ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയില്‍ കേന്ദ്രനേതൃത്വവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുണ്ടായ ചക്കിളത്തിപ്പോര് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതോടെ യോഗി ഇനി യുപി മുഖ്യമന്ത്രിയായി തുടരുമോയെന്ന ചോദ്യം ഉയരുകയും ചെയ്തു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ കോവിഡ് കാലത്ത് ലോകം പുറത്തറിഞ്ഞ യുപി മോഡല്‍ വികസന കഥയും യമുനയിലെ മൃതശരീരങ്ങളും പഴംങ്കഥയാക്കാന്‍ യോഗി ആദിത്യനാഥിന്റെ അനുയായികള്‍ വികസന പുരുഷനായി യോഗിയെ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് യൂണിവേഴ്‌സിയെ മറയാക്കി. മോദിയ്ക്ക് ശേഷം യോഗി എന്ന ക്യാമ്പെയ്‌നും ശക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതിന്റെ അതേ പാറ്റേണില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു പിഎം പിആര്‍ വര്‍ക്ക് നല്ലരീതിയില്‍ നടന്നുവരുന്ന കാലത്ത് ഇന്ത്യയില്‍ ഏത് സംസ്ഥാനങ്ങളിലെ പ്രശ്‌നം നടന്നാലും അഭിപ്രായ പറഞ്ഞു യോഗി രംഗത്തെത്താറുണ്ട്. ഇപ്പോള്‍ ത്രിഭാഷ നയവുമായി ബന്ധപ്പെട്ടാണ് എംകെ സ്റ്റാലിനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൊമ്പുകോര്‍ക്കുന്നത്.
എട്ട് കൊല്ലമായി യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് ഏറ്റവും കൂടുതല്‍ കൊല്ലം ഭരിക്കുന്ന മുഖ്യമന്ത്രിയായി കഴിഞ്ഞു. ഇനി ലക്ഷ്യം രാജ്യ ഭരിക്കലാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് യോഗിയുടെ ഇടപെടലെല്ലാം. വികസനത്തിന് വേണ്ടി എന്തും ചെയ്യുന്ന വികാസ് പുരുഷനാവാന്‍ കുംഭമേള അടക്കം ഉപയോഗിക്കുന്നുണ്ട് ഹിന്ദുത്വ ശക്തികള്‍. തുടക്കം മുതല്‍ തന്നെ ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്തുള്ള ചില കുറ്റവാളികളെ കര്‍ശനമായി നേരിടുന്നതിലൂടെ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് കാണിക്കാന്‍ ജനങ്ങള്‍ക്ക് ഇടയില്‍ വലിയ രോഷം ഉയര്‍ത്തിയ ബലാല്‍സംഗ കേസുകളിലെ പ്രതികളുടെ അടക്കം വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. അങ്ങനെ ബുള്‍ഡോസര്‍രാജ് എന്ന വാക്കും ഇന്ത്യ ഒന്നാകെ പ്രചാരത്തിലായി. പല നടപടികളും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ സ്വത്തുക്കള്‍ക്കെതിരെയുള്ള ബുള്‍ഡോസര്‍ നടപടി കുടുംബാംഗങ്ങളെ പെരുവഴിയിലാക്കുകയും ചെയ്തതോടെ യോഗിയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൂടി. കുറ്റവാളികളെ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലാതാക്കുന്നതും വിവിധ കേസുകളിലെ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നടപടിക്രമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കോടതികളുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.
