ജാമ്യം നിഷേധിച്ചു കൊണ്ട് പിടികൂടുന്നവരെ അനിശ്ചിതമായി തടവറയിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇഡി നയങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി സുപ്രീം കോടതി. ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അത്തരം ആളുകളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കാര്യങ്ങള്‍ നീട്ടി കൊണ്ടുപോകുന്ന നടപടിയേയാണ് ശക്തമായി സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നത്. വിചാരണ കൂടാതെ പ്രതികളെ ഫലപ്രദമായി ജയിലില്‍ അടയ്ക്കുന്ന ഇഡിയുടെ ഈ സമ്പ്രദായം കോടതിയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇഡിയടക്കം കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ നേതാക്കളേയും ബിജെപി താല്പര്യങ്ങള്ക്ക് എതിര് നില്‍ക്കുന്നവരേയും വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്തമായി ഉണ്ട്. ഇത്തരത്തില്‍ വിചാരണ നടക്കാതെ വിവിധ ജയിലുകളില്‍ ജാമ്യം കിട്ടാതെ ഇഡിയുണ്ടാക്കുന്ന സാങ്കേതികതയില്‍ കുടുങ്ങി ഒരുപാട് ബിജെപി വിമര്‍ശകരായ ആക്ടിവിസ്റ്റുകളും പ്രതികാര നടപടിയ്ക്ക് ഇരയായ ഉദ്യോഗസ്ഥരും ജയിലറകളിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡിയുടെ കുറ്റാരോപിതന് ജാമ്യം കിട്ടാതിരിക്കാനുള്ള നടപടി ക്രമങ്ങളെ ചൂണ്ടിക്കാണിച്ചുള്ള സുപ്രീം കോടതി വിമര്‍ശനം.
അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കീഴ് വഴക്കം അങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അനിശ്ചിതകാലത്തേക്ക് അന്വേഷണം തുടരുകയും പ്രതികളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന ഇഡി ഇപ്പോള്‍ സ്വീകരിക്കുന്ന രീതി കോടതിയെ അലോസരപ്പെടുത്തുന്നുണ്ട്. ഈ വിഷയം ഇങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാര്യ ഗൗരവത്തോടെ പരിശോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
‘അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിങ്ങള്‍ കുറ്റാപോപിതനെ അറസ്റ്റ് ചെയ്യരുത് എന്നതാണ് സ്ഥിര ജാമ്യത്തിന്റെ മുഴുവന്‍ ലക്ഷ്യം. നിങ്ങള്‍ക്ക് ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിചാരണ ആരംഭിക്കില്ലെന്ന് പറയാനും കഴിയില്ല. ഇത്തരത്തില്‍ ജാമ്യം നീട്ടികൊണ്ടുപോകാന്‍ അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്ന രീതി തുടരാനാവില്ല. ആ വ്യക്തി വിചാരണ കൂടാതെ ഇങ്ങനെ ജയിലില്‍ കഴിയുന്ന വസ്ഥ അനുവദിക്കാനാവില്ല.
ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് ജസ്റ്റിസ് ഖന്ന ഇത് പറയുന്നത് ഇഡിയുടെ ഒരു കേസില്‍ തുടര്‍ച്ചയായ കുറ്റപത്ര സമര്‍പ്പിക്കലും അന്വേഷണത്തിന്റെ ഇഴച്ചിലും മൂലം വിചാരണ നേരിടാതെ ഒരാള്‍ 18 മാസമായി ജയിലില്‍ കഴിയുന്ന കേസിലാണ്. നിങ്ങള്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാലതാമസമില്ലാതെ വിചാരണയ്ക്ക് അവസരം കൂടി ഒരുക്കണമെന്നും അന്വേഷണം തുടരുന്നുവെന്ന കീറാമുട്ടി പറയുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാതെ കുറ്റാരോപിതനെ ജയിലില്‍ തളച്ചിടുന്ന ഇഡിയുടെ രീതി പല സംസ്ഥാനങ്ങളിലും തുടര്‍കഥയാകുമ്പോഴാണ് സുപ്രീം കോടതിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായിയായ പ്രേം പ്രകാശ് എന്ന വ്യക്തി അനധികൃത ഖനന കേസിന്റെ പേരിലാണ് 18 മാസമായി വിചാരണയില്ലാതെ തടവില്‍ കിടക്കുന്നത്. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് പറഞ്ഞു അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോവുകയാണ് ഇഡി. ഹേമന്ത് സോറന് രാജിവെയ്ക്കാന്‍ കാരണവും ഇഡിയുടെ അറസ്റ്റും വേട്ടയാടലുമായിരുന്നു.
കുറച്ചു നാളുകള്‍ക്ക് മുമ്പ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ട് അറസ്റ്റ് നടപടികള്‍ റദ്ദ് ചെയ്ത് അന്വേഷണ ഏജന്‍സിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണ ഏജന്‍സി പ്രതികാരബുദ്ധിയാല്‍ പ്രവര്‍ത്തിക്കരുതെന്നും നീതിന്യായത്തിന്റെ ഏറ്റവും ഉന്നതിയില്‍ വേണം പ്രവര്‍ത്തിക്കാനെന്നും സുപ്രീം കോടതി ഇഡിയോട് പറഞ്ഞിരുന്നു.
Read more
സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം, കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുള്‍പ്പെടെ നിരവധി വ്യക്തികളെ സ്വാധീനിക്കാവുന്ന ഒന്നാണ്. പ്രത്യേകിച്ചും ഒന്നിലധികം കുറ്റങ്ങളും കുറ്റപത്രങ്ങളുമെല്ലാമായി വിചാരണയിലേക്ക് പോകാതെ തന്നെ ജയിലില്‍ കഴിയുന്ന നേതാക്കളുടെ കാര്യത്തില്‍.