ഇന്ധനം നിറയ്ക്കാൻ 5 മിനിറ്റ് പോലും വേണ്ട; 700 കി.മീ റേഞ്ചുള്ള ഹൈഡ്രജൻ ഇലക്‌ട്രിക് കാറിന് പുത്തൻ മുഖം !

പുതിയ ഹ്യുണ്ടായ് നെക്‌സോ ഹൈഡ്രജൻ ഫ്യുവൽ സെൽ എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് ഹ്യുണ്ടായ്. കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണിത്. ആരേയും കൊതിപ്പിക്കുന്ന ലുക്കിലാണ് ഹൈഡ്രജൻ ഇലക്ട്രിക് കാറിനെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിയെടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കാണുന്ന ആധുനിക ഹ്യുണ്ടായ് കാറുകൾക്ക് സമാനമാണിപ്പോൾ പുതുതലമുറ നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാറിന്റെ ഡിസൈൻ.  ഇനിഷ്യം കൺസെപ്‌റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ നെക്‌സോയിൽ വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ ഒ ബുദ്ധിമുട്ടും.

നെക്സോയുടെ പ്രൊഡക്ഷൻ പതിപ്പ് ഇനീഷ്യം കൺസെപ്റ്റിന് സമാനമായി കാണപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ടോൺഡ് ഡൗൺ അലോയ് വീലുകൾ, റൂഫ് കാരിയർ, ക്വാഡ്-പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ് എന്നിവ ഒഴികെ പ്രൊഡക്ഷൻ-സ്പെക്ക് നെക്‌സോയും ഇനിഷ്യം കൺസെപ്‌റ്റും സമാനമാണ്. ഫ്യുച്ചറിസ്റ്റിക്കും പരുക്കനുമായ എസ്‌യുവി ആകർഷണം കാരണം മൊത്തത്തിലുള്ള ലുക്ക് മനോഹരമാണ്. ഡബിൾ ഡാഷ് എൽഇഡി ഡിആർഎൽ, മുന്നിൽ ക്വാഡ് പിക്സൽ എൽഇഡി ലൈറ്റിംഗ്, റഗ്ഗഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയെല്ലാം നെക്സോയ്ക്ക് പ്രീമിയം കാർ ഫീൽ സമ്മാനിക്കുന്നു.

വലിയ അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സോർട്ട-ട്രയാഗിംൾ റിയർ ക്വാർട്ടർ ഗ്ലാസ്, റൂഫ് റെയിലുകൾ, റിയർ വ്യൂ ക്യാമറകൾ, എസ്‌യുവി പ്രൊഫൈൽ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, മറ്റ് ബോഡി ക്ലാഡിംഗ് ഘടകങ്ങൾ എന്നിവ കൂടിയാവുമ്പോൾ ഹ്യുണ്ടായ്‌യുടെ പുതിയ നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ മൊത്തത്തിൽ കിടിലനാകുന്നുണ്ട്. ഇന്റീരിയറും ഫ്യൂച്ചറിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫോടെയ്ൻമെൻ്റും ഇൻസ്ട്രുമെൻ്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, റിയർ വ്യൂ ക്യാമറ ഫീഡിനായി രണ്ട് ഡിസ്‌പ്ലേകൾ, ഡിജിറ്റൽ ഐആർവിഎം, 12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, സ്ലിം ടാബ് ആകൃതിയിലുള്ള ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ, 14 സ്പീക്കർ ബാംഗ് ആൻഡ് ഒലുഫ്‌സെൻ മ്യൂസിക് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളാൽ ഇന്റീരിയർ സമ്പന്നമാണ്.

2.64 kWh ബാറ്ററി പായ്ക്കുമായാണ് ഹ്യുണ്ടായ് നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ അവതരിച്ചിരിക്കുന്നത്. 201 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഒപ്പം ഹൈഡ്രജൻ ഫ്യൂവൽ സെൽ സ്റ്റാക്കും വാഹനത്തിൽ നൽകിയിട്ടുണ്ട്. 6.69 കിലോഗ്രാം ഹൈഡ്രജൻ ടാങ്കാണ്
പുതിയ നെക്‌സോ ഹൈഡ്രജൻ ഇവിക്ക് ലഭിക്കുന്നത്. ഒരു ഫില്ലിംഗിൽ ഹ്യുണ്ടായ് നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാറിന് പരമാവധി 700 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാൻ സാധിക്കും. ഇവി റീചാർജ്ജിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡ്രജൻ നിറയ്ക്കാൻ അഞ്ച് മിനിറ്റ് പോലും സമയം വേണ്ടിവരില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വാഹനം ഇന്ത്യൻ വിപണിയിലേക്ക് കൂടി കടന്നു വരാനുള്ള സാധ്യതയുണ്ട്.