വികാസ് സങ്കല്‍പ് യാത്ര പോലെ ഇപ്പോള്‍ മോദി ലൈനില്‍ വികസനവും സാമ്പത്തിക വളര്‍ച്ചയും കാണിച്ച് ഇമേജ് ശരിയാക്കാനുള്ള പുറപ്പാടിലാണ് യോഗി. ഒരു ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം വെച്ചു നിക്ഷേപ ഉച്ചകോടികള്‍ നടത്തി രാജ്യത്തെ പിന്നോക്ക സംസ്ഥാനങ്ങളിലൊന്നായ യുപിയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നിരവധി നയ മാറ്റങ്ങള്‍ വരുത്തി. അതിനിടയിലാണ് ഹിന്ദി ഹൃദയഭൂമിയില്‍ ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് വികാരം ഉയര്‍ത്താന്‍ തമിഴ്‌നാടിന്റെ ഇരട്ട ഭാഷ നയത്തെ എതിര്‍ത്ത് യോഗി രംഗത്ത് വന്നു. പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു യോഗി- സ്റ്റാലിന്‍ പോര് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി.
ഭാഷാ നയത്തിലും ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തിലും ന്യായമായ ഇടപെടല്‍ വേണമെന്ന തമിഴ്നാടിന്റെ ആഹ്വാനം രാജ്യവ്യാപകമായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ അണിചേരുമ്പോള്‍ ബിജെപിയെ ഇത് സ്വാഭാവികമായും അസ്വസ്ഥരാക്കി. എം കെ സ്റ്റാലിന്‍ മണ്ഡലപുനര്‍നിര്‍ണയത്തില്‍ കടുത്ത പ്രതികരണം നടത്തുമ്പോള്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രംഗത്തിറങ്ങി. ത്രിഭാഷാ ചര്‍ച്ചയെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിമുഖത്തെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യാഴാഴ്ച പറഞ്ഞത് ഇത് ‘രാഷ്ട്രീയ ബ്ലാക്ക് കോമഡി’ആണെന്നാണ്. യോഗി ആദിത്യനാഥാണ് ഇപ്പോള്‍ വെറുപ്പിനെ കുറിച്ച് നമുക്ക് ക്ലാസ് എടുക്കന്നതെന്ന പരിഹാസമാണ് സ്റ്റാലിന്റെ വാക്കുകളില്‍ മുഴച്ചുനിന്നത്.
ദ്വിഭാഷാ നയം, മണ്ഡലപുനര്‍നിര്‍ണ്ണയം എന്നിവയെക്കുറിച്ചുള്ള തമിഴ്നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു. ബിജെപി വ്യക്തമായി അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങള്‍ കാണുക. ഇപ്പോള്‍ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ദയവായി ഞങ്ങളെ വെറുതെവിടൂ. യോഗിയുടെ വാക്കുകള്‍ വിരോധാഭാസമല്ല മറിച്ച് ഇത് ഏറ്റവും ഇരുണ്ട പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡിയാണ്.
ഭാഷയുടെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടരുതെന്നും ഇത് മനസില്‍ വെച്ചാണ് കാശി-തമിഴ് സംഗമത്തിന്റെ മൂന്നാം പതിപ്പ് വാരണാസിയില്‍ പ്രധാനമന്ത്രി മോദി ജി സംഘടിപ്പിച്ചതെന്നുമാണ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞത്. സംസ്‌കൃതത്തോളം പുരാതനമായ ചരിത്രമുള്ള, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളില്‍ ഒന്നാണ് തമിഴ്. ഇന്ത്യന്‍ പൈതൃകത്തിന്റെ പല ഘടകങ്ങളും ഇപ്പോഴും ഭാഷയാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഓരോ ഇന്ത്യക്കാരനും തമിഴിനെ ബഹുമാനിക്കുകയും ചെയ്യുന്നു. അപ്പോള്‍, പിന്നെ എന്തിനാണ് ഹിന്ദിയെ വെറുക്കുന്നത് എന്ന ചോദ്യമാണ് ഇതില്‍ യോഗി ഉയര്‍ത്തിയത്. ഇതിന് മറുപടിയായി ഞങ്ങളൊരു ഭാഷയേയും വെറുക്കുന്നില്ലെന്നും പക്ഷേ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനേയും അതിരുകടന്ന അതിദേശീയതയും എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. മറിച്ച് ഇത് അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നാണ് സ്റ്റാലിന്റെ പ്രതികരണം.