ഹരിയാനയില്‍ കിട്ടിയ അടിയുടെ ശക്തിയില്‍ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും വരെ കലങ്ങിയ അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒപ്പം കൂട്ടുകൂടിയവരെല്ലാം ഹരിയാനയിലെ തോറ്റമ്പലില്‍ കണക്കിന് കൊടുക്കുന്നുണ്ട് മുത്തശ്ശി പാര്‍ട്ടിയ്ക്ക്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒതുക്കാനുള്ള ശ്രമങ്ങള്‍ സഖ്യകക്ഷികള്‍ തുടങ്ങി കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ആദ്യത്തെ പ്രഹരം. കോണ്‍ഗ്രസിന്റെ സഖ്യമെല്ലാം സമ്മതമെങ്കിലും സമാജ് വാദി പാര്‍ട്ടിയ്ക്ക് കിട്ടേണ്ടതെല്ലാം കിട്ടിയിട്ട് മതി കോണ്‍ഗ്രസിന്റെ കാര്യമെന്നാണ് അഖിലേഷ് യാദവിന്റേയും കൂട്ടരുടേയും പ്രഖ്യാപിത നിലപാട്. അതിനിടയിലാണ് ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി സഖ്യം പോലും ഇല്ലാതെ മല്‍സരിച്ച് ബിജെപിയോട് അടിയറവ് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ യുദ്ധനയം യുപിയില്‍ വേണ്ടെന്ന അഖിലേഷ് യാദവിന്റെ നിലപാട്.
10 സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം സീറ്റും തങ്ങള്‍ക്ക് തന്നെ എന്ന് ഉറപ്പിച്ച് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. അഞ്ച് സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നുവെങ്കിലും ഏപ്രില്‍-ജൂണ്‍ പൊതുതിരഞ്ഞെടുപ്പിലെ പ്രകടനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് സമാജ്വാദി പാര്‍ട്ടി തങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഒന്നാം നമ്പര്‍കാരെന്ന് ഉറപ്പിച്ച് സീറ്റ് ഷെയറിംഗില്‍ നിന്ന് പിന്മാറിയത്. എസ്പി മത്സരിച്ച 62 സീറ്റില്‍ 37ലും വിജയിച്ചിരുന്നു. കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിച്ചപ്പോള്‍ ആറില്‍ മാത്രമാണ് വിജയിച്ചത്. അത് മാത്രമല്ല 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് എസ്പിയേക്കാള്‍ കുറവാണ് സീറ്റ്. വെറും രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് കിട്ടിയത്. 111 സീറ്റ് കിട്ടിയ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയാണ് 403 അംഗ യുപി നിയമസഭയില്‍ 255 സീറ്റ് കിട്ടിയ ബിജെപിയ്ക്ക് പിന്നിലുണ്ടായിരുന്നത്.
മൊത്തത്തില്‍ ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ മോശം പെര്‍ഫോമന്‍സ് കണ്ടിട്ടാണ് കൂടുതല്‍ സീറ്റ് ഉപതിരഞ്ഞെടുപ്പിന് തരാനാവില്ലെന്ന എസ്പി തീരുമാനം. മൂന്ന് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് അവര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുന്നത്. അഞ്ച് സീറ്റ് ചോദിച്ച കോണ്‍ഗ്രസിനെ പരിഗണിക്കുക പോലും ചെയ്യാതെ ആറ് സ്ഥാനാര്‍ത്ഥികളുടെ പേരും മണ്ഡലവും യാദവും കൂട്ടരും പുറത്തുവിട്ടത് ഹൈക്കമാന്‍ഡിനെ വരെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തങ്ങളോട് ഇതേ കുറിച്ച് ചര്‍ച്ച പോലും നടത്തിയില്ലെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാനയില്‍ ആപിനെ പോലം എസ്പിയേയും ഭൂപീന്ദര്‍ സിങ് ഹൂഡയുടെ തീരുമാന പ്രകാരം സീറ്റ് ഷെയറിംഗില്‍ കോണ്‍ഗ്രസ് വെറുപ്പിച്ചിരുന്നുവെന്നത് മറ്റൊരു കാര്യം.
ഇനി തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയുടെ ഭാഗമായുള്ള കോണ്‍ഗ്രസിന് ഉദ്ദവ് താക്കറെയുടെ ശിവസേനയില്‍ നിന്നും നല്ലൊരു താക്കീത് കിട്ടിയിട്ടുണ്ട്. ഹരിയാന തോല്‍വിയുടെ പിന്നാലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് അവകാശവാദങ്ങളുടെ മുനയൊടിക്കാന്‍ ശിവസേന ടീമും ഇറങ്ങുമെന്ന കാര്യം ഇതോടെ വ്യക്തമാകുന്നുണ്ട്. കോണ്‍ഗ്രസിന്റെ അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് എക്‌സിറ്റ് പോളുകള്‍ പോലും വിജയം പ്രവചിച്ച ഹരിയാനയിലെ തോല്‍വിക്ക് കാരണമെന്ന് ശിവസേന യുബിടി കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിനൊപ്പം സഖ്യകക്ഷികളെ ഉള്‍ക്കൊള്ളുന്നതിനും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ അനുസരണക്കേട് നിയന്ത്രിക്കുന്നതിനും പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കഠിന വിമര്‍ശനമാണ് ശിവസേന നടത്തിയത്. ഹരിയാന തോല്‍വിക്ക് ശേഷം സഖ്യകക്ഷികളെല്ലാം തന്നെ കോണ്‍ഗ്രസിന്റെ മുറിവില്‍ കത്തി കുത്തി വ്രണപ്പെടുത്തുന്നുണ്ട്.
നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമെല്ലാം സഖ്യകക്ഷികളുമായി കോണ്‍ഗ്രസിന് സീറ്റ് ധാരണയില തര്‍ക്കമുണ്ടാവുകയും ഒറ്റയ്ക്ക് മല്‍സരിക്കാനിറങ്ങുകയും ചെയ്ത് പരാജയപ്പെട്ടതാണ്. അന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത് തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചത് ഗംഭീരമെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളും ഇന്ത്യ സഖ്യം ഒന്നിച്ചായിരുന്നെങ്കില്‍ തൂത്തുവാരാമായിരുന്നുവെന്ന്. അതായത് മറ്റ് സഖ്യകക്ഷികള്‍ പിടിച്ച വോട്ടുകള്‍ കൂടി ഇന്ത്യ ബ്ലോക്ക് എന്ന ഒറ്റ മുന്നണിയിലേക്ക് വന്നിരുന്നെങ്കില്‍ വിജയം അനായാസമാകുമായിരുന്നുവെന്ന്. ഹരിയാനയിലും ആംആദ്മിയും മറ്റും പിടിച്ച വോട്ടുകള്‍ ചില്ലറയല്ലെന്ന് ചേര്‍ത്ത് വായിക്കുമ്പോള്‍ സഖ്യകക്ഷികളുടെ അതൃപ്തിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാണ്.