കേരളത്തിന്റെ സ്വന്തം 'ബേബി'; സിപിഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബി

24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് എംഎ ബേബി  ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഡിഎല്‍ കാരാഡ് ആയിരുന്നു എംഎ ബേബിയ്‌ക്കെതിരെ മത്സരിച്ചത്.

കേരളഘടകത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്  ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെത്തിയത്. നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യകാലത്ത് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എംവി ഗോവിന്ദനെ പരിഗണിച്ചപ്പോള്‍ ബേബിയെ പരിഗണിച്ചിരുന്നില്ല.

യച്ചൂരിയുടെ മരണത്തിന് പിന്നാലെയും എംഎ ബേബിയുടെ പേര് ദേശീയ നേതൃത്വത്തിലേക്ക് അനൗദ്യോഗിക ചര്‍ച്ചകളായി എത്തിയിരുന്നു. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിവസമാണ് ബേബിയെ പിന്തുണയ്ക്കാന്‍ കേരള ഘടകം തീരുമാനിച്ചത്. പ്രകാശ് കാരാട്ടിന്റെയും വൃന്ദാ കാരാട്ടിന്റെയും ഇടപെടല്‍ ഇതില്‍ നിര്‍ണായകമായി.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കൊല്ലത്ത് നിന്നുള്ള പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വവുമായി ബേബി അകലം പാലിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ പിണറായി വിജയന്റെ പരനാറി പരാമര്‍ശത്തില്‍ മനംനൊന്ത് പരാജയത്തിനു പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള നീക്കംവരെ ബേബി നടത്തിയിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നു അദ്ദേഹം പ്രതികരിച്ചിരുന്നു. കരാഡ് മാത്രമാണ് മത്സരിച്ചത്. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യമെന്നും കാരാഡ് പറഞ്ഞു.