മേരേ പ്യാരേ ദേശവാസിയോം എന്ന സ്ഥിരം അഭിസംബോധന ഒന്ന് മാറ്റി മേരേ പ്രിയ പരിവാര്‍ ജന്‍ എന്നാക്കി പ്രധാനമന്ത്രിയുടെ ചെറിയ മോഡിഫിക്കേഷന്‍. രാജ്യം 77ാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതില്‍ ഉണ്ടായ പ്രകടമായ ഒരു ചെറിയ മാറ്റമാണിത്. ബാക്കിയെല്ലാം പഴയത് പോലെ തന്നെ. രാജ്യത്തിന്റെ വികസന ഗാഥകളും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തലും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചെത്താനുള്ള ആഗ്രഹ പ്രകടനവുമെല്ലാം പതിവു പോലെ തന്നെ. തന്റെ 10ാമത് സ്വാതന്ത്രദിന പ്രസംഗത്തിലും എന്നത്തേയും പോലെ കളര്‍ഫുള്‍ ഡ്രസില്‍ തലപ്പാവ് ഒക്കെ ചുറ്റി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി.
പതിവുശൈലിയില്‍ മേരേ പ്യാരേ ദേശവാസിയോമും ഭായിയോ ഔര്‍ ബഹനോംമിനും പകരം എല്ലാരേയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി തുടങ്ങിയത് മേരെ പ്രിയ ഏക് സൗ ചാലീസ് കരോട് പരിവാര്‍ ജന്‍ എന്നാണ്. 140 കോടി ഇന്ത്യക്കാരെ അദ്ദേഹം തന്റെ കുടുംബക്കാരായി അഭിസംബോധന ചെയ്ത് തുടങ്ങിയ തന്റെ 10ാംമത് സ്വാതന്ത്രദിന സന്ദേശത്തില്‍ മണിപ്പൂര്‍ അടക്കം കാര്യങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരുന്നതിന്റെ ഉത്കണ്ഠയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരാമര്‍ശങ്ങളും പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്രദിന സന്ദേശത്തിലുണ്ടായിരുന്നു.
അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിതരാജ്യമാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോള്‍ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ മോദി മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു. രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂര്‍ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് സമാധാനം പുനസ്ഥാപിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മോദി വിശദീകരിക്കുന്നുണ്ട്. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവര്‍ത്തനങ്ങളാണെന്നും പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റുവെന്നും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് ഓര്‍ത്തെടുത്തു.
മേയ് 3ന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തിനെ തുടര്‍ന്ന് മാസങ്ങള്‍ മണിപ്പൂര്‍ എന്ന വാക്ക് മിണ്ടാതിരുന്ന പ്രധാനമന്ത്രിയെ ഒന്ന് മിണ്ടിക്കാന്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ട് നാള്‍ അധികമായിട്ടില്ല. എന്തായാലും പ്രധാനമന്ത്രി നേരത്തെ പറഞ്ഞ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ഇപ്പോഴും മണിപ്പൂര്‍ ഭരിക്കുന്നത്.
തന്റെ ഗവണ്‍മെന്റിന്റെ ‘നേട്ടങ്ങള്‍’ ആവര്‍ത്തിച്ച് വിവരിച്ച പ്രസംഗത്തില്‍ ഒന്നിലധികം തവണ, 2024 ലെ തെരഞ്ഞെടുപ്പിന് ശേഷം താന്‍ പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ മാറ്റത്തിനുള്ള മാനസികാവസ്ഥയാണ് 2014-ല്‍ തന്നെ അധികാരത്തിലെത്തിച്ചതെന്നും 2019-ല്‍ തന്റെ സര്‍ക്കാരിന്റെ ‘പ്രകടനം’ കണ്ടാണ് തനിക്ക് രണ്ടാം വട്ടവും ജനങ്ങള്‍ അവസരം നല്‍കിയതെന്നും അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞുകൊണ്ടേയിരുന്നു.
Read more
വിവിധ മേഖലകള്‍ക്ക് കോടികളുടെ പദ്ധതിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. അഴിമതിയും ‘പരിവാര്‍വാദവും അഥായത് കുടുംബാധിപത്യം പ്രീണനവും നമ്മുടെ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞ മോദി ഈ മൂന്ന് അസുഖങ്ങള്‍ക്കെതിരേയും പോരാടണമെന്ന് പറഞ്ഞു. അഴിമതിക്കെതിരെ പോരാടുകയെന്നത് മോദിയുടെ ചുമതലയാണെന്നും മോദി പറഞ്ഞു.