അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ കരുത്തില്‍ കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 61 പേയിന്റുകളാണ് ഉയര്‍ന്നത്. സെന്‍സെക്‌സ് 301 പോയിന്റ് ഉയര്‍ന്ന് 76,795ലാണ് രാവിലെ 11ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മുതലാണ് അദാനിയുടെ ഓഹരികള്‍ കുതിപ്പ് തുടങ്ങിയത്. ഇന്നും വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഈ കുതിപ്പ് നിലനിര്‍ത്താന്‍ അദാനിക്കായി.
ഇന്നലെയും ഇന്നും അദാനി പവറിന്റെ ഓഹരി വിലയാണ് ഏറ്റവുമധികം ഉയര്‍ന്നത്; 19.77 ശതമാനം നേട്ടവുമായി 539.15 രൂപയിലായിരുന്നു ക്ലോസിങ്. ഇന്ന് 15 രൂപ വര്‍ധിച്ച് 553ലാണ് അദാനി പവര്‍ വ്യാപാരം നടത്തുന്നത്.
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില 13.22 ശതമാനം ഉയര്‍ന്ന് ഇന്നലെ 1,007.55 രൂപയിലെത്തിയപ്പോള്‍, ഇന്ന് വിപണി തുറന്നപ്പോള്‍ തന്നെ 3.40 ശതമാനം ഉയര്‍ന്ന് 1041 രൂപയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ അദാനി എനര്‍ജി സൊലൂഷന്‍സിന്റേത് 12.06 ശതമാനം ഉയര്‍ന്ന് 771.50 രൂപയായിരുന്നു. ഇന്നത് 783 രൂപയായിട്ടുണ്ട്. ഇന്നലെ അദാനി എന്റര്‍പ്രൈസസ് (7.12 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (6.52 ശതമാനം), എന്‍.ഡി.ടി.വി. (5.63 ശതമാനം), അദാനി പോര്‍ട്സ് (4.77 ശതമാനം), എ.സി.സി. (4.65 ശതമാനം), അംബുജ സിമന്റ്സ് (4.48 ശതമാനം), അദാനി വില്‍മര്‍ (1.71 ശതമാനം) എന്നിവയും മികച്ച നേട്ടത്തോടെയാണ് അവസാനിച്ചത്. ഇതോടെ, ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യത്തില്‍ 1.04 ലക്ഷം കോടി രൂപയുടെ നേട്ടം ഒറ്റദിവസം കൊണ്ട് ഉണ്ടായി.
Read more
അദാനി എനര്‍ജി സൊലൂഷന്‍സിന്റെ വൈദ്യുതി പ്രസരണ ശൃംഖല 26,485 സര്‍ക്യൂട്ട് കിലോമീറ്ററായി ഉയര്‍ന്നതായുള്ള വാര്‍ത്തയാണ് നേട്ടത്തിനു പിന്നില്‍. യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തുന്നത് അദാനി ഗ്രൂപ്പിന് വിദേശ ഫണ്ട് സമാഹരണം എളുപ്പമാക്കുമെന്ന പ്രതീക്ഷയും ഗ്രൂപ്പ് ഓഹരികളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.