പണ്ട് ചെറുകാറുകൾക്കും സെഡാനുകൾക്കും സ്വാധീനമുണ്ടായിരുന്ന ഇന്ത്യൻ വിപണി ഇപ്പോൾ എസ്‌യുവികളുടെ പുറകെയാണ്. അതിൽ കോംപാക്ട് എസ്‌യുവികൾക്കാണ് ആവശ്യക്കാർ കൂടുതൽ എന്ന് പറയാം. ഇപ്പോഴിതാ ഒരു പുത്തൻ എസ്‌യുവിയുമായി ഇന്ത്യയിലേക്ക് വരാനൊരുങ്ങുകയാണ് കൊറിയൻ വാഹന ഭീമന്മാരായ കിയ.
കിയ ക്ലാവിസ് എന്ന പേര് ഇന്ത്യയിൽ ട്രേഡ്മാർക്ക് ചെയ്തതായാണ് റിപോർട്ടുകൾ. അതുകൊണ്ട് തന്നെ ഈ പേര് എസ്‌യുവിയ്ക്ക് ലഭിക്കാനാണ് സാധ്യത. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദക്ഷിണ കൊറിയയിൽ ഈ കാർ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്പൈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.
വാഹന പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ച കാറുകളിലൊന്നാണ് കിയ ക്ലാവിസ്. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ വരുന്ന വാഹനമാണ് ക്ലാവിസ് എന്നതിനാൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളായ ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റർ എന്നിവയുമായിട്ടായിരിക്കും ഏറ്റുമുട്ടുക എന്നായിരുന്നു ആദ്യം വന്ന റിപോർട്ടുകൾ.
രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ കിയ ക്ലാവിസ് വരാനാണ് സാധ്യത. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിരിക്കും അത്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് AMT, 6 സ്പീഡ് IMT, 7 സ്പീഡ് DCT ഗിയർബോക്സ് ഓപ്ഷനുകളും വാഗ്‌ദനം ചെയ്‌തേക്കാം.
ഇലക്ട്രിക് സൺറൂഫ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ കിയയിൽ ഉൾപ്പെടുത്തിയേക്കാം. അടുത്ത സാമ്പത്തിക വർഷം എസ്‌യുവി വിപണിയിൽ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2024 അവസാനമോ 2025 തുടക്കത്തിലോ എസ്‌യുവി വില്പനയ്ക്ക് എത്താനാണ് സാധ്യത.
ഏകദേശം 6 ലക്ഷം രൂപ മുതലാണ് എക്‌സ്റ്ററിന്റെയും പഞ്ചിന്റെയും പ്രാരംഭ എക്‌സ്‌ഷോറൂം വില വരുന്നത് എന്നാണ് റിപോർട്ടുകൾ. കിയ ക്ലാവിസും താങ്ങാവുന്ന വിലയിലാകും എത്തുക എന്നാണ് റിപോർട്ടുകൾ.
കൊറിയൻ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുന്ന രണ്ട് ജനപ്രിയ മോഡലുകളാണ് മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ സെൽറ്റോസും സബ് 4 മീറ്റർ എസ്‌യുവി വിഭാഗത്തിലെ സോനെറ്റും. പഞ്ച്, എക്‌സ്റ്റർ എന്നീ മോഡലുകളേക്കാൾ വലിപ്പമുണ്ടെന്നാണ് കിയ ക്ലാവിസിന്റെ സ്‌പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് കിയ സോനെറ്റിനും കിയ സെൽറ്റോസിനും ഇടയിലായിരിക്കും ക്ലാവിസ് സ്ഥാനം പിടിക്കുക.
Read more
ഏകദേശം 9 ലക്ഷം രൂപയായിരിക്കാം ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. കാരണം ഇന്ത്യൻ വിപണിയിൽ കിയ സോനെറ്റിന്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയും കിയ സെൽറ്റോസിന് 10.90 ലക്ഷം രൂപയുമാണ്. ഇവ എക്സ് ഷോറൂം വിലകളാണ്.