ബിബിത്ത് കെ. കെ
പാലത്തായി കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി സി.പി.എം നേതാവ് പി. ജയരാജന്‍ രംഗത്ത്. പാലത്തായി കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ രക്ഷിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് എതിരെയും ഒളിയമ്പുമായി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നും ആര്‍ക്കും സ്വാധീനിക്കാവുന്ന തരത്തില്‍ കെട്ടുറപ്പ് നഷ്ടപ്പെട്ട ഒരു സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്നുമാണ് പരോക്ഷമായി ജയരാജന്‍ ആരോപിക്കുന്നത്.
നേരത്തേ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായി, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍, തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലമായ വടകരയില്‍ മത്സരിപ്പിക്കുകയും ജില്ലാസെക്രട്ടറി സ്ഥാനം രാജിവെയ്പ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ പലരും പിന്നീട് ജില്ലാ സെക്രട്ടറിമാരായി തിരിച്ചു ചുമതലയേറ്റപ്പോഴും ജയരാജന്‍ മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. മുമ്പ് പാര്‍ട്ടി അനുഭാവികള്‍ ജയരാജനെ കുറിച്ച് ഇറക്കിയ പാട്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. തന്നേക്കാള്‍ വലിയ നേതാവായി ജയരാജന്‍ മാറിയിരിക്കുന്ന അവസ്ഥയാണ് ഇത്തരം ഒരു ആരോപണമുന്നയിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴും അത്തരം പാട്ടുകളും ഫെയ്സ്ബുക്കു പോസ്റ്റുകളുമായി പാര്‍ട്ടി അനുഭാവികളും നേതാക്കളും തങ്ങളുടെ പണി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.
എസ്.ഡി.പി.ഐയും ലീഗും കോണ്‍ഗ്രസും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷിക്കാന്‍ ആര്‍.എസ്.എസിനൊപ്പം നില്‍ക്കുകയാണെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്.
പൊലീസ് ഭാഷ്യത്തിനു വിരുദ്ധമായി, പീഡനത്തിന് ഇരയായ പെണ്‍കുട്ടി പാനൂര്‍ പൊലീസില്‍ നല്‍കിയ മൊഴിയിലും ചൈല്‍ഡ്ലൈനിന്റെ തെളിവെടുപ്പില്‍ നല്‍കിയ മൊഴിയിലും പീഡനം നടന്ന തിയതി സംബന്ധിച്ച് പറഞ്ഞിരുന്നില്ല എന്നും ജയരാജന്‍ ആരോപിക്കുന്നുണ്ട്. പോക്‌സോ ചുമത്താത്ത നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ്, “മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയപ്പോള്‍ തിയതി എങ്ങിനെ കടന്നു വന്നു എന്ന് ചര്‍ച്ച ചെയ്യണം.”” എന്നൊക്കെ ജയരാജന്‍ പറയുന്നത്.
എസ്.ഡി.പി.ഐ വിചാരിച്ചാല്‍ പോലും സ്വാധീനിക്കാവുന്ന സംവിധാനമായി കേരളാ പൊലീസ് മാറിയിരിക്കുന്നുവെന്ന സന്ദേശമാണ് അണികള്‍ക്കും പൊതുസമൂഹത്തിനും ജയരാജന്‍ നല്‍കിയിരിക്കുന്നത്.
പ്രതിക്കു വേണ്ടി പൊലീസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. വീട്ടുകാരുടെയും നിരവധി സമരസംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണ ടീമില്‍ രണ്ടു വനിതകളെ ഉള്‍പ്പെടുത്തിയ നടപടി. എന്നാല്‍ ശ്രീജിത്തിനെ അന്വേഷണ നേതൃത്വത്തില്‍ നിന്നും മാറ്റണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ഉള്‍പ്പെടെയുള്ള ആവശ്യം. ഇത്തരം ഒരാവശ്യം നിറവേറ്റാതെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു മാലോകര്‍ക്ക് വളരെ വ്യക്തമായ സാഹചര്യത്തിലാണ് ജയരാജന്റെ പ്രസ്താവന വരുന്നത്. സി.പി.എം. ആവശ്യപ്പെടുന്നത് തുടരന്വേഷണമാണ്, കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത് പുനരന്വേഷണവും.
ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഫലമെന്താകും എന്നത് സംബന്ധിച്ച് തുടക്കത്തില്‍ തന്നെ ഈ കേസിന്റെ നടപടിക്രമങ്ങള്‍ തെളിയിക്കുന്നുണ്ട്.
Read more
കേസിന്റെ നടത്തിപ്പു സംബന്ധിച്ച് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീജിത്തിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ഇന്നുമായി ഓണ്‍ലൈന്‍ പ്രതിഷേധവും ഉപവാസ സമരവും നടന്നിരുന്നു.