ശരിയായ സമയത്ത് ആഹാരം കഴിക്കാം, വണ്ണം കുറയ്ക്കാം

വ്യായാമവും ആഹാരക്രമവും മാത്രമല്ല, ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയവും അവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഈ ശൈത്യകാലത്ത്. ആഘോഷങ്ങളിലും പാര്‍ട്ടികളിലും കഴിക്കാന്‍ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് മുന്നിലേക്ക് എത്തുന്നത്. ആഘോഷങ്ങള്‍ക്കും തണുപ്പിനും ഇടയില്‍ ഈ പ്രലോഭനങ്ങളെ ചെറുക്കാന്‍ പ്രയാസമാണ്. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഒരാള്‍ ശരീരഭാരം കുറയ്ക്കുന്നത്? ശരീരഭാരം കുറയ്ക്കുന്നത് വ്യായാമവും ആഹാരത്തിന്റെ അളവും മാത്രമല്ല, നിങ്ങളുടെ ജീവിതരീതി കൂടിയാണ്.

ആരോഗ്യകരമായ ജീവിതശൈലിയാണ് ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഉറപ്പുള്ള വഴി. ശരിയായ അളവില്‍ ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം പോരാ, നിങ്ങള്‍ ശരിയായ സമയത്ത് അത് കഴിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും മറ്റ് പ്രക്രിയകളെയും നിയന്ത്രിക്കുന്ന സ്വാഭാവിക പ്രക്രിയകളെ സഹായിക്കുന്നതിന് ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ഒരു ദിവസം കഴിക്കേണ്ട പ്രധാന ഭക്ഷണങ്ങളും അവ കഴിക്കാനുള്ള ശരിയായ സമയവും എന്തൊക്കെയാണെന്ന് നോക്കാം.

പ്രാതല്‍

ഒരു ദിവസത്തിന്റെ തുടക്കത്തില്‍ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം മുഴുവനുമുള്ള ഊര്‍ജ്ജത്തിന് ഉറവിടം എന്ന് പറയാറുണ്ട്. മറ്റ് ഏതു സമയത്തെ ഭക്ഷണം ഉപേക്ഷിച്ചാലും രാവിലത്തെ ആഹാരം വിട്ടു കളയരുത് എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ദിവസം മുഴുവന്‍ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നതിന് കനത്ത പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ദിവസത്തെ ആദ്യഭക്ഷണം ആരോഗ്യകരമാണെങ്കില്‍, അനാരോഗ്യകരവും സമയബന്ധിതമല്ലാത്തതുമായ ഭക്ഷണത്തോടുള്ള ആസക്തി കുറയും. പ്രഭാതഭക്ഷണം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 7 മണിക്ക് ശേഷമാണ്.9 മണിക്ക് മുമ്പായി കഴിച്ച് ഇരിക്കുകയും വേണം.

ഉച്ചഭക്ഷണം

വയറു നിറയെ ഉച്ചഭക്ഷണം കഴിക്കുന്നത് ആര്‍ക്കും ഒരു ദോഷവും വരുത്തുന്നില്ല. വാസ്തവത്തില്‍, നല്ല സമീകൃതവും ആരോഗ്യകരവുമായ ഉച്ചഭക്ഷണം ശരീരത്തിന് ദീര്‍ഘനാളത്തേക്ക് ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും നിറഞ്ഞ ഉച്ചഭക്ഷണം നിങ്ങളെ നിറയ്ക്കുന്ന ഒരു നല്ല ഭക്ഷണമായിരിക്കണം. ഉച്ചഭക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം 12:30 നും 1 മണിക്കും ഇടയിലാണ്.

അത്താഴം

ശരീരഭാരം കുറയ്ക്കാന്‍, അത്താഴം വളരെ പ്രധാനമാണ്. കൃത്യസമയത്ത് അത്താഴം കഴിക്കുന്നതും. നേരത്തെയുള്ള അത്താഴം ശരീരഭാരം കുറയ്ക്കാനും മികച്ച ശരീരഘടനയ്ക്കും നല്ലതാണ്. വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുന്നു, മാത്രമല്ല നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുമ്പോള്‍ ദഹനത്തിന്റെ മുഴുവന്‍ പ്രക്രിയയും മന്ദഗതിയിലാണെങ്കിലും ശരിയായി നടക്കില്ല. ഇത് മാത്രമല്ല, രാത്രി വൈകിയുള്ള ഭക്ഷണം നിങ്ങളുടെ ഉറക്കം കെടുത്തുന്നു. നേരത്തെ കഴിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുകയും ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വൈകി ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ശരീരഭാരം കുറയുന്നതായി വിദഗ്ധര്‍ പറയുന്നു.

അതിനാല്‍ രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇടുപ്പിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിന്റെ ഉള്ളടക്കവും സമയവും നിയന്ത്രിക്കുന്നത് ടാര്‍ഗെറ്റ് ഭാരവും ആരോഗ്യകരമായ ജീവിതശൈലിയും കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. രാത്രി 7 മണിക്ക് മുമ്പായി പോയി അത്താഴം കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. അതിനുശേഷം വീണ്ടും വിശക്കുകയാണെങ്കില്‍ ഒരു ആപ്പിളോ ഓറഞ്ചോ കഴിക്കാം.