proud to be Indian, terrified as an Indian Women
ചില പ്ലക്കാര്‍ഡുകളില്‍ കാണുന്നത് പോലെ തന്നെയാണ് ഇന്ത്യയിലെ സ്ഥിതി വിശേഷമെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ വെച്ച ക്രൈം റിപ്പോര്‍ട്ട്. 13 ലക്ഷത്തിലധികം സ്ത്രീകളേയും പെണ്‍കുട്ടികളേയുമാണ് മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് കാണാതായത്. 2019 മുതല്‍ 2021 വരെയുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടിലാണ് 13,13,078 പെണ്‍കുട്ടിളും സ്ത്രീകളും ഇന്ത്യയില്‍ കാണാതായവരുടെ പട്ടികയിലുണ്ടെന്ന് വ്യക്തമാക്കുന്നത്.
എന്ത് സുരക്ഷയാണ് ഇന്ത്യയിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് രാജ്യം ഒരുക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇവിടുത്തെ സംവിധാനം സ്ത്രീകളുടെ പരാതിയെ സ്വീകരിക്കുന്നത്. എവിടെയാണ് ഓരോ വര്‍ഷവും കാണാതായി പോകുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പെണ്‍ ജന്മങ്ങള്‍ അവസാനിക്കുന്നത്?.
സംസ്ഥാനങ്ങളിലെ കണക്കുകളടക്കം നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2019 നും 2021 നും ഇടയില്‍ രാജ്യത്തുടനീളം 18 വയസിന് മുകളിലുള്ള 10,61,648 സ്ത്രീകളെ കാണാതായിട്ടുണ്ട്. 18 വയസിന് താഴെയുള്ള 2,51,430 പെണ്‍കുട്ടികളേയും ഈ മൂന്ന് വര്‍ഷ കാലയളവില്‍ കാണാതായിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ശേഖരിച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണ് ഇത്രയും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പറയുന്നു 2019ല്‍ കാണാതായത് 82,084 പെണ്‍കുട്ടികളേയും 3,42,168 സ്ത്രീകളേയുമാണെന്ന്. 2020 ആയപ്പോഴേക്കും 79,233 പെണ്‍കുട്ടികളേയും 3,44,422 സ്ത്രീകളേയുമായി. 2021 ആയപ്പോള്‍ കാണാതായവരുടെ എണ്ണം പിന്നേയും കൂടി. 90,113 പെണ്‍കുട്ടികളും 3,75,058 സ്ത്രീകളും രാജ്യത്ത് കാണാതായവരുടെ പട്ടികയിലേക്ക് വന്നു.
കാണാതാകപ്പെട്ട സ്ത്രീകളുടെ എണ്ണത്തില്‍ മുന്നില്‍ മധ്യപ്രദേശാണ്. 2019നും 21നും ഇടയില്‍ 1,98,414 സ്ത്രീകളാണ് പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായി സംസ്ഥാനത്ത് നിന്ന് കാണാതായത്. കാണാതയവരുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ പശ്ചിമ ബംഗാളാണ് രണ്ടാമത്. 1,56,905 സ്ത്രീകളെയും 36,606 കുട്ടികളെയും പശ്ചിമ ബംഗാളില്‍ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലത് 1,78,400 സ്ത്രീകളും 13,033 കുട്ടികളുമാണ്.
ഇനി കേരളത്തിലെ കണക്കുകളിലേക്ക് വന്നാല്‍ 2019ല്‍ സംസ്ഥാനത്ത് നിന്നും 1118 പെണ്‍കുട്ടികളേയും 8202 സ്ത്രീകളേയും കാണാതായിട്ടുണ്ട്. 2020ല്‍ അത് 942 പെണ്‍കുഞ്ഞുങ്ങളും 5929 സ്ത്രീകളുമായി ഒന്ന് കുറഞ്ഞിട്ടുണ്ട്. 2021 ആകുമ്പോള്‍ 951 പെണ്‍ കുഞ്ഞുങ്ങളും 5657 സ്ത്രീകളും സംസ്ഥാനത്ത് കാണാതായവരുടെ പട്ടികയിലാകുന്നു.
പല സംസ്ഥാനങ്ങളിലേയും കണക്കുകള്‍ രാജ്യത്തെ സ്ത്രീ സുരക്ഷയില്‍ ചോദ്യങ്ങളുയര്‍ത്തുന്നതാണ്. ബേട്ടി ബചാവോ, ബേട്ടി പഠാവോ പറയുന്ന മോദിയുടെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും പറയുന്നു സ്ത്രീ സുരക്ഷയ്ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന്. 13 ലക്ഷമെന്ന വലിയൊരു കണക്ക് സഭയില്‍ അവതരിപ്പിച്ച ശേഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര മറുപടി പറഞ്ഞത് രാജ്യമെമ്പാടും കേന്ദ്രസര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കായി നിരവധി ചുവടുവെപ്പുകള്‍ നടത്തിയെന്നാണ്. ലൈംഗീകാതിക്രമങ്ങളെ തടുക്കാനായി ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയെന്നാണ്.
2018ല്‍ ക്രിമിനല്‍ നിയമങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കൂടുതല്‍ കഠിനമായ ശിക്ഷകളാണ് ഉറപ്പാക്കുന്നതെന്നും 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ പോലും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറയുന്നു. റേപ് കേസുകളില്‍ പരാതി കിട്ടി രണ്ട് മാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും അടുത്ത രണ്ട് മാസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കാര്യവും നിയമം മൂലം ഉറപ്പാക്കിയ കാര്യവും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പക്ഷേ ഇതെല്ലാം പറയുമ്പോഴും രാജ്യത്തെ ഭരണ സംവിധാനം എന്താണ് ലൈംഗികാതിക്രമ പരാതികളില്‍ പലതിലും കാണിച്ചു കൊണ്ടിരിക്കുന്നതെന്ന മറുചോദ്യവും ഉണ്ട്. ഗുസ്തി താരങ്ങളുടെ സമരവും പരാതിയും മാധ്യമങ്ങളുടെ മുന്നില്‍ പോലും കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ജനങ്ങള്‍ക്ക് മുന്നിലുണ്ട്.
രാജ്യത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്ത്രീകളുടെ അപ്രത്യക്ഷമാകല്‍ കേസുകള്‍ മാത്രമാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലുള്ളത്. ഇന്ത്യ പോലൊരു രാജ്യത്ത് കലാപങ്ങള്‍ക്കിടയില്‍ പോലും റിവഞ്ച് റേപ്പുകള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്ന സാഹചര്യത്തില്‍ ഈ കണക്കുകള്‍ക്ക് പുറത്ത് ലോകമറിയാതെ എത്ര കേസുകളെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാണാതായ 13 ലക്ഷത്തിലധികം സ്ത്രീകള്‍ വലിയൊരു ചോദ്യ ചിഹ്നമാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഇന്ത്യ ആവശ്യമായ പബ്ലിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നാണ് പല നിരീക്ഷണങ്ങളും പറയുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2019-21 കാലഘട്ടത്തില്‍ ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ ഭര്‍തൃപീഡനത്തിന് ഇരയാവുന്നു എന്നാണ് കണക്ക്. ഇന്ത്യയിലെ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതലാണെന്ന്.
Read more
സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനായി ബജറ്റിലടക്കം നീക്കിവെച്ചിരിക്കുന്ന പദ്ധതി വിഹിതങ്ങളടക്കം കാര്യം പലപ്പോഴും അതിക്രമം നടന്നതിന് ശേഷമാണ് ഉപയോഗിക്കുന്നത് പോലും റിപ്പോര്‍ട്ടുണ്ട്. ലിംഗാടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ തടയുന്നതിനും അതിജീവിതകളെ സംരക്ഷിക്കുന്നതിനുമുള്ള അഞ്ച് പദ്ധതികളില്‍ ചെലവാക്കിയിരിക്കുന്നത് അനുവദിച്ചതിലും വളരെ കുറച്ച് തുക മാത്രമാണെന്ന് ബജറ്റ് ഡേറ്റ പോലും വ്യക്തമാക്കുന്നുണ്ട്. കുറ്റകൃത്യം നടന്നതിന് ശേഷം വധശിക്ഷയെന്നും കഠിന ശിക്ഷയെന്നും നിലവിളിക്കുകയും സ്ത്രീ സമൂഹത്തോടും കുട്ടികളോടും മാപ്പ് പറയുകയും പിന്നീട് സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ശക്തമാണെന്ന് വാദിക്കുകയും പദ്ധതികള്‍ നടപ്പാക്കുമെന്ന ഊറ്റം കൊള്ളലിലും മാത്രം ഒതുങ്ങുകയാണ് പലപ്പോഴും ഇന്ത്യയിലെ സ്ത്രീ സുരക്ഷാ ചര്‍ച്ചകള്‍. പ്രിവെന്‍ഷന്‍ എന്നത് നമുക്ക് ഇന്നും പ്രാപ്യമാകാത്ത ഒന്നായി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും എതിരായി ഒരു കുറ്റകൃത്യം ഉണ്ടാവാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ നമ്മുടെ സംവിധാനം പരാജയപ്പെട്ടു പോകുന്നു. രാജ്യത്തിന്റെ കാണാതായ 13 ലക്ഷം പെണ്‍മക്കളെ ഇനിയും ചോദ്യ ചിഹ്നത്തില്‍ നിര്‍ത്താനേ നമുക്കാകൂ…