പുതിയ മുഖങ്ങള്‍ കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

പതിവ് പോലെ ആദ്യ റൗണ്ട് പൊട്ടലും ചീറ്റലും കഴിഞ്ഞ് മൂന്നാം റൗണ്ടില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിനെയാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്കയക്കുന്നത്. കെ പി സി സി പ്രസിഡന്റായിരുന്ന ടി ഒ ബാവയുടെയും, സ്വാതന്ത്ര്യ സമര സേനാനിയും , പ്രജാമണ്ഡലം നേതാവും എം എല്‍ സിയുമായിരുന്ന കെ സി എം മേത്തറുടെയും ചെറുമകള്‍, എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും, വ്യവസായിയും ഒരു കാലത്ത് ആന്റെണിയുടെയും വയലാര്‍ രവിയുടെയുമൊക്കെ സുഹൃത്തും അന്നദാതാവുമൊക്ക ആയിരുന്ന കെ എം ഐ മേത്തറുടെ മകള്‍, പാരമ്പര്യത്തിന്റെ കാര്യത്തിലാണെങ്കില്‍ ജെബി മേത്തര്‍ ആരുടെയും പിന്നിലല്ല. നാല്‍പ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് ആദ്യമായി ഒരു വനിതയെ രാജ്യസഭയിലേക്കയക്കുന്നു എന്നത് മാത്രമല്ല ജെബിയുടെ സ്ഥാന ലബ്ധിയുടെ സവിശേഷത. കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്‌ളീം വനിത എന്ന ബഹുമതിയും ജെബി മേത്തര്‍ക്ക് കരസ്ഥമാക്കുയാണ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതകളെ രാജ്യസഭയിലെത്തിച്ചതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസിനാണെന്നോര്‍ക്കണം. ഭാരതി ഉദയഭാനു, ദേവകി ഗോപിദാസ്, ലീലാ ദാമോദരമേനോന്‍ തുടങ്ങിയവരാണ് കേരളത്തില്‍ നിന്നും ഇതിന് മുമ്പ് രാജ്യസഭയിലെത്തിയ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍.

എം ലിജുവിന്റെ പേരാണ് കെ പി സി സി നിര്‍ദേശിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസിലെ സഹജമായ ചക്കളത്തിപ്പോരാട്ടത്തെത്തുടര്‍ന്ന് ലിജുവിന്റെ സാധ്യത ഉള്ളി തൊലി പൊളിച്ച പോലെയായി. ചെറുപ്പക്കാര്‍ വേണമെന്ന് തന്നെയായിരുന്നു കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിന്റെ പൊതുവെയുള്ള നിലപാടെങ്കിലും ലിജു കെ സുധാകരന്റെ നോമിനായതോടെ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള സുധാകര ശത്രുക്കള്‍ ലിജുവിനെതിരെ ഒരുമിച്ചു. അതോടെ തികച്ചും അര്‍ഹതയുള്ളയാള്‍ എന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും കരുതുന്ന എം ലിജു കളത്തിന് പുറത്തായി. എ കെ ആന്റണിയുടെ സ്വന്തമാളായ എംഎം ഹസനെയും രാജ്യസഭക്കായുള്ള ഓട്ടമല്‍സരത്തില്‍ പ്രതീക്ഷിച്ചെങ്കിലും ബുദ്ധിമാനായ ആന്റെണി സന്ദര്‍ഭം തിരിച്ചറിഞ്ഞ് ഹസന് വേണ്ടി ബലം പിടിക്കാന്‍ തെയ്യാറായില്ല.

ജെബിമേത്തറെ രാജ്യസഭയിലേക്ക് നിയോഗിക്കാനുള്ള കോണ്‍ഗ്രസ് തിരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് അത്യന്തികമായി ഗുണമേ ചെയ്യുകയുള്ളുവെന്നാണ് കരുതപ്പെടുന്നത്്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം മുസ്‌ളീം സമുദായം കോണ്‍ഗ്രസിനെ കൈവെടിഞ്ഞതായിരുന്നു. മുസ്‌ളീം ലീഗിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും സി പി എമ്മിന് പോകുന്ന അവസ്ഥയുണ്ടായി. ന്യുനപക്ഷ സമുദായങ്ങളെ പ്രത്യേകിച്ച് മുസ്‌ളീം സമുദായത്തെ കോണ്‍ഗ്രസിലേക്ക് വീണ്ടും അടുപ്പിച്ചാല്‍ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി സാധ്യതകളുള്ളുവെന്ന രാഷ്ട്രീയ ബോധ്യം കൂടി ജെബി മേത്തറുടെ രാജ്യസഭാ പ്രവേശനത്തിന് പിന്നിലുണ്ട്. ഇന്ത്യയിലും കേരളത്തിലും എക്കാലവും കോണ്‍ഗ്രസിന്റെ ശക്തി ന്യുനപക്ഷ സമുദായങ്ങളായിരുന്നു, ഈ സമുദായങ്ങളുടെ കൊഴിഞ്ഞ് പോക്ക് വലിയ പ്രതിസന്ധിയാണ് അഖിലേന്ത്യാ തലത്തിലും കേരളത്തിലും പാര്‍ട്ടിക്ക് സൃഷ്ടിച്ചത്്്. കേരളത്തില്‍ തുടര്‍ച്ചയായി ഭരണം നഷ്ടപ്പെടുന്ന അവസ്ഥ കോണ്‍ഗ്രസിന് ഇത് മുമ്പുണ്ടായിട്ടില്ല, യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ളീം ലീഗാകട്ടെ ഒരു കാല്‍ ഇടതുമുന്നണിയില്‍ വച്ച് നില്‍ക്കുകയാണ്. ആര്‍ എസ് പിയാകട്ടെ പിണറായി ഒന്ന് വിളിക്കാന്‍ കാത്തിരിക്കുകയാണ്. ഈ അവസ്ഥ ചെറിയ പ്രതിസന്ധിയൊന്നുമല്ല കോണ്‍ഗ്രസിനും യുഡി എഫിനും സൃഷ്ടിച്ചിരിക്കുന്നത്്.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ സമീപനങ്ങളെയും , വീഴ്ചകളെയും എതിര്‍ക്കുന്നതിലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നതിലും പ്രതിപക്ഷം പരാജയമാണെന്ന വാദം പല കോണുകളില്‍ നിന്നുയരുന്നുണ്ട്. കെ റെയില്‍ വിഷയത്തില്‍ പോലും യു ഡി എഫിന് ഒറ്റെക്കെട്ടായുള്ള അഭിപ്രായ രൂപീകരണത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല കേരളത്തിലെ സീനിയര്‍ നേതാക്കളെല്ലാം ഇപ്പോഴത്തെ നേതൃത്വുമായി അകല്‍ച്ചയിലുമാണ്. അത് കൊണ്ട് തന്നെ പുതിയ താരോദയങ്ങള്‍ ഈ പാര്‍ട്ടിക്ക് നിലനില്‍പ്പിന്റെ അവശ്യ ഘടകമായി മാറിക്കഴിഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളും പറയുന്നത് പോലെ കെ വി തോമസോ, എം എം ഹസനോ ഒക്കെ രാജ്യസഭയിലെത്തുന്നതിനെക്കാള്‍ ഇത്രയോ ഭേദമാണ് ജെബി മേത്തര്‍, കേരളത്തിലെ സി പി എം ആകട്ടെ പുതിയ തലമുറയിലേക്ക് ബാറ്റന്‍ കൈമാറിക്കഴിഞ്ഞു. റിയാസും സ്വരാജും നയിക്കുന്ന പാര്‍ട്ടിയോട് ബൗദ്ധികമായും സംഘടനപരമായും യുദ്ധം ചെയ്ത് നിക്കണമെങ്കില്‍ പഴകിയ മുഖങ്ങളും പഴകിയ സംഘടനചട്ടക്കൂടും, പഴകിയ സിദ്ധാന്തങ്ങളും മതിയാവുകയില്ലന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്.

പുതിയ മുഖങ്ങള്‍ നല്‍കന്നത് പുതിയ പ്രത്യാശകളാണ്. 145 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പുതിയ ആശയങ്ങളും, പുതിയ ആളുകളും പുതിയ ചിന്തകളും ഇല്ലങ്കില്‍ ഈ പാര്‍ട്ടിയെക്കുറിച്ച് പ്രതീക്ഷിക്കാന്‍ കാര്യമായി ഒന്നുമുണ്ടാകില്ല. ബി ജെ പിയില്‍ മോദിക്ക് ശേഷമുള്ള രണ്ട് തലമുറകള്‍ ഇപ്പോഴെ സജ്ജമായി കഴിഞ്ഞു, എസ് പിയെയും , ഡി എം കെയും ശിവസേനയും പോലുള്ള പ്രാദേശിക പാര്‍ട്ടികളില്‍ പോലും തലമുറമാറ്റം ഒരു യാഥാര്‍ത്ഥ്യമായിക്കഴഞ്ഞു. പുതിയ ആളുകള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് ഇപ്പോള്‍ ജനം ഉറ്റുനോക്കുന്നത്്. അത് കൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഈ അനിവാര്യതയെ കോണ്‍ഗ്രസ് അഭിസംബോധന ചെയ്യാന്‍ തുടങ്ങിയെന്നത് ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ ആശാവഹമായ കാര്യം തന്നെയാണ്.