പേയ്ടിഎമ്മിന്റെ തലക്കടിച്ച് റിസര്‍വ് ബാങ്ക്; ഓഹരികള്‍ കുത്തനെ വീണു; ആപ്പ് ഉപഭോക്താക്കള്‍ ജാഗ്രതൈ!, അടുത്ത മാസം മുതല്‍ കടുത്ത നിയന്ത്രണം

പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടിയില്‍ ഓഹരികള്‍ കൂപ്പുകുത്തി. പേയ്ടിഎം ഓഹരിവില ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ കനത്ത വില്‍പന സമ്മര്‍ദ്ദത്തിലാണ്. ജെഫറീസ് അടക്കമുള്ള ബ്രോക്കറേജുകള്‍ പേയ്ടിഎം ഓഹരികളെ ഡൗണ്‍ഗ്രേഡ് ചെയതതും ആഘാതം കൂട്ടിയിട്ടുണ്ട്. നിലവില്‍ 19.99 ശതമാനം ഇടിഞ്ഞ് 609 രൂപയിലാണ് ഓഹരി വിലയുള്ളത്. റിസര്‍വ് ബാങ്കിന്റെ നടപടി വരുമാനത്തില്‍ 300-500 കോടി രൂപയുടെ ഇടിവ് ഉണ്ടാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പേടിഎം പേയ്മെന്റ് ബാങ്ക് തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നും അതുമൂലം ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യരുത്, ഉപയോക്താക്കളുടെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന വാലറ്റുകളും ഫാസ്ടാഗുകളും ടോപ്പ്അപ്പ് ചെയ്യരുത് എന്നീ നിര്‍ദേശങ്ങളും ആര്‍.ബി.ഐ. നല്‍കിയിട്ടുണ്ട്.

അടുത്ത മാസത്തിന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശമാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്.
പേയ്ടിഎം ബാങ്കിന്റെ സേവിങ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വോലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ ഇനി പണം നിക്ഷേപിക്കാനാകില്ല.

അതേസമയം, 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനോ തടസ്സമില്ല. എന്നാല്‍, ബാലന്‍സ് തുക തീര്‍ന്നാല്‍ പിന്നീട് സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല.

29ന് ശേഷം പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിലേക്ക് മറ്റുള്ളവര്‍ക്കും പണമയയ്ക്കാനാകില്ല. എന്നാല്‍ അക്കൗണ്ടിലും വോലറ്റിലുമുള്ള തുകയുടെ പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് തുടങ്ങിയവ ലഭിക്കും. നോഡല്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഉള്ളതിനാല്‍ കടകളില്‍ പേയ്ടിഎം ക്യുആര്‍ കോഡ് ഉപയോഗിച്ച് പണം സ്വീകരിക്കുന്നതിനെയും ബാധിക്കും.

Read more

2022 മാര്‍ച്ച് മുതല്‍ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ മുന്‍പ് നിര്‍ദേശിച്ചിരുന്നു. പേയ്ടിഎം ബാങ്കില്‍ പരോക്ഷമായ ഓഹരിയുള്ള ചൈനീസ് കമ്പനികളുമായി ഡേറ്റ പങ്കുവച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താന്‍ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.