊന്ന് കൂടി നഷ്ടമാകുമോയെന്ന ആധി പാര്‍ട്ടിക്കുണ്ട് പ്രത്യേകിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍. മൂന്ന് പാര്‍ട്ടി നിരീക്ഷകരെ രക്ഷാദൗത്യത്തിനായി പാര്‍ട്ടി ഹിമാചലില്‍ നിയോഗിച്ചു കഴിഞ്ഞു. ഹിമാചലിന്റെ ചാര്‍ജുള്ള രാജീവ് ശുക്ലയും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയും ഹിമാചലില്‍ സമവായ നീക്കം തുടങ്ങി കഴിഞ്ഞു. തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിനായി രണ്ട് സംസ്ഥാനങ്ങള്‍ കൈവെള്ളയില്‍ ഉറപ്പിച്ചു നിര്‍ത്തിയ ചാണക്യന്‍ ഡികെയേയും പാര്‍ട്ടി രക്ഷാപ്രവര്‍ത്തനത്തിന് ഹിമാചലിലേക്ക് വിട്ടിട്ടുണ്ട്. ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസില്‍ തലവെച്ച ക്രോസ് വോട്ടു ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും അയോഗ്യത നോട്ടീസ് പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ജയറാം രമേശും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ വീഴാതെ കാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പാര്‍ട്ടി ഹിമാചലില്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഡികെയ്ക്ക് ഒരിക്കല്‍ കൂടി ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ ചാണക്യന് മേലൊരു ചാണക്യനാകാനാകുമോ എന്നതും ഹിമാചല്‍ ഫലത്തിലറിയാം.