ഈ ഹര്‍ത്താലിന് ഒരു പകരം വേണ്ടേ ?

കാലം പുരോഗമിച്ചിട്ടും നമ്മുടെ സമരരീതികള്‍ മാറാത്തത് വലിയ പരാജയം തന്നെയാണ്. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന് കേരളത്തിലിരുന്ന് ബന്ദ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ചാണ് ഉദ്ദേശിക്കുന്നത്. ദേശീയ കാര്‍ഷിക നയങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്ക് പ്രത്യക്ഷസമരരീതികളേ കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. അവരെ നമുക്ക് മനസ്സിലാക്കാം. പിന്തുണ കൊടുക്കാം. പക്ഷെ തൊഴില്‍നഷ്ടം മൂലം സാമ്പത്തികാവ സ്ഥ നടുവൊടിഞ്ഞിരിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ ഭരണകക്ഷിതന്നെ പണിമുടക്ക് ബന്ദ് പോലൊരു സമരം പ്രഖ്യാപിക്കുന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കുകയുള്ളൂ. ഇത് പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം.

2020 മാര്‍ച്ച് 24 നാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏതാണ്ട് അതേസമയത്തുതന്നെ ഒട്ടുമിക്ക രാജ്യങ്ങളും ഇതേ പാത സ്വീകരിച്ചിരുന്നത്. നമ്മുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. അതിനുശേഷം സമൂഹത്തില്‍ വന്ന പ്രതികൂല മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നമ്മള്‍ നേരിട്ടനുഭവിച്ചവരാണ്. തൊഴില്‍ മേഖല സ്തംഭിച്ചു. ഉദ്പാദനം നിലച്ചു. കുറഞ്ഞപക്ഷം ഭക്ഷണം മാത്രം കഴിച്ച് ജീവിച്ചാല്‍ മതി എന്ന മനസ്ഥിതിയിലേക്ക് മനുഷ്യര്‍ക്ക് മാറേണ്ടിവന്നു. കൊറിയന്‍ പ്രധാനമന്ത്രി പറഞ്ഞതുപോലെ 2021- ല്‍ നിങ്ങള്‍ ജീവിച്ചിരുന്നാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നതായി എല്ലാവരുടെയും ചിന്ത.

വാക്‌സിന്‍ കണ്ടെത്തിയതോടെ ജീവിതം തിരികെപിടിക്കാന്‍ തുടങ്ങി. പതിയെപ്പതിയെ ഉദ്പാദനം ആരംഭിച്ചു. കോവിഡ് തടഞ്ഞുനിര്‍ത്തുന്നതില്‍ ആദ്യമെല്ലാം മുന്നിലായിരുന്ന കേരളത്തിന് പതിയെപ്പതിയെ പാളിത്തുടങ്ങി. എങ്കിലും എങ്ങനെയൊക്കെയോ അതിജീവിച്ചുപോകുകയാണ് നമ്മള്‍. തമിഴ്‌നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടും ഏറ്റവും മികച്ച ആരോഗ്യസംവിധാനം നിലനില്‍ക്കുന്നു എന്നഭിമാനിക്കുന്ന കേരളത്തില്‍ അതിന് സാധിച്ചിട്ടില്ല.

തിരക്കുപിടിച്ച് കോവാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കാരണം. പല വിദേശരാജ്യങ്ങളും കോവാക്‌സിന്‍ അംഗീകരിച്ചിട്ടില്ല. അവരുടെ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു നീക്കവും നടത്താന്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്കായിട്ടില്ല. അവരില്‍ പലരും എന്തെങ്കിലും തൊഴിലെടുത്ത് നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ഒരു ഇത്രയും കാലം രോഗത്തെ ഭയന്ന് വീട്ടിലിരുന്നവര്‍ക്ക് ഇനി സമരക്കാരെ ഭയന്നാണ് വീട്ടിലിരിക്കേണ്ടി വരുന്നത്.

വ്യവസായസൗഹൃദസംസ്ഥാനമെന്ന് പലപ്പോഴും മന്ത്രിമാര്‍ പറയാറുണ്ടെങ്കിലും നിരവധി വ്യവസായികളുടെ ആത്മഹത്യയാണ് കാണാന്‍ കഴിഞ്ഞത്. ചിലവ്യവസായങ്ങളാകട്ടെ സംസ്ഥാനം വിട്ടുപോകേണ്ട ഗതികേടിലാണ് താനും. ഈയൊരവസ്ഥ സംസ്ഥാനത്ത് നേരത്തേ നിലവില്‍ വരാനുള്ള കാരണം ട്രേഡ് യൂണിയനുകളുടെ വിളയാട്ടവും അമിതമായ രാഷ്ട്രീയ കൈകടത്തലും ഉദ്യോഗസ്ഥ അഴിമതിയുമൊക്കെയാണ്. ഇതിന്റെയൊന്നും തിക്തഫലമനുഭവിക്കാത്ത ഒരു സംരംഭകനും കേരളത്തിലില്ല.

ഒരു ആഡംഭരക്കപ്പല്‍ തീരത്തണഞ്ഞിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ തീരദേശവാസികള്‍, ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ഇരുപത്തിയൊന്നു മാസങ്ങള്‍ക്കുശേഷമാണ് ഒരു ക്രൂസ് ഷിപ്പ് കേരളതീരത്തില്‍ അടുക്കുന്നത്. 11 ഡെക്കുകളിലായി 796 യാത്രക്കാരുമായി എത്തിയ കോര്‍ഡീലിയ ക്രൂസസിന്റെ എംവി എംപ്രസ്സ് എന്ന കപ്പലില്‍നിന്നും പൈതൃകമേഖലകളിലെ സന്ദര്‍ശനവും കായല്‍ യാത്രയും എല്ലാമുണ്ടായിരുന്നു. കുറേപ്പേര്‍ കേരളത്തിലിറങ്ങി യാത്രയവസാനിപ്പിച്ചത് ഏതാനും ദിവസം കേരളത്തില്‍ തങ്ങാം എന്ന കണക്കു കൂട്ടലിലാണ്. അപ്പോളതാ വരുന്നു 27 ന് ഒരു ഹര്‍ത്താല്‍കൂടി.

കര്‍ഷകസമരത്തിന് പിന്തുണ കൊടുക്കുന്നത് ഏതെങ്കിലും ഒരു ഞായറാഴ്ച അല്ലെങ്കില്‍ വലിയ അത്യാവശ്യമൊന്നുമില്ലാത്ത ഏതെങ്കിലുമൊരു പൊതു അവധി ദിവസം തൊഴില്‍ദിനമാക്കിക്കൊണ്ടാകാന്‍ കഴിയണം. അപ്പോഴേ മനുഷ്യാദ്ധ്വാനശക്തി മാനിക്കപ്പെടുന്നുള്ളൂ. ഉദ്പാദനത്തിന്റെ അടിസ്ഥാനഘടകങ്ങളായ മൂലധനം, തൊഴിലിടം, തൊഴില്‍ശക്തി, അസംസ്‌കൃതവസ്തുക്കള്‍, തൊഴിലുപകരണങ്ങള്‍ ഇവയില്‍ ഏറ്റവും പ്രധാനമായി തൊഴില്‍ശക്തിക്ക് പ്രാധാന്യം കൊടുത്ത മാര്‍ക്‌സിസ്റ്റ് ഐഡിയോളജിയെ ജീവിതവ്രതമായി സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെങ്കിലും ഇനി സ്വീകരിക്കേണ്ട മാര്‍ഗ്ഗമതാണ്. പരമാവധി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുക. പണിമുടക്കുകളല്ല.

പണിമുടക്ക് എന്നത് ഏറ്റവും ആവശ്യമായ സമരരൂപമായിരുന്നത് ഫ്യൂഡല്‍ കാലഘട്ടത്തിലാണ്. ജന്മിമാരുടെ പത്തായം നിറയണമെങ്കില്‍ തൊഴിലാളികള്‍ പണിയെടുക്കാതെ പറ്റാതിരുന്ന കാലം. ജനാധിപത്യകാലത്ത് എന്തിന്റെയും പരിണതഫലം അനുഭവിക്കുന്നത് ഓരോ പൗരനും ചേര്‍ന്നാണ്. അത് തൊഴില്‍ദിന നഷ്ടമായാലും ശരി പൊതുമുതല്‍ നശീകരണമായാലും ശരി. കാലം മാറുന്നതിനനുസരിച്ച് നയങ്ങള്‍ തിരുത്താന്‍ തയ്യാറില്ലാതെ നൂറുകൊല്ലം മുമ്പുള്ള ചിന്താഗതി വെച്ചുകൊണ്ട് ഒരു സമൂഹത്തെ നേര്‍ദിശയില്‍ നയിക്കാന്‍ കഴിയില്ല. അങ്ങനെ തോന്നിപ്പിക്കാന്‍ മാത്രമേ കഴിയൂ.