പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന് കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ അര്‍ഹയായി. ദുബായിലെ അറ്റ്ലാന്റിസ് ദി പാമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ് സമ്മാനിച്ചു. മറ്റ് 9 ഫൈനലിസ്റ്റുകള്‍ക്കുള്ള സമ്മാനത്തുകയും ചടങ്ങില്‍ കൈമാറി.
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരാണ് പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ മത്സരരംഗത്തുണ്ടായിരുന്നത്. അവരില്‍ നിന്നും മികച്ച 10 ഫൈനലിസ്റ്റുകളെ ഏപ്രില്‍ 26-ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫൈനലിസ്റ്റുകളെ പൊതു വോട്ടിങ്ങ് പ്രക്രിയയ്ക്ക് വിധേയരാക്കുകയും, ഗ്രാന്‍ഡ് ജൂറി അന്തിമ വിലയിരുത്തല്‍ നടത്തുകയും ചെയ്തതിന് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്.
അന്ന ഖബാലെ ദുബ അവരുടെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ ബിരുദധാരിയും, തന്റെ കുടുംബത്തിലെ വിദ്യാഭ്യാസം നേടിയ ഏക കുട്ടിയുമായിരുന്നു. ആശ്വാസകരമല്ലാത്ത സാമൂഹിക സാഹചര്യങ്ങളെ മറികടക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും സാക്ഷരതയും, വിദ്യാഭ്യാസവും മനുഷ്യരെ പ്രാപ്തരാക്കുമെന്ന തിരിച്ചറിവുമാണ് വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ അന്നയെ പ്രേരിപ്പിച്ചത്. നഴ്സിങ്ങ് പഠന സമയത്ത് തന്നെ അവര്‍ മിസ് ടൂറിസം കെനിയ 2013 പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു. തന്റെ സമൂഹത്തിലെ ലിംഗസമത്വത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി വാദിക്കാന്‍ അവര്‍ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി. ഖബാലെ ദുബ ഫൗണ്ടേഷന്റെ കീഴില്‍ തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്കും, ഉച്ചതിരിഞ്ഞ് മുതിര്‍ന്നവര്‍ക്കും പഠിക്കാന്‍ കഴിയുന്ന ഒരു സ്കൂള്‍ നിര്‍മിച്ചു. അവരുടെ ഈ കമ്മ്യൂണിറ്റി സാക്ഷരതാ ഉദ്യമത്തില്‍ നിലവില്‍ 150 കുട്ടികളും 100 മുതിര്‍ന്നവരും പഠിതാക്കളായുണ്ട്.
ഇന്ന് ഈ അഭിമാനകരമായ അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയശേഷം അന്ന ഖബാലെ ദുബ പറഞ്ഞു. ആരോഗ്യ പരിചരണ മേഖലയ്ക്കും, നഴ്സിങ്ങ് സമൂഹത്തിനും അന്ന ഖബാലെ നല്കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. അന്ന ഖബാലെയുടെ ജീവിത കഥ അനേകമാളുകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ നഴ്സുമാര്‍ക്കും പറയാനുള്ളത് അവിശ്വസനീയമായ കഥകളാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു. സേവന സന്നദ്ധതയുടെ ഈ കഥകള്‍ ലോകത്തിന് മുന്നില്‍ ആഘോഷിക്കാനും, അവതരിപ്പിക്കാനും ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പോലുള്ള ഒരു വേദി ഒരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബാക്കിയുള്ള 9 ഫൈനലിസ്റ്റുകളായ, കെനിയയില്‍ നിന്നുള്ള ദിദ ജിര്‍മ ബുള്ളെ; യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ, യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നുള്ള ജാസ്മിന് മുഹമ്മദ് ഷറഫ്, യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള ജൂലിയ ഡൊറോത്തി ഡൗണിംഗ്, ഇന്ത്യയില്‍ നിന്നുള്ള ലിന്‍സി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി, ഓസ്ട്രേലിയയില്‍ നിന്നുള്ള മാത്യു ജെയിംസ് ബോള്‍, യുഎസില്‍ നിന്നുള്ള റേച്ചല്‍ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനി എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
Read more
യുഎഇ കാബിനറ്റ് അംഗവും ആരോഗ്യ-പ്രതിരോധ മന്ത്രിയും, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഫേഴ്സ് മന്ത്രിയുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ അല്‍ അമീരി, ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ അവാദ് സഗീര്‍ അല്‍ കെത്ബി, ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്പ്പറേഷന് സിഇഒ ഡോ. അമര്‍ അഹമ്മദ് ഷെരീഫ്, ദുബായ് കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ദ്രായി, ദുബായ് കെയര്‍സ് സിഇഒ ഡോ. താരിഖ് അല്‍ ഗുര്‍ഗ്, മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങി യുഎഇയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രാസ് അദാനോം ഗെബ്രിയേസസ് പ്രത്യേക വീഡിയോസന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